ഹിന്‍ഡന്‍ബര്‍ഗ് റിപോര്‍ട്ട്: മുദ്രവച്ച കവറില്‍ കേന്ദ്രം സമര്‍പ്പിച്ച പേരുകള്‍ സുപ്രിംകോടതി തള്ളി
ന്യൂഡല്‍ഹി: അദാനിയുമായി ബന്ധപ്പെട്ട ഹിന്‍ഡന്‍ബര്‍ഗ് റിപോര്‍ട്ടിനെത്തുടര്‍ന്നുണ്ടായ ഓഹരി വിപണിയിലെ തകര്‍ച്ച പഠിക്കാന്‍ നേരിട്ട് സമിതിയെ നിയോഗിക്കുമെന്ന് സുപ്രിംകോടതി. കേന്ദ്രസര്‍ക്കാര്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച പേരുകള്‍ സമിതിയില്‍ ഉള്‍പ്പെടുത്തില്ലെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ നല്‍കിയ പേരുകള്‍ അംഗീകരിച്ചാല്‍ സര്‍ക്കാരിന്റെ സമിതിയാണെന്ന തോന്നലുണ്ടാവുമെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു.
കോടതിയുടെ തിരക്കുകള്‍ കാരണം സിറ്റിങ് ജഡ്ജിയെ വയ്ക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് വ്യക്തമാക്കി. എല്ലാ ഏജന്‍സികളും സമിതിയുമായി സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. എല്ലാ കാര്യങ്ങളും സുതാര്യമായിരിക്കണമെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുദ്രവച്ച കവര്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചത്. ഹിന്‍ഡന്‍ബര്‍ഗ് റിപോര്‍ട്ട് പോലുള്ളവ ഉണ്ടാവുമ്പോള്‍ ഓഹരി വിപണയിലെ ചെറുകിട നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ വിദഗ്ധസമിതി രൂപീകരിക്കുമെന്ന് സുപ്രിംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഈ സമിതിയിലേക്ക് പരിഗണിക്കേണ്ട പേരുകള്‍ സംബന്ധിച്ചും, പരിഗണന വിഷയങ്ങള്‍ സംബന്ധിച്ചുമുള്ള ശുപാര്‍ശകളാണ് മുദ്രവച്ച കവറില്‍ കോടതിക്ക് കൈമാറാന്‍ കേന്ദ്രത്തിന് വേണ്ടി സോളിസിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ശ്രമിച്ചത്. റെഗുലേറ്റര്‍ സംവിധാനത്തിന്റെ പോരായ്മകളാണ് വിദഗ്ധ സമിതി പരിശോധിക്കുന്നത്. എന്നാല്‍, മുദ്രവച്ച കവര്‍ സ്വീകരിച്ചാല്‍ അതിന്റെ ഉള്ളടക്കം കേസിലെ എതിര്‍കക്ഷികള്‍ക്ക് അറിയാന്‍ കഴിയില്ലെന്ന് ബെഞ്ചിന് നേതൃത്വം നല്‍കിയ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ചൂണ്ടിക്കാട്ടി.
എല്ലാം സുതാര്യമായിരിക്കണമെന്നും അതിനാനാണ് മുദ്രവച്ച കവര്‍ സ്വീകരിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. വിദഗ്ധ സമിതിയെ സ്വന്തം നിലയ്ക്ക് രൂപീകരിക്കുമെന്നും സര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിച്ചാല്‍ അത് സര്‍ക്കാര്‍ സമിതി ആണെന്ന വിമര്‍ശനമുണ്ടാവുമെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. അതേസമയം, ഏത് അന്വേഷണവും നേരിടാന്‍ തയ്യാറെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സത്യം പുറത്തുകൊണ്ടുവരണമെന്നും അദാനിക്കെതിരായ ഏത് അന്വേഷണത്തിന് തയ്യാറെന്നും കേന്ദ്രം അറിയിച്ചു.
അദാനിക്കെതിരായ ആരോപണവും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രശാന്ത് ഭൂഷണുള്‍പ്പെടെയുള്ള ഹരജിക്കാര്‍ ആവശ്യപ്പെട്ടു. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടു. സെബി ഉള്‍പ്പെടേയുള്ള റെഗുലേറ്റിങ് ഏജന്‍സികള്‍ക്ക് തെറ്റ് പറ്റിയെന്ന മുന്‍വിധിയോടെ കേസിനെ സമീപിക്കാനില്ലെന്ന് കോടതി അറിയിച്ചു.അദാനിയുടമായി ബന്ധപ്പെട്ട ഹിന്‍ഡന്‍ബര്‍ഗ് റിപോര്‍ട്ടിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികളില്‍ ഉത്തരവ് പറയാന്‍ മാറ്റിവച്ചു.