ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ വിലവര്‍ധനയ്ക്ക് കാരണമാവുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി: ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ വിലവര്‍ധനയ്ക്ക് കാരണമാവുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍. ഏതാനും ലക്ഷം കോടിരൂപ ഈടാക്കിയാണ് സിമന്റ്, ഇരുമ്പുകമ്പി, കുപ്പികള്‍ തുടങ്ങിയവക്ക് ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നതെന്നും ഇത് വിലവര്‍ധനയ്ക്ക് കാരണമാവുന്നതായും കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത ആരോപിച്ചു.
''ഹലാല്‍ മാംസം മുതലായവയെ സംബന്ധിച്ചിടത്തോളം ആര്‍ക്കും എതിര്‍പ്പുണ്ടാകില്ല. പക്ഷേ, സിമന്റിനും ഇരുമ്പുകമ്പിക്കും വെള്ളക്കുപ്പികള്‍ക്കും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം''-തുഷാര്‍ മെഹ്ത വാദിച്ചു. ഹലാല്‍ വേണമെന്നില്ലാത്തവര്‍ കൂടി ഉയര്‍ന്ന വില നല്‍കി വസ്തുക്കള്‍ വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നത് എന്തുകൊണ്ടാണെന്ന് കോടതി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹലാല്‍ സര്‍ട്ടിഫൈഡ് ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം, വില്‍പ്പന, സംഭരണം, വിതരണം എന്നിവ നിരോധിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 2023 നവംബറില്‍ കൊണ്ടുവന്ന ഉത്തരവിനെ ചോദ്യം ചെയ്ത് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ ഹലാല്‍ യൂണിറ്റ്, ഹലാല്‍ ശരീഅത്ത് ഇസ്‌ലാമിക് ലോ ബോര്‍ഡ്, ഹലാല്‍ ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡ് അടക്കമുള്ളവര്‍ നല്‍കിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. മുസ്‌ലിംകള്‍ക്കിടയില്‍ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി ഹലാല്‍ സര്‍ട്ടിഫൈ ചെയ്യുന്ന സ്ഥാപനങ്ങള്‍ 'വ്യാജ' സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നുണ്ടെന്ന് ആരോപിച്ച് ബിജെപിയുടെ യുവജനവിഭാഗം നല്‍കിയ പരാതി പരിഗണിച്ചാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിവാദമായ നയം കൊണ്ടുവന്നതെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.
രാജ്യത്തെ വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്ന സംവിധാനങ്ങളെ നിയന്ത്രിക്കുന്ന നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ സര്‍ട്ടിഫിക്കേഷന്‍ ബോഡീസിന്റെ അംഗീകാരമുള്ളവരാണ് തങ്ങളെന്നും ഹരജിക്കാര്‍ വ്യക്തമാക്കി.
ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ 'ഹലാല്‍' സര്‍ട്ടിഫിക്കേഷന്‍ ഗുണനിലവാരത്തെക്കുറിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും ഇത് ഒരു സമാന്തര സംവിധാനമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇത് ഭക്ഷ്യ സുരക്ഷാ മാനദണ്ഡ നിയമത്തിന്റെ അടിസ്ഥാന ഉദ്ദേശ്യത്തിന് വിരുദ്ധമാണെന്നും യുപി സര്‍ക്കാര്‍ വാദിച്ചു.
എന്നാല്‍, ഈ വാദങ്ങളെ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എം ആര്‍ ഷംഷാദ് എതിര്‍ത്തു. ''കേന്ദ്ര സര്‍ക്കാര്‍ നയത്തില്‍ ഹലാല്‍ എന്ന ആശയം നന്നായി വിശദീകരിച്ചിട്ടുണ്ട്. മാംസാഹാരം മാത്രമല്ല കേന്ദ്ര നയം. അത് ജീവിതശൈലിയുടെ കാര്യമാണ്. ഹലാല്‍ ഉല്‍പ്പന്നങ്ങള്‍ വേണ്ടവര്‍ ഉപയോഗിച്ചാല്‍ മതിയാവും. ഹലാല്‍ സാക്ഷ്യപ്പെടുത്തിയ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ആരും ആരെയും നിര്‍ബന്ധിക്കുന്നില്ല.''അദ്ദേഹം വാദിച്ചു.കേസ് ഇനി മാര്‍ച്ച് 25ന് വീണ്ടും പരിഗണിക്കും.