മുഹ്‌സിന്‍ ശെയ്ഖ് വധക്കേസ്: ഹിന്ദുത്വ നേതാവ് ധനഞ്ജയ് ദേശായിയുടെ ജാമ്യം റദ്ദാക്കണമെന്നു മനുഷ്യാവകാശ പ്രവര്‍ത്തകര്‍
സുഹൃത്തുക്കളോടൊപ്പം ഹദാപ്‌സറിലെ മസ്ജിദില്‍ നമസ്‌കരിക്കാന്‍ എത്തിയ മുഹ്‌സിന്‍ ശെയ്ഖിനെ 2014 ജൂണ്‍ 2നാണ് ഹിന്ദുത്വര്‍ മര്‍ദിച്ചു കൊന്നത്. സിമന്റ് കട്ടകള്‍ കൊണ്ടു തലയ്ക്കടിച്ചാണ് മുഹ്‌സിനെ കൊന്നത്.
മുംബൈ: ഐടി എന്‍ജിനീയര്‍ മുഹ്‌സിന്‍ ശെയ്ഖിനെ വധിച്ച കേസിലെ പ്രധാന പ്രതിയായ ഹിന്ദു രാഷ്ട്ര സേനാ (എച്ച്ആര്‍എസ്) നേതാവ് ധനഞ്ജയ് ദേശായിയുടെ ജാമ്യം റദ്ദാക്കണമെന്നു മനുഷ്യാവകാശപ്രവര്‍ത്തകര്‍. പുറത്തിറങ്ങിയ ഉടന്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച ദേശായിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടു മുസ്‌ലിം മഞ്ച്, ജംഇയത്തുല്‍ ഉലമാ ഹിന്ദ്, ദലിത് യുവ ആന്ദോളന്‍ തുടങ്ങിയ സംഘടനകളുടെ നേതൃത്ത്വത്തില്‍ 200ഓളം പേര്‍ യെര്‍വാദ ജയിലിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ദേശായിയെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടു ഇവര്‍ ഡിസിപിക്കു പരാതിയും നല്‍കി. ദേശായിയെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പട്ടു ജസ്റ്റിസ് ഫോര്‍ മുഹ്‌സിന്‍ കൂട്ടായമയുടെ നേതൃത്ത്വത്തില്‍ വിവിധ പ്രദേശങ്ങളിലും പ്രതിഷേധകൂട്ടായ്മകള്‍ സംഘടപിച്ചിരുന്നു. ഫെബ്രുവരി 9നു ജാമ്യം നേടി പുറത്തിറങ്ങിയ ഉടന്‍ ദേശായി ബോംബെ ഹൈക്കോടതിയുടെ വ്യവസ്ഥകള്‍ പരസ്യമായി ലംഘിക്കുകയായിരുന്നു. പൊതുപരിപാടികളില്‍ പങ്കെടുക്കരുതെന്ന കര്‍ശന വ്യവസ്ഥയുണ്ടെങ്കിലും യെര്‍വാദ ജയിലില്‍ നിന്ന് ദേശായിയുടെ വീട് വരെയുള്ള റോഡ് ഗതാഗതം ഒരു മണിക്കൂറോളം തടസ്സപ്പെടുത്തിയാണു അനുയായികള്‍ ദേശായിക്കു സ്വീകരണം നല്‍കിയത്. കാറുകളും ബൈക്കുകളും അണിനിരന്ന പരിപാടിയില്‍ ജയ് ശ്രീറാം വിളികളോടെയാണ് അണികള്‍ പങ്കെടുത്തത്. കാവിക്കൊടികളുമായെത്തിയ എച്ച്ആര്‍എസ് പ്രവര്‍ത്തകര്‍ വഴിനീളെ പടക്കം പൊട്ടിക്കുകയും ചെയ്തു. ദേശായിയുടെ പ്രസംഗമോ, അഭിമുഖമോ സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധപ്പെടുത്തരുതെന്ന് ജാമ്യവ്യവസ്ഥകളില്‍ പറഞ്ഞിരുന്നെങ്കിലും റാലിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ലൈവായി കാണിക്കുകയും ചെയ്തു. സുഹൃത്തുക്കളോടൊപ്പം ഹദാപ്‌സറിലെ മസ്ജിദില്‍ നമസ്‌കരിക്കാന്‍ എത്തിയ മുഹ്‌സിന്‍ ശെയ്ഖിനെ 2014 ജൂണ്‍ 2നാണ് ഹിന്ദുത്വര്‍ മര്‍ദിച്ചു കൊന്നത്. സിമന്റ് കട്ടകള്‍ കൊണ്ടു തലയ്ക്കടിച്ചാണ് മുഹ്‌സിനെ കൊന്നത്. തൊപ്പിയും വെള്ള വസ്ത്രവും ധരിച്ച മുഹ്‌സിനെയും സുഹൃത്ത് റിയാസ് പത്താനിയെയും ജനക്കൂട്ടം ഓടിച്ചിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ഹോക്കി സ്റ്റിക്കുകളും മറ്റും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ നിന്ന് റിയാസ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മുഹ്‌സിന്റെ മരണം നടന്ന ഉടനെ അന്നത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി പൃഥ്വി രാജ് ചവാന്‍ കുടുംബത്തിലൊരാള്‍ക്ക് ജോലിയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്‌തെങ്കിലും എല്ലാം പാഴ്‌വാക്കാവുകയായിരുന്നു.