ഇന്ത്യയുടെ ഹലാല്‍ വ്യാപാരത്തില്‍ വന്‍കുതിപ്പ്; 2023ലെ വ്യാപാരം 44,000 കോടി രൂപയ്ക്കരികെ

ന്യൂഡല്‍ഹി: ഹലാല്‍ വിവാദം രാജ്യത്ത് കൊഴുക്കുമ്പോഴും ഹലാല്‍ ഉല്‍പ്പന്നങ്ങളുടെ വ്യാപാരം മുന്നേറുന്നതായി റിപോര്‍ട്ട്. ഇത് രാജ്യത്തിന്റെ വ്യാപാരക്കുതിപ്പിന് സഹായകമായെന്ന് സാമ്പത്തിക പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഹലാല്‍ സര്‍ട്ടിഫിക്കറ്റുള്ള മാംസം, സംസ്‌കരിച്ച ഭക്ഷ്യ പദാര്‍ഥങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, മരുന്നുകള്‍ എന്നിവയുടെ കയറ്റുമതി 2023ല്‍ 14 ശതമാനമായി വര്‍ധിച്ചെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 2022ല്‍ 38,000 കോടി രൂപയുടെ അടുത്ത് വ്യാപാരം നടന്നെങ്കില്‍ 2023ല്‍ അത് 44,000 കോടി രൂപയ്ക്കരികില്‍ എത്തി. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോപറേഷന്‍ (ഒഐസി) രാജ്യങ്ങളുമായി 42,000ത്തില്‍ അധികം കോടി രൂപയുടെ ഇടപാട് നടന്നു.
ഒഐസിയുടെ ഭാഗമായ 57 രാഷ്ട്രങ്ങളില്‍ 20 തരം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി 2023ല്‍ എട്ട് ശതമാനത്തോളമെത്തിയിരുന്നു. 68.7 ബില്യണ്‍ ഡോളറിന്റെ വ്യാപാര ഇറക്കുമതിയാണ് നടന്നത്. ഇതില്‍ ഇന്ത്യയുടെ വിഹിതം 2023ല്‍ 7.1 ശതമാനമായി ഉയര്‍ന്നു. 2022ല്‍ ഇത് 6.8 ശതമാനമായിരുന്നു.
''പല ഉല്‍പ്പന്നങ്ങള്‍ക്കും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിലൂടെ ശരീഅത്ത് നിയമപ്രകാരം അവ അനുവദനീയമാവുന്നു. ഭക്ഷ്യവസ്തുക്കളും ഔഷധങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയും ഹലാല്‍ ചേരുവകള്‍ ഉപയോഗിച്ച് നിര്‍മിക്കുന്നതിനാലാണിത്. എല്ലാ മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളും പ്രാദേശികവും ഇറക്കുമതി ചെയ്യുന്നതുമായ ഉല്‍പ്പന്നങ്ങള്‍ ഇസ്‌ലാമിക നിയമമനുസരിച്ച് ഹലാല്‍ ആണെന്ന് ഉറപ്പു വരുത്താറുണ്ട്. അതിനാല്‍ ഈ രാജ്യങ്ങളിലെ ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്ക് ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ അനിവാര്യമാണ്''-ഒഐസി ട്രേഡ് സെന്റര്‍ പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നു.
ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നതിനെ കുറിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് രാജ്യത്ത് ആശങ്ക ഉയര്‍ത്തിയിരുന്നു. ഹലാല്‍ സര്‍ട്ടിഫിക്കേഷനുള്ള ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനവും ശേഖരണവും വിതരണവും വില്‍പ്പനയും നിരോധിച്ച് 2023 നവംബറിലാണ് യുപി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍, കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ക്കു ഇക്കാര്യത്തില്‍ ഇളവ് നല്‍കി.
ഒഐസി രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിലെ പ്രധാന ഇനങ്ങള്‍ മാംസവും മരുന്നുകളും സൗന്ദര്യവര്‍ധക വസ്തുക്കളുമാണ്. കന്നുകാലി മാംസത്തിന്റെ 52 ശതമാനവും സൗന്ദര്യ വര്‍ധക വസ്തുക്കളുടെ 10 ശതമാനവുമാണ് ഒഐസി രാജ്യങ്ങളിലേക്കുള്ള 2023ലെ ഇന്ത്യയുടെ കയറ്റുമതി വിഹിതം. സൗന്ദര്യവര്‍ധക വസ്തുക്കള്‍ പ്രധാനമായും കയറ്റുമതി ചെയ്യുന്നത് യുഎഇ, സൗദി അറേബ്യ, മലേഷ്യ എന്നിവിടങ്ങളിലേക്കാണ്.
ഇന്ത്യയില്‍ നിന്നുള്ള മാംസ കയറ്റുമതി 14 ശതമാനം വരെ ഉയര്‍ന്നതായും യുഎന്‍ കണക്കുകള്‍ പറയുന്നു. മരുന്നുകളുടെ കയറ്റുമതി നിരക്ക് 37 ശതമാനമായും വര്‍ധിച്ചു. മരുന്നുകളുടെ കാര്യത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ ഏതാണ്ട് 20 ശതമാനത്തിന്റെ കുതിപ്പുണ്ടായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.