ഡല്‍ഹി ജാമിഅ് മസ്ജിദില്‍ സര്‍വേ നടത്തണമെന്ന് ഹിന്ദുസേന
വിഗ്രഹങ്ങളും മറ്റും ജാമിഅ് മസ്ജിദിലെ കോണിപ്പടികളുടെ അടിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ് ഹിന്ദുസേന ദേശീയ പ്രസിഡന്റ് വിഷ്ണുഗുപ്ത നല്‍കിയ നിവേദനം പറയുന്നത്.
ന്യൂഡല്‍ഹി: ഡല്‍ഹി ജാമിഅ് മസ്ജിദില്‍ സര്‍വേ നടത്തണമെന്നാവശ്യപ്പെട്ട് ഹിന്ദു സേന ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് നിവേദനം നല്‍കി. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസേബിന്റെ സൈന്യത്തിലെ ജനറലായിരുന്ന ഖാന്‍ ജഹാന്‍ ബഹാദൂര്‍ രാജസ്ഥാനിലെ ജോധ്പൂരിലെയും ഉദയ്പൂരിലെയും ക്ഷേത്രങ്ങള്‍ തകര്‍ത്ത് വിഗ്രഹങ്ങളും മറ്റും ജാമിഅ് മസ്ജിദിലെ കോണിപ്പടികളുടെ അടിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ് ഹിന്ദുസേന ദേശീയ പ്രസിഡന്റ് വിഷ്ണുഗുപ്ത നല്‍കിയ നിവേദനം പറയുന്നത്. ഔറംഗസീബ് നാമ എന്ന പുസ്തകത്തില്‍ ഇങ്ങനെ പറയുന്നുണ്ടെന്നാണ് വിഷ്ണു ഗുപ്ത ആരോപിക്കുന്നത്.
ഡല്‍ഹി ജാമിഅ് മസ്ജിദിനെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു ഹരജി ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. നിലവില്‍ ഡല്‍ഹി വഖ്ഫ് ബോര്‍ഡാണ് മസ്ജിദിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ചില സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ നടത്തുന്നുമുണ്ട്. എന്നാല്‍, സംരക്ഷിത സ്മാരകമായി ഇതിനെ പ്രഖ്യാപിക്കില്ലെന്നാണ് അവരുടെ നിലപാട്. നിലവില്‍ നിരവധി പേര്‍ പ്രാര്‍ത്ഥനക്ക് എത്തുന്ന സ്ഥലമാണ് മസ്ജിദെന്നും നിരവധി നിയന്ത്രണങ്ങള്‍ നിലവില്‍ തന്നെയുണ്ടെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.