ഹിജാബ് ധരിച്ച മെഡിക്കല്‍ വിദ്യാര്‍ഥിനിയോട് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് ഭീഷണി

സംഭവത്തെ കുറിച്ച് ലോക്കല്‍ പോലിസില്‍ പരാതിപ്പെട്ടപ്പോള്‍ ആദ്യം പരാതി സ്വീകരിക്കാന്‍ തയ്യാറായില്ല. പിന്‍വാങ്ങില്ലെന്ന് ഉറപ്പായതോടെ ഭീഷണിപ്പെടുത്തി എന്ന വാക്ക് ഒഴിവാക്കിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

Update: 2019-05-28 01:06 GMT

കൊല്‍ക്കത്ത: ഹിജാബ് ധരിച്ച വിദ്യാര്‍ഥിനിയെ പിന്തുടര്‍ന്ന് ജയ് ശ്രീറാം വിളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വസംഘം ഭീഷണിപ്പെടുത്തി. വടക്കന്‍ ബംഗാളിലെ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ 23കാരിയെയാണ് ശനിയാഴ്ച കാംപസിനുള്ളില്‍ കയറി 12 അംഗ സംഘം ഭീഷണിപ്പെടുത്തിയത്. കാന്റീനില്‍ നിന്ന് രാത്രി 10ഓടെ ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെയാണു സംഭവമെന്നു യുവതി പറഞ്ഞു. ഈ സമയം 10-12 പേരടങ്ങുന്ന സംഘം റോഡില്‍ നില്‍ക്കുകയായിരുന്നു. ഇവരെ ശ്രദ്ധിക്കാതെ ഞങ്ങള്‍ നടന്നുപോവുന്നതിനിടെ, ഹിജാബ് ശ്രദ്ധയില്‍പെട്ട സംഘം ആക്രോശിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. ഞങ്ങളെ വിരല്‍ചൂണ്ടി ജയ് ശ്രീറാം എന്ന് വിളിക്കാന്‍ ആക്രോശിച്ചു. പ്രതികളെ അതിനു മുമ്പ് കാംപസില്‍ കണ്ടിട്ടില്ലെന്നു വിദ്യാര്‍ഥിനി പറയുന്നു. സംഭവത്തെ കുറിച്ച് ലോക്കല്‍ പോലിസില്‍ പരാതിപ്പെട്ടപ്പോള്‍ ആദ്യം പരാതി സ്വീകരിക്കാന്‍ തയ്യാറായില്ല. പിന്‍വാങ്ങില്ലെന്ന് ഉറപ്പായതോടെ ഭീഷണിപ്പെടുത്തി എന്ന വാക്ക് ഒഴിവാക്കിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതു ശ്രദ്ധയില്‍പെട്ട വിദ്യാര്‍ഥിനി പ്രതിഷേധിച്ചതോടെ പിറ്റേന്ന് വീണ്ടും ഭീഷണിപ്പെടുത്തിയെന്ന പരാമര്‍ശം കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ''ഞാന്‍ ഹിജാബ് ധരിക്കുന്ന മുസ്‌ലിമാണ്. എപ്പോഴും ഹിജാബ് ധരിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള അവഹേളനം ജീവിതത്തില്‍ ആദ്യമാണ്. ആ സമയം റോഡില്‍ ഞങ്ങളുടെ സഹായത്തിന് ആരുമുണ്ടായിരുന്നില്ല. ഇപ്പോള്‍ ഞങ്ങള്‍ ഇങ്ങനെയാണ് കഴിയുന്നതെന്നും വിദ്യാര്‍ഥിനി പറഞ്ഞു.

    ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം മുസ്‌ലിംകള്‍ക്കെതിരേ മതത്തിന്റെ പേരില്‍ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്. ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ നേതാവും സിപിഐ പ്രതിനിധിയുമായ കനയ്യ കുമാര്‍ മല്‍സരിച്ച ബെഗുസരായിയില്‍ കഴിഞ്ഞ ദിവസം വ്യാപാരിയെ പേരു ചോദിച്ച ശേഷം വെടിയുതിര്‍ത്തിരുന്നു. സമാനസംഭവത്തില്‍ നമസ്‌കാരം കഴിഞ്ഞു വരികയായിരുന്ന യുവാവിനോട് തൊപ്പി അഴിക്കാനും ജയ് ശ്രീറാം എന്നു വിളിക്കാനും ആവശ്യപ്പെട്ട് തല്ലിച്ചതക്കുകയും ചെയ്തിരുന്നു.




Tags:    

Similar News