ഹിജാബ്: കോടതി വിധി ഖേദകരം-ജിഫ്രി തങ്ങള്‍
അതേസമയം, വഖ്ഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് മന്ത്രി വി അബ്ദുറഹ്മാന്‍ നിയമസഭയില്‍ നടത്തിയ പ്രസ്താവന മുഖ്യമന്ത്രി നേരത്തെ നല്‍കിയ വാഗ്ദാനത്തെ നിഷേധിക്കുന്നതാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
കോഴിക്കോട്: കര്‍ണാടക ഹൈക്കോടതി ഹിജാബുമായി ബന്ധപ്പെട്ട് നടത്തിയ വിധി ഖേദകരമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങളുടെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായാണ് ഹിജാബ് വിഷയത്തില്‍ കോടതി വിധി പറഞ്ഞിരിക്കുന്നത്. അതോടൊപ്പം ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതവിശ്വാസ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഹനിക്കുന്നതുമാണ് ഈ വിധി. ഇസ്‌ലാമില്‍ വിശ്വാസി നിര്‍ബന്ധമായും അനുഷ്ഠിക്കേണ്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും ജീവിത രീതികളുമുണ്ട്. അവയൊക്കെ പൂര്‍ണമായും പാലിച്ചു ജീവിക്കാന്‍ വിശ്വാസി ബാധ്യസ്ഥരാണ്. അവയിലൊന്നാണ് സ്ത്രീകളുടെ തലമറക്കുക എന്നത്. വിശ്വാസിനി പാലിക്കേണ്ട നിര്‍ബന്ധ കടമയാണത്. ഇതിനെ നിഷേധിക്കുന്ന രീതിയിലാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. ഇത്തരമൊരു വിധി മുസ്‌ലിംകള്‍ക്ക് വിഷമമുണ്ടാക്കുന്നതാണെന്നും തങ്ങള്‍ പറഞ്ഞു.
വഖ്ഫ് നിയമനം: മന്ത്രിയുടെ പ്രസ്താവന സ്വീകാര്യമല്ല ജിഫ്‌രി തങ്ങള്‍
കോഴിക്കോട്: വഖ്ഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് മന്ത്രി വി അബ്ദുറഹ്മാന്‍ നിയമസഭയില്‍ നടത്തിയ പ്രസ്താവന മുഖ്യമന്ത്രി നേരത്തെ നല്‍കിയ വാഗ്ദാനത്തെ നിഷേധിക്കുന്നതാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ഈ വിഷയത്തില്‍ ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചിച്ച് വൈകാതെ തീരുമാനമുണ്ടാക്കുമെന്ന് ചൊവ്വാഴ്ച രാവിലെയും മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചപ്പോള്‍ പറഞ്ഞതാണ്. മുഖ്യമന്ത്രിയുടെ ഈ വാക്കുകളില്‍ ഇപ്പോഴും പ്രതീക്ഷയും വിശ്വാസവുമുണ്ട്. നേരത്തെ നല്‍കിയ വാഗ്ദാനം അടിയന്തരമായി നടപ്പിലാക്കണമെന്നും തങ്ങള്‍ പറഞ്ഞു.