'ഹിന്ദുവിന്റെ പണം ഹിന്ദുക്കള്‍ക്ക്'; വരുന്നു കേരളത്തില്‍ സംഘപരിവാറിന്റെ 'ഹിന്ദു ബാങ്കു'കള്‍

'ഹിന്ദു ബാങ്ക് നിധി ലിമിറ്റഡ് കമ്പനികള്‍' എന്നായിരിക്കും പുതിയ ബാങ്കുകളുടെ പേര്. ആശ്രമങ്ങളും മഠങ്ങളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തില്‍ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തതെന്നാണ് റിപോര്‍ട്ടുകള്‍. ഇതിനുശേഷം ഒരു പ്രദേശത്തെ ഹിന്ദു കച്ചവടക്കാരെ ഉള്‍പ്പെടുത്തി സ്ഥാപനങ്ങള്‍ ആരംഭിക്കാനാണ് നീക്കം.

Update: 2021-06-21 11:01 GMT

തിരുവനന്തപുരം: 'ഹിന്ദുവിന്റെ പണം ഹിന്ദുക്കള്‍ക്ക്' മുദ്രാവാക്യവുമായി കേരളത്തിലെ ഓരോ തദ്ദേശസ്ഥാപനങ്ങളിലും ഹിന്ദു ബാങ്കുകള്‍ ആരംഭിക്കാന്‍ സംഘപരിവാര്‍ പദ്ധതിയിടുന്നു. മിനിസ്ട്രി ഓഫ് കോ-ഓപറേറ്റിവ് അഫയേഴ്‌സിന് കീഴില്‍ കമ്പനി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത നിധി ലിമിറ്റഡ് കമ്പനികളുടെ മറവിലാണ് ഇതിനോടകം 800 ലധികം കമ്പനികള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 'ഹിന്ദു ബാങ്ക് നിധി ലിമിറ്റഡ് കമ്പനികള്‍' എന്നായിരിക്കും പുതിയ ബാങ്കുകളുടെ പേര്. ആശ്രമങ്ങളും മഠങ്ങളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തില്‍ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തതെന്നാണ് റിപോര്‍ട്ടുകള്‍. ഇതിനുശേഷം ഒരു പ്രദേശത്തെ ഹിന്ദു കച്ചവടക്കാരെ ഉള്‍പ്പെടുത്തി സ്ഥാപനങ്ങള്‍ ആരംഭിക്കാനാണ് നീക്കം.

മൂന്ന് ഡയറക്ടര്‍മാര്‍, ഏഴ് അംഗങ്ങള്‍, അഞ്ച് ലക്ഷം രൂപയുടെ ഓഹരി മൂലധനം എന്നിവ ഉണ്ടെങ്കില്‍ നിയമവിധേയമായി നിധി ലിമിറ്റഡ് കമ്പനി ആരംഭിക്കാം. കമ്പനി ആരംഭിച്ച് ഒരുവര്‍ഷത്തിനകം വിശ്വാസികളായ 200 അംഗങ്ങളെ ചേര്‍ക്കണമെന്നാണ് നിബന്ധന. അംഗങ്ങളില്‍നിന്നുമാത്രം നിക്ഷേപം സ്വീകരിക്കുകയും അവര്‍ക്കുമാത്രം വായ്പ കൊടുക്കുകയും ചെയ്യുന്നുവെന്നതാണ് നിധി ലിമിറ്റഡ് കമ്പനികളുടെ പ്രത്യേകത. സ്വര്‍ണപ്പണയ വായ്പ, വ്യാവസായിക വായ്പ, പ്രതിദിന കലക്ഷന്‍ വായ്പ, വാഹനവായ്പ എന്നിവ അനുവദിക്കും.

അംഗത്വത്തിന് കെവൈസി നിബന്ധനകള്‍ ബാധകമായിരിക്കും. ഈട് വാങ്ങിയുള്ള വായ്പകള്‍ മാത്രമേ നല്‍കൂ. സംസ്ഥാനത്തെ സഹകരണസംഘങ്ങളെക്കാള്‍ സുതാര്യതയോടുകൂടി എല്ലാ നിക്ഷേപങ്ങള്‍ക്കും ഉയര്‍ന്ന പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. സ്ഥിരനിക്ഷേപങ്ങള്‍ക്ക് 12.5 ശതമാനം പലിശയാണ് വാഗ്ദാനം. കുടുംബശ്രീ, അക്ഷയ ശ്രീ അംഗങ്ങളെ കമ്പനിയിലേക്ക് ആകര്‍ഷിക്കുന്നതിനായി പ്രത്യേക വനിതാ യൂനിറ്റ് ലോണും സംഘപരിവാര്‍ ലക്ഷ്യമിടുന്നു. പദ്ധതിയിലേക്ക് കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുന്നതിനായി ഹിന്ദുസംരക്ഷണ പരിവാര്‍, ഭാരതീയ ഹിന്ദു പ്രജാസംഘം തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ പ്രത്യേക കാംപയിനും സമൂഹമാധ്യമങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ സഹകരണമേഖലയില്‍ നിലവില്‍ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്നത് എല്‍ഡിഎഫ്, യുഡിഎഫ് അനുഭാവികളാണ്. ഈ സാഹചര്യത്തിലാണ് സംഘപരിവാര്‍ നിധി ലിമിറ്റഡ് കമ്പനികള്‍ വ്യാപകമാക്കാന്‍ പദ്ധതിയിടുന്നതെന്നത് ശ്രദ്ധേയമാണ്. കേന്ദ്രസര്‍ക്കാരിന്റെ നിധി റൂള്‍സ് 2014 പ്രകാരം പ്രവര്‍ത്തിക്കുന്ന സഹകരണസംഘങ്ങളാണ് നിധി ലിമിറ്റഡ് കമ്പനികള്‍. പബ്ലിക് ലിമിറ്റഡ് ഫിനാന്‍സ് കമ്പനികളായ ഈ സ്ഥാപനങ്ങള്‍ വഴി സാധാരണ ബാങ്കുകളെപ്പോലെ സേവിങ്‌സ്, ഫിക്‌സഡ്, റിക്കറിങ് നിക്ഷേപങ്ങള്‍ നടത്തുകയും വായ്പകളെടുക്കുകയും ചെയ്യാം. അര്‍ധ ബാങ്കിങ് സ്ഥാപനമെന്ന നിലയില്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണങ്ങളും ഇവയ്ക്ക് ബാധകമാണ്.

Tags:    

Similar News