ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ സംഭലിലേക്കുള്ള യാത്ര തടഞ്ഞ് പോലിസ്. അതിര്‍ത്തിയാല്‍ വന്‍ പോലിസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിരുന്നത്. പോലിസ് തടഞ്ഞതിനേ തുടര്‍ന്ന് കാറില്‍ നിന്നും പുറത്തിറങ്ങിയ രാഹുല്‍ ഗാന്ധി താന്‍ ഒറ്റക്ക് പോകാന്‍ തയ്യാറാണെന്നും പോലിസ് വാഹനത്തില്‍ പോകാമെന്നും അറിയിച്ചു. എന്നാല്‍ രണ്ടു വട്ടം നടത്തിയ ചര്‍ച്ചയും അലസി.
ഗാസിപൂരില്‍ ഏകദേശം ഒന്നരമണിക്കൂറാണ് രാഹുല്‍ ഗാന്ധി അനുവാദത്തിനായി കാത്തു നിന്നത്. പോലിസ് വഴങ്ങാത്തതിനെ തുടര്‍ന്ന് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ തന്റെ അവകാശമാണ് ലംഘിക്കപ്പെട്ടതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഭരണ ഘടന ഉയര്‍ത്തിപിടിച്ചാണ് രാഹുല്‍ സംസാരിച്ചത്. രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്കയും ഉണ്ടായിരുന്നു. ഇരുവരും തിരിച്ച് ഡല്‍ഹിയിലേക്ക് മടങ്ങി.
ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി പുറത്തുനിന്നുള്ളവരെ പ്രദേശം സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്ന് പോലിസും ഭരണകൂടവും അറിയിച്ചു. നിരോധനാജ്ഞ ഡിസംബര്‍ 31 വരെ നീട്ടി. നേരത്തെ സമാജ്വാദി പാര്‍ട്ടി എംപിമാരുടെ സംഘത്തെ ജില്ലയില്‍ പ്രവേശിക്കുന്നത് തടഞ്ഞിരുന്നു.