'രാജ്യത്തിന്റെ അന്തസ്സ് ഇടിക്കുന്നു'; മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരേ പ്രധാനമന്ത്രി

Update: 2021-10-12 07:18 GMT

ന്യൂഡല്‍ഹി: മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ആരോപണങ്ങള്‍ അന്താരാഷ്ട്ര രംഗത്ത് രാജ്യത്തിന്റെ അന്തസ്സ് ഇടിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിലര്‍ രാഷ്ട്രീയ നേട്ടത്തോടെയാണ് മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ എപ്പോള്‍, എവിടെ ഉയര്‍ത്തണമെന്ന് തീരുമാനിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ ആരുടെയും പേരെടുത്തു പറയാതെയായിരുന്നു വിമര്‍ശനം. സംഘനകളുടെ പേരും എടുത്തുപറഞ്ഞില്ല. 

''ചിലര്‍ ചില പ്രശ്‌നങ്ങളില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ കാണുന്നു, മറ്റ് ചിലതില്‍ കാണുന്നില്ല. സമാനമായ സംഭവങ്ങളിലും അതാണ് രീതി. രാഷ്ട്രീയ കണ്ണോടെയാണ് അവര്‍ എന്തും വീക്ഷിക്കുന്നത്. ഇത്തരം രീതികള്‍ ജനാധിപത്യത്തെ ക്ഷയിപ്പിക്കും''- അദ്ദേഹം പറഞ്ഞു.

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ 28ആമത് സ്ഥാപക ദിന ആഘോഷച്ചടങ്ങുകളില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

''ചിലര്‍ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ രാജ്യത്തിന്റെ അന്തസ്സ് ഇടിക്കുന്നു. ഇക്കാര്യം ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. രാഷ്ട്രീയ താല്‍പ്പര്യത്തോടെയാണ് പല ആരോപണങ്ങളും ഉയര്‍ത്തുന്നത്. അത് ജനാധിപത്യത്തെ ക്ഷീണിപ്പിക്കും''- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News