ആരാധനാലയ സംരക്ഷണ നിയമത്തിനെതിരായ ഹരജികളില്‍ തിങ്കളാഴ്ച്ച വാദം; കേന്ദ്രം നിലപാട് അറിയിച്ചിട്ടില്ല

Update: 2025-02-14 13:16 GMT
ആരാധനാലയ സംരക്ഷണ നിയമത്തിനെതിരായ ഹരജികളില്‍ തിങ്കളാഴ്ച്ച വാദം; കേന്ദ്രം നിലപാട് അറിയിച്ചിട്ടില്ല

ന്യൂഡല്‍ഹി: രാജ്യത്തെ ആരാധനാലയങ്ങളില്‍ 1947 ആഗസ്റ്റ് 15ലെ തല്‍സ്ഥിതി തുടരണമെന്ന ആരാധനാലയ സംരക്ഷണ നിയമത്തെ ബിജെപി നേതാവ് അടക്കം നല്‍കിയ ഹരജികളില്‍ തിങ്കളാഴ്ച്ച സുപ്രിംകോടതി വാദം കേള്‍ക്കും. എന്നാല്‍, 2020ല്‍ ഫയല്‍ ചെയ്ത ഹരജികളില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെയും നിലപാട് അറിയിച്ചിട്ടില്ല. നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജികളും കോടതിയുടെ പരിഗണനയിലുണ്ട്. ചീഫ്ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികളില്‍ വാദം കേള്‍ക്കുക.

ഹരജികള്‍ ഫയല്‍ ചെയ്യപ്പെട്ടിട്ട് വര്‍ഷങ്ങളായിട്ടും നിലപാട് അറിയിക്കാത്തതിന് 2024 ഡിസംബറില്‍ കേന്ദ്രസര്‍ക്കാരിനെ കോടതി വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് ഒരുമാസത്തിനകം നിലപാട് അറിയിക്കാന്‍ നിര്‍ദേശിച്ചു. എന്നിട്ടും കേന്ദ്രം നിലപാട് അറിയിച്ചില്ല. അതിനാല്‍, കേന്ദ്രത്തിന് ഇനിയും സമയം നല്‍കാതെ ഹരജികളില്‍ വാദം കേള്‍ക്കണമെന്ന് മഥുര ശാഹീ മസ്ജിദ് കമ്മിറ്റി ആവശ്യപ്പെടുകയുമുണ്ടായി. കേസിലെ നടപടികള്‍ വൈകിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തുകയാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. കേന്ദ്രം നിലപാട് അറിയിക്കുകയാണെങ്കില്‍ വിവിധ കക്ഷികള്‍ക്ക് അതിനെ രേഖാമൂലം ചോദ്യം ചെയ്യാന്‍ സാധിക്കും. ഇത് ഒഴിവാക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണ്.

നിയമം കര്‍ശനമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട സമാജ് വാദി പാര്‍ട്ടി നേതാവും എംപിയുമായ ഇഖ്ര ചൗധുരിയും ഇന്ന് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. സിപിഎം കോണ്‍ഗ്രസ്, എന്‍സിപി തുടങ്ങി നിരവധി പാര്‍ട്ടികളും വിവിധ മതസാമൂഹിക സംഘടനകളും സമാനമായ ഹരജികള്‍ നല്‍കിയിട്ടുണ്ട്.

Tags:    

Similar News