വന്‍ തീപ്പിടിത്തം; ചരിത്രപ്രസിദ്ധമായ സെക്കന്തരാബാദ് ക്ലബ്ബ് കത്തിയമര്‍ന്നു (വീഡിയോ)

Update: 2022-01-16 07:39 GMT

ഹൈദരാബാദ്: ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന ക്ലബ്ബുകളിലൊന്നായ സെക്കന്തരാബാദ് ക്ലബ് തീപ്പിടിത്തത്തില്‍ കത്തിയമര്‍ന്നു. ഇന്ന് പുലര്‍ച്ചെ 2.30നാണ് തീപ്പിടിത്തമുണ്ടായത്. 144 വര്‍ഷം പഴക്കമുള്ള കെട്ടിടം പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാവാം തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ആളപായമൊന്നും ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടില്ല. ചരിത്രപ്രസിദ്ധമായ ക്ലബ്ബിലുണ്ടായ തീപ്പിടിത്തത്തില്‍ 35-40 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. 1878ല്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച സെക്കന്തരാബാദ് ക്ലബ് ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന അഞ്ച് ക്ലബ്ബുകളില്‍ ഒന്നാണെന്ന്. 22 ഏക്കറിലാണ് ഈ ക്ലബ് സ്ഥിതി ചെയ്യുന്നത്.

50,000 ചതുരശ്രയടിയിലുള്ള കെട്ടിടത്തിന്റെ ഭൂരിഭാഗവും തടികൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. അതിനാല്‍, തീ ആളിപ്പര്‍ന്നു. തീപ്പിടിത്തത്തിന്റെ വീഡിയോകളും ചിത്രങ്ങളും പുറത്തുവന്നു. സൈനിക ഉദ്യോഗസ്ഥര്‍, ബ്യൂറോക്രാറ്റുകള്‍, നയതന്ത്രജ്ഞര്‍, പോലിസ് ഉദ്യോഗസ്ഥര്‍, പ്രൊഫഷനലുകള്‍, ശാസ്ത്രജ്ഞര്‍, വ്യവസായികള്‍ എന്നിവരുള്‍പ്പെടെ 8,000 അംഗങ്ങളുള്ള ക്ലബ്ബിന് ഹൈദരാബാദ് നഗര വികസന അതോറിറ്റി 2017ല്‍ പൈതൃക പദവി നല്‍കിയിട്ടുണ്ട്. 300ഓളം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. അപകടത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഹൈദരാബാദ് പോലിസ് കമ്മീഷണര്‍ പറഞ്ഞു.

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പൈതൃക കെട്ടിടത്തിലെ തീപ്പിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ചതെന്ന് അഗ്‌നിശമനസേനാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'ഞങ്ങള്‍ ഉടന്‍തന്നെ 10 ഫയര്‍ യൂനിറ്റുകള്‍ കെട്ടിടത്തിലേക്ക് എത്തിച്ചു. തീ നിയന്ത്രണവിധേയമാക്കാന്‍ മൂന്നോ നാലോ മണിക്കൂറോളം വേണ്ടിവന്നു. ക്ലബ്ബ് പൂര്‍ണമായും ചാരമായി. 'സംക്രാന്തി ആഘോഷത്തിന്റെ പേരില്‍ ശനിയാഴ്ച ക്ലബ്ബ് അടച്ചിരുന്നു.

തീപ്പിടിത്തത്തില്‍ നിരവധി ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതായി കരുതുന്നു. അതുകൊണ്ട് തീ അണയ്ക്കാന്‍ ഏറെ പാടുപെടേണ്ടിവന്നതായി അഗ്‌നിശമന സേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 'ക്ലബ്ബ് എന്റെ വസതിക്ക് വളരെ അടുത്താണ്. എന്തോ അപകടം പറ്റിയെന്ന് കരുതി. ഇന്ന് രാവിലെയാണ് ഞാന്‍ സംഭവത്തെക്കുറിച്ച് അറിഞ്ഞത്,' പ്രമുഖ പൈതൃക സംരക്ഷകയും ഇന്ത്യന്‍ നാഷനല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ ഹെറിറ്റേജിന്റെ കണ്‍വീനര്‍ കൂടിയായ അനുരാധ റെഡ്ഡി പറഞ്ഞു.

Tags:    

Similar News