കര്‍ണാടകയിലെ കോളജില്‍ ഹിജാബണിഞ്ഞെത്തിയ അഞ്ച് വിദ്യാര്‍ത്ഥിനികളെ പുറത്താക്കി; കാവി ഷാള്‍ അണിഞ്ഞ് ഹിന്ദുത്വ വിദ്യാര്‍ഥികള്‍
മംഗളൂരു: കര്‍ണാടകയിലെ കോളജില്‍ വീണ്ടും ശിരോവസ്ത്രത്തിനു വിലക്ക്. ചിക്കമഗളുരു സര്‍ക്കാര്‍ കോളജിലാണ് ഹിജാബിനു വിലക്കേര്‍പ്പെടുത്തിയത്. കാംപസില്‍ ഹിജാബണിഞ്ഞെത്തിയ അഞ്ച് വിദ്യാര്‍ത്ഥിനികളെ പ്രിന്‍സിപ്പല്‍ പുറത്താക്കി. കാവി ഷാള്‍ ധരിച്ച് ഹിന്ദുത്വ പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ കോളജില്‍ എത്തുകയും മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ ശിരോവസ്ത്രം അണിഞ്ഞാല്‍ തങ്ങള്‍ ഈ ഷാള്‍ അണിയുമെന്ന് അറിയിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നായിരുന്നു നടപടി.
കാംപസില്‍ മറ്റെവിടെ വേണമെങ്കിലും ശിരോവസ്ത്രം അണിയാമെന്നും ക്ലാസില്‍ കയറുമ്പോള്‍ ഹിജാബ് അഴിച്ചുവെക്കണം എന്നുമാണ് കോളജ് അധികൃതര്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്കിടെ രണ്ടാം തവണയാണ് ഹിജാബിനെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ രംഗത്തുവരുന്നത്. കഴിഞ്ഞ വര്‍ഷം, ഹിജാബ് ധരിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ശിരോവസ്ത്രം യൂനിഫോം കോഡിനു വിരുദ്ധമാണെന്നാണ് ഇവര്‍ മുന്നോട്ടുവെക്കുന്ന വാദം.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഉഡുപ്പി സര്‍ക്കാര്‍ വനിതാ കോളജിലും ഹിജാബുമായി ബന്ധപ്പെട്ട് പ്രശ്‌നമുണ്ടായിരുന്നു. ഹിജാബ് ധരിച്ചെത്തിയ മുസ്‌ലിം വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ കയറ്റാതെ പുറത്താക്കിയത് പ്രതിഷേധങ്ങള്‍ക്കിടയായി. പിന്നീട് കലക്ടര്‍ ഇടപെട്ട് ഇവര്‍ക്ക് ക്ലാസില്‍ കയറാന്‍ അനുമതി നല്‍കി. മൂന്ന് ദിവസമാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് കോളജില്‍ പ്രവേശനം നിഷേധിച്ചത്.
കോളജ് കാംപസിനകത്ത് അറബിയും ഉറുദുവും ബ്യാരി ഭാഷയും സംസാരിക്കരുതെന്നും ഉഡുപ്പി കോളജ് പ്രിന്‍സിപ്പല്‍ ഉത്തരവിട്ടിരുന്നു. ഹിന്ദി, കന്നഡ, കൊങ്കിണി, തുളു ഭാഷകളില്‍ മാത്രമേ കോളജ് വളപ്പില്‍ സംസാരിക്കാന്‍ പാടുള്ളൂ എന്നായിരുന്നു ഉത്തരവ്. ഇതും വിവാദമായി. രണ്ട് വിഷയങ്ങളിലും കോളജ് അധികൃതരുമായി രക്ഷിതാക്കള്‍ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനം ആയിട്ടില്ല.