ഹലാല്‍ മാംസത്തിനു പകരം ജട്ക മാംസം; നവരാത്രി ആഘോഷങ്ങളെ മറയാക്കി വീണ്ടും ഹിന്ദുത്വരുടെ വിദ്വേഷ പ്രചാരണം

ഹലാല്‍ -ജട്ക വിഷയമുയര്‍ത്തി ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്തി മുതലെടുപ്പിനാണ് തീവ്രഹിന്ദുത്വ വാദികളുടെ ശ്രമം.

Update: 2022-10-03 13:36 GMT
ഹലാല്‍ മാംസത്തിനു പകരം ജട്ക മാംസം; നവരാത്രി ആഘോഷങ്ങളെ മറയാക്കി വീണ്ടും ഹിന്ദുത്വരുടെ വിദ്വേഷ പ്രചാരണം

ബെംഗളൂരു: ജനങ്ങളെ വര്‍ഗീയമായി വിഭജിക്കുക എന്ന ലക്ഷ്യത്തോടെ നവരാത്രി ആഘോഷങ്ങള്‍ക്കിടെ ഹലാല്‍ മാംസം ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് ഹിന്ദുത്വര്‍ കാംപയിന്‍ ആരംഭിച്ചു. ഹലാല്‍ -ജട്ക വിഷയമുയര്‍ത്തി ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്തി മുതലെടുപ്പിനാണ് തീവ്രഹിന്ദുത്വ വാദികളുടെ ശ്രമം.

ദക്ഷിണ കര്‍ണാടകയിലെ ആഘോഷവേളകളില്‍ കുടുംബത്തിന്റെ പൂര്‍വികര്‍ക്ക് മാംസം നല്‍കുന്ന പതിവുണ്ട്. ഇതിന്റെ ചുവട് പിടിച്ച് ആഘോഷവേളകളില്‍ ഹിന്ദുക്കളുടെ കടകളില്‍ നിന്ന് മാത്രം മാംസം വാങ്ങണമെന്ന പ്രചാരണത്തിന് ഹിന്ദുത്വര്‍ തുടക്കംകുറിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ഹിന്ദു നേതാക്കളുടെ യോഗം ചേരുമെന്ന് ഹിന്ദു പ്രവര്‍ത്തകനും ഹൈന്ദവി മാര്‍ട്ട് ഉടമയുമായ മുനേ ഗൗഡ പറഞ്ഞു. ജട്ക കട്ട് (മാംസത്തിനായി മൃഗങ്ങളെ കൊല്ലുന്ന ഹിന്ദു മാര്‍ഗം) പ്രചാരണം തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തവണ ജട്ക കട്ട് മാത്രം ഉപയോഗിക്കാനും ഹലാല്‍ രീതിയില്‍ അറുത്ത മാംസം ബഹിഷ്‌ക്കരിക്കാനും ആഹ്വാനം ചെയ്തപ്പോള്‍ ആളുകള്‍ നന്നായി പ്രതികരിച്ചത് വന്‍ വിജയമായിരുന്നു. ഹിന്ദുക്കള്‍ ഉണര്‍ന്നു. തിങ്കളാഴ്ച മുതല്‍ വീടുവീടാന്തരം പ്രചാരണം നടത്തുമെന്നും ലഘുലേഖകള്‍ വിതരണം ചെയ്യുമെന്നും മുനേ ഗൗഡ പറഞ്ഞു.

ജട്ക രീതിയില്‍ അറുത്ത മാംസം മാത്രം ഉപയോഗിക്കുക, ക്ഷേത്രങ്ങള്‍ക്കു സമീപമുള്ള ഹിന്ദുക്കളുടെ കടകളില്‍ നിന്ന് മാംസം വാങ്ങുക എന്ന പ്രചാരണംസോഷ്യല്‍ മീഡിയയിലും ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.കര്‍ണാടകയില്‍ ഹിജാബ് പ്രതിസന്ധി രൂക്ഷമായ സമയത്താണ് ഹലാല്‍ രീതിയില്‍ അറുക്കുന്ന മാംസത്തിന്റെ ബഹിഷ്‌കരണം ദേശീയ വാര്‍ത്തയായത്.



Tags:    

Similar News