'ഖുത്തുബ് മിനാറില്‍ ആരാധന അനുവദിക്കാനാവില്ല'; പുരാവസ്തു സംരക്ഷണ വകുപ്പ് ഡല്‍ഹി കോടതിയില്‍
കുത്തബ് മിനാര്‍ ഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് സാകേത് കോടതിയില്‍ സമര്‍പ്പിച്ച ഹരജിയ്ക്കു നല്‍കിയ മറുപടിയിലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.
ന്യൂഡല്‍ഹി: ചരിത്രസ്മാരകമായ കുത്തബ് മിനാറിനോടുചേര്‍ന്ന് ക്ഷേത്രം നിര്‍മിക്കണമന്ന ആവശ്യം തള്ളി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. കുത്തബ് മിനാര്‍ ഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് സാകേത് കോടതിയില്‍ സമര്‍പ്പിച്ച ഹരജിയ്ക്കു നല്‍കിയ മറുപടിയിലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.
1914 മുതല്‍ കുത്തബ് മിനാര്‍ സംരക്ഷിത സ്മാരകമാണെന്ന് കേന്ദ്ര പുരാവസ്തുവകുപ്പ് കോടതിയെ അറിയിച്ചു. കുത്തബ് മിനാര്‍ സംരക്ഷിത സ്മാരകമാക്കുന്ന കാലത്ത് അവിടെ ആരാധന ഇല്ലായിരുന്നുവെന്നും എഎസ്‌ഐ വ്യക്തമാക്കി. അതിനാല്‍ തന്നെ ആരാധനയ്ക്കുള്ള സൗകര്യം ഒരുക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും പുരാവസ്തു വകുപ്പ് പറഞ്ഞു. മൗലികവാശ സംരക്ഷണം എന്ന വാദം സംരക്ഷിത സ്മാരകങ്ങളില്‍ അംഗീകരിക്കാനാകില്ല എന്ന് ഹൈക്കോടതി വിധി ഉദ്ധരിച്ച് പുരാവസ്തു വകുപ്പ് കോടതിയെ അറിയിച്ചു. കുത്തബ് മിനാര്‍ സമുച്ചയത്തില്‍ ഹിന്ദു, ജൈനമത വിഗ്രഹങ്ങള്‍ പുനഃസ്ഥാപിച്ച് ആരാധന നടത്തുന്നതിന് അനുമതി ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നിലപാട് അറിയിച്ചത്.
കുത്തബ് മിനാര്‍ സംരക്ഷിത സ്മാരകമാക്കുമ്പോള്‍ ഇവിടെ ആരാധന നടക്കുന്നുണ്ടായിരുന്നില്ല. അതിനാല്‍, ഇവിടെ ആരാധനയ്ക്കുള്ള സൗകര്യം ഒരുക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു.
27 ക്ഷേത്രങ്ങള്‍ തകര്‍ത്താണ് കുത്തബ് മിനാര്‍ സമുച്ചയത്തിലുള്ള ഖുവ്വത്തുല്‍ ഇസ്ലാം മസ്ജിദ് നിര്‍മിച്ചതെന്നാണ് ഹര്‍ജിക്കാരുടെ വാദം. പുരാവസ്തുവകുപ്പ് മുന്‍ റീജിയണല്‍ ഡയറക്ടര്‍ ധരംവീര്‍ ശര്‍മയാണ് കുത്തബ് മിനാറുമായി ബന്ധപ്പെട്ട വിവാദം തുടങ്ങിവച്ചത്. കുത്തബ് മിനാര്‍ നിര്‍മിച്ചത് മുഗള്‍ രാജാവായ ഖുത്ബുദ്ദിന്‍ ഐബക് അല്ലെന്നും വിക്രമാദിത്യ രാജാവാണെന്നുമായിരുന്നു ധരംവീര്‍ ശര്‍മയുടെ നിലപാട്. വിഷ്ണുസ്തംഭം എന്നാണ് കുത്തബ് മിനാറിന്റെ യഥാര്‍ത്ഥ പേര് എന്ന് അവകാശപ്പെട്ട് വിശ്വഹിന്ദു പരിഷത്തും രംഗത്തെത്തിയിരുന്നു.
കുത്തബ് മിനാറിനോടു ചേര്‍ന്ന് പുരാവസ്തു ഖനനം നടത്തുന്നതു സംബന്ധിച്ച റിപ്പോര്‍ട്ടും സാംസ്‌കാരിക വകുപ്പ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോടു തേടിയിട്ടുണ്ട്. കുത്തബ് മിനാര്‍ മോസ്‌കില്‍ നിന്ന് 15 മീറ്റര്‍ മാറി ഖനനം നടത്താമെന്നാണ് മറുപടി. മെയ് 21 ശനിയാഴ്ച സാംസ്‌കാരിക വകുപ്പ് സെക്രട്ടറി ഗോവിന്ദ് മോഹന്‍ അടക്കമുള്ള ഉന്നതോദ്യോഗസ്ഥര്‍ കുത്തബ് മിനാര്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനു ശേഷമാണ് ഖനനം നടത്താനുള്ള തീരുമാനം.
അതേസമയം, കുത്തബ് മിനാറില്‍ ക്ഷേത്രാരാധന നടത്തുന്നതു സംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളിലെ വാദങ്ങള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ള്ളിക്കളഞ്ഞു. കുത്തബ് മിനാര്‍ നിര്‍മിക്കാനായി ക്ഷേത്രങ്ങള്‍ തകര്‍ത്തോ എന്നത് ചരിത്രപരമായ കാര്യമാണ്. എന്നാല്‍ നിലവിലുള്ള കുത്തബ് മിനാര്‍ 1914 മുതല്‍ ചരിത്രസ്മാരകമാണ്. അതുകൊണ്ട് ഈ വളപ്പില്‍ ആരാധന നടത്താനുള്ള അധികാരം ആര്‍ക്കുമില്ലെന്ന് അവര്‍ നിലപാട് വ്യക്തമാക്കി. നിലവില്‍ യുനെസ്‌കോ പട്ടികപ്പെടുത്തിയ ലോകപൈതൃക കേന്ദ്രങ്ങളുടെ പട്ടികയിലാണ് കുത്തബ് മിനാര്‍ ഉള്ളത്.
കുത്തബ് മിനാറില്‍ ക്ഷേത്രം നിര്‍മിച്ച് ആരാധന നടത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം ചില തീവ്രഹിന്ദു സംഘടനകള്‍ സ്ഥലത്ത് പ്രതിഷേധം നടത്തിയിരുന്നു. കുത്തബ് മിനാറിന്റെ പേര് വിഷ്ണുസ്തംഭം എന്നാക്കി മാറ്റണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ഇതേത്തുടര്‍ന്ന് സ്ഥലത്ത് പോലിസ് സുരക്ഷ ശക്തമാക്കിയിരുന്നു.