ഹിജാബ് വിധി: പൗരസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം-വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്
സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്ന മനുവാദ തത്വങ്ങള്‍ക്കനുസരിച്ച് ജനാധിപത്യ രാജ്യത്ത് കോടതികള്‍ വിധി പ്രസ്താവിക്കുന്നത് ഭീതിജനകമാണ്.
തിരുവനന്തപുരം: സ്ത്രീകളുടെ പൗരാവകാശം നിഷേധിക്കുന്ന വിധി ഭരണഘടനാ വിരുദ്ധവും അവരെ അരികു വല്‍ക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗവുമാണെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് ടീച്ചര്‍.
സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്ന മനുവാദ തത്വങ്ങള്‍ക്കനുസരിച്ച് ജനാധിപത്യ രാജ്യത്ത് കോടതികള്‍ വിധി പ്രസ്താവിക്കുന്നത് ഭീതിജനകമാണ്. കേവലമൊരു വസ്ത്രധാരണ വിഷയത്തില്‍ പോലും തിരഞ്ഞെടുപ്പവകാശം സ്ത്രീകള്‍ക്ക് വകവച്ചു നല്‍കാന്‍ തയ്യാറല്ലാത്ത കോടതി പൗരാവകാശങ്ങളുടെ നിഷേധത്തിനാണ് കൂട്ടുനില്‍ക്കുന്നത്.
ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ നിഷേധിക്കുന്ന ഇത്തരം വിധികള്‍ രാജ്യത്തെ ബഹുസ്വരതയും മതസ്വാതന്ത്ര്യവും ഹനിക്കുന്നതാണ്. രാജ്യത്ത് രണ്ടാംകിട പൗരന്മാരെ സൃഷ്ടിക്കുന്ന ബി ജെ പി സര്‍ക്കാറിന്റെ നീക്കങ്ങള്‍ക്ക് കോടതികള്‍ മണ്ണൊരുക്കുന്നത് ജനാധിപത്യ സമൂഹം തിരിച്ചറിഞ്ഞു പ്രതികരിക്കേണ്ട സാഹചര്യമാണെന്നും അവര്‍ പറഞ്ഞു.