ഭക്ഷ്യ വിഷബാധ: കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന നഴ്സ് മരിച്ചു
ഗാന്ധിനഗര്‍: ഭക്ഷ്യ വിഷബാധയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന നഴ്സ് മരിച്ചു. കോട്ടയം തിരുവാര്‍പ്പ് പാലത്തറ രാജു അംബിക ദമ്പതികളുടെ മകളും തിരുവനന്തപുരം പ്ലാമുട്ടുക്കട തോട്ടത്ത് വിളാക്കത്ത് വിനോദ്കുമാറിന്റെ ഭാര്യയും കോട്ടയം മെഡിക്കല്‍ കോളജ് അസ്ഥിരോഗ വിഭാഗം തീവ്രപരിചരണ വിഭാഗത്തിലെ നഴ്സിങ് ഓഫിസറുമായ രശ്മി രാജ് (32) ആണ് മരിച്ചത്. കഴിഞ്ഞ 29നാണ് കോട്ടയം സംക്രാന്തിയിലുള്ള ഹോട്ടലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത് വരുത്തിയ അല്‍ഫാം രശ്മി കഴിച്ചത്.
മെഡിക്കല്‍ കോളജ് നഴ്സിങ് ഹോസ്റ്റലിലാണ് താമസിക്കുന്നത്. ഭക്ഷണം കഴിച്ച് രാത്രിയായപ്പോള്‍ ഛര്‍ദ്ദിലും വയറിളക്കവുമുണ്ടായി. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മെഡിസിന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന ഇവരുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഞായറാഴ്ച വെന്റിലേറ്ററിലേയ്ക്കു മാറ്റിയിരുന്നു. അതിനിടെ, ഡയാലിസിസിന് വിധേയയാക്കിയെങ്കിലും ഇന്ന് രാത്രി ഏഴോടെ മരിച്ചു.
മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഈ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച മറ്റ് 20 പേര്‍ക്കും ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്. ഇത്രയും പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സാഹചര്യത്തില്‍ ഹോട്ടലിന്റെ ലൈസന്‍സ് സസ്പെന്റ് ചെയ്തു. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതോടെ ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടലില്‍ പരിശോധന നടത്തിയ ശേഷമാണ് നടപടി സ്വീകരിച്ചത്.