ജാമ്യത്തിലിറങ്ങിയ ഉടന്‍ വ്യവസ്ഥകള്‍ ലംഘിച്ച് ഹിന്ദുത്വ നേതാവ്; കാണികളായി പോലിസ്

Update: 2019-02-13 06:00 GMT

മുംബൈ: ഐടി എന്‍ജിനീയര്‍ മുഹ്‌സിന്‍ ശെയ്ഖിനെ വധിച്ച കേസിലെ പ്രധാന പ്രതിയായ ഹിന്ദുത്വ നേതാവ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഉടന്‍ പോലിസിന്റെ കണ്‍മുന്നില്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചു. ഹിന്ദു രാഷ്ട്ര സേനാ നേതാവ്(എച്ച്ആര്‍എസ്) ധനഞ്ജയ് ദേശായി ആണ് പൊതുചടങ്ങിലോ എച്ച്ആര്‍എസ് ഉള്‍പ്പെടെയുള്ള സംഘടനാ പരിപാടികളിലോ പങ്കെടുക്കരുതെന്ന ബോംബെ ഹൈക്കോടതിയുടെ വ്യവസ്ഥകള്‍ പരസ്യമായി ലംഘിച്ചത്. ജനുവരി 17ന് ജാമ്യം ലഭിച്ച ദേശായി ഫെബ്രുവരി 9നാണ് യെര്‍വാദ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.

ജയിലില്‍ നിന്ന് പുറത്തിറങ്ങി മിനിറ്റുകള്‍ക്കകം തന്നെ കര്‍ശനമായ ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കുകയായിരുന്നു. യെര്‍വാദ ജയിലില്‍ നിന്ന് പൗദ് ഗ്രാമത്തിലെ ദേശായിയുടെ വീട് വരെയുള്ള റോഡ് ഒരു മണിക്കൂറോളം ബ്ലോക്കാക്കിയാണ് അനുയായികള്‍ സ്വീകരണം നല്‍കിയത്. കാറുകളും ബൈക്കുകളും അണിനിരന്ന പരിപാടിയില്‍ ജയ് ശ്രീറാം വിളികളോടെയാണ് അണികള്‍ പങ്കെടുത്തത്. കാവിക്കൊടികളുമായെത്തിയ എച്ച്ആര്‍എസ് പ്രവര്‍ത്തകര്‍ വഴിനീളെ പടക്കം പൊട്ടിക്കുകയും ചെയ്തു.

Full View

റാലിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ലൈവായി കാണിക്കുകയും ചെയ്തു. ഇതും ജസ്റ്റിസ് സാധന ജാഥവ് നിര്‍ദേശിച്ച പ്രാഥമിക ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണ്. ദേശായി ഏതെങ്കിലും പ്രസംഗമോ, അഭിമുഖമോ, ബൈറ്റുകളോ വാട്ട്‌സാപ്പ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങി ഒരു തരത്തിലുള്ള സോഷ്യല്‍ മീഡിയയിലും പ്രസിദ്ധപ്പെടുത്തരുതെന്ന് ജാമ്യവ്യവസ്ഥകളില്‍ പറയുന്നു.

കൊലപാതകത്തിലും കലാപത്തിലും പ്രതിയായ ഒരാളെ ഈ രീതിയില്‍ റാലി നടത്താന്‍ അനുവദിച്ചത് ഞെട്ടിക്കുന്നതാണെന്ന് മുഹ്‌സിന്റെ ഇളയ സഹോദരന്‍ മുബീന്‍ പറഞ്ഞു. കോടതി വ്യക്തമായി വിരോധിച്ചിട്ട് പോലും പോലിസിന്റെ കണ്‍മുന്നിലാണ് ഇങ്ങനെയൊരു പരിപാടി നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദേശായിക്കും അനുയായികള്‍ക്കുമെതിരേ ജാമ്യമില്ലാ വ്യവസ്ഥകള്‍ പ്രകാരം യെര്‍വാദ പോലിസ് കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ജാമ്യവ്യവസ്ഥകള്‍ ലംഘിക്കപ്പെട്ട കാര്യം ഹദാപ്‌സര്‍ പോലിസ് സ്‌റ്റേഷനിലെ അസിസ്റ്റന്റ് പോലിസ് ഇന്‍സ്‌പെക്ടര്‍ കിരണ്‍ ലോന്‍തെ സ്ഥിരീകരിച്ചു. എന്നാല്‍, ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കുമോ എന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഇക്കാര്യം പോലിസ് കമ്മീഷണര്‍ തലത്തിലാണ് തീരുമാനിക്കേണ്ടതെന്ന് കിരണ്‍ ലോന്‍തെ പറഞ്ഞു.

Full View

2014 ജൂണ്‍ 2നാണ് മുഹ്‌സിന്‍ ശെയ്ഖ് കൊല്ലപ്പെട്ടത്. മുഹ്‌സിനും സുഹൃത്തുക്കളും ഹദാപ്‌സറിലെ മസ്ജിദില്‍ നമസ്‌കരിക്കാന്‍ എത്തിയതായിരുന്നു. പള്ളിക്കു പുറത്ത് ദേശായിയുടെ നേതൃത്വത്തില്‍ എത്തിയ ഒരു വലിയ ജനക്കൂട്ടം ഉണ്ടായിരുന്നു. തൊപ്പിയും വെള്ള വസ്ത്രവും ധരിച്ച മുഹ്‌സിനെയും സുഹൃത്ത് റിയാസ് പത്താനിയെയും ജനക്കൂട്ടം ഓടിച്ചിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ഹോക്കി സ്റ്റിക്കുകളും മറ്റും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ നിന്ന് റിയാസ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മുഹ്‌സിനെ സിമന്റ് കട്ടകള്‍ കൊണ്ട ്തലയ്ക്കടിച്ചാണ് ഹിന്ദുത്വര്‍ കൊലപ്പെടുത്തിയത്.


മുഹ്‌സിന്‍ ശെയ്ഖ്‌

മുഹ്‌സിന്റെ മരണത്തോടെ സഹോദരനെ മാത്രമല്ല കൂടുംബത്തിന്റെ വലിയ സ്വപ്‌നം കൂടിയാണ് നഷ്ടപ്പെട്ടതെന്ന് മുബീന്‍ പറഞ്ഞു. കേസ് വിടാതെ പിന്തുടര്‍ന്നിരുന്ന പിതാവ് മുഹമ്മദ് സാദിഖ് കഴിഞ്ഞ ഡിസംബറില്‍ ഹൃദയാഘാതം മൂലം മരിച്ചു. മാതാവ് മാറാരോഗിയായി മാറി. അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും കേസില്‍ വലിയ പുരോഗതി ഉണ്ടായിട്ടില്ല. 21 പ്രതികളില്‍ ദേശായി ഉള്‍പ്പെടെ 19 പേരും ജാമ്യത്തിലിറങ്ങി.

മുഹ്‌സിന്റെ മരണം നടന്ന ഉടനെ അന്നത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി പൃഥ്വി രാജ് ചവാന്‍ കുടുംബത്തിലൊരാള്‍ക്ക് ജോലിയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്‌തെങ്കിലും എല്ലാം പാഴ് വാക്കായി. ദേശായിക്ക് ജാമ്യം നല്‍കിയതിനെതിരേ സുപ്രിം കോടതിയെ സമീപിക്കുമെന്ന് മുബീന്‍ പറഞ്ഞു.  

Tags:    

Similar News