ഓപറേഷന്‍ തിയേറ്ററില്‍ നഴ്‌സിനു മര്‍ദ്ദനം: ഡോക്ടര്‍ക്കു സസ്‌പെന്‍ഷന്‍

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍ കണ്‍വീനറായി മൂന്നംഗ സമിതിയെ നിയോഗിക്കുകയും ചെയ്തു

Update: 2019-06-18 15:58 GMT

കണ്ണൂര്‍: ഓപറേഷന്‍ തിയേറ്ററില്‍ ശസ്ത്രക്രിയയ്ക്കിടെ നഴ്‌സിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡോക്ടറെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജിലെ സര്‍ജറി വിഭാഗം മേധാവി ഡോ. കുഞ്ഞമ്പുവിനെയാണ് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ നാംദേവ് സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിട്ടത്. ഇക്കഴിഞ്ഞ 12ന് കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്കിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന റോസമ്മ മാണിയെ ശാസ്ത്രക്രിയ ഉപകരണങ്ങള്‍ കൊണ്ട് മര്‍ദ്ദിച്ചെന്നാണ് പരാതി. മര്‍ദ്ദനത്തില്‍ കൈയൊടിഞ്ഞ റോസമ്മ പ്രിന്‍സിപ്പലിന് നല്‍കിയ പരാതിയെ തുടര്‍ന്ന് ഡോ. എന്‍ റോയ് അന്വേഷണം നടത്തി സര്‍ക്കാറിന് റിപോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍. അതിനിടെ, സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍ കണ്‍വീനറായി മൂന്നംഗ സമിതിയെ നിയോഗിക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. സംഭവത്തില്‍ ഡോക്ടറെ സസ്‌പെന്റ് ചെയ്ത് അന്വേഷണം നടത്തി കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി കെ കെ ശൈലജയ്ക്കു പരിയാരം മെഡിക്കല്‍ കോളജ് എംപ്ലോയീസ് യൂനിയന്‍(സിഐടിയു) പരാതി നല്‍കിയിരുന്നു.




Tags:    

Similar News