മാര്‍പാപ്പയുടെ ത്രിദിന ഇറാഖ് സന്ദര്‍ശനത്തിന് ഇന്ന് തുടക്കം

ചരിത്രത്തില്‍ ആദ്യമായാണ് ഒരു മാര്‍പാപ്പ ഇറാഖ് സന്ദര്‍ശിക്കാനെത്തുന്നത്.

Update: 2021-03-05 04:10 GMT

ബാഗ്ദാദ്: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ത്രിദിന ഇറാഖ് സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മാര്‍പാപ്പ ഇറാഖ് സന്ദര്‍ശിക്കാനെത്തുന്നത്. 15 മാസങ്ങള്‍ക്ക് ശേഷമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വിദേശ പര്യടനം നടത്തുന്നത്. സന്ദര്‍ശനത്തിനിടെ ഷിയാ ആത്മീയാചാര്യനായ ആയത്തുല്ല അലി അല്‍ സിസ്താനി അടക്കമുള്ളവരുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തും. മാര്‍പാപ്പയുടെ സന്ദര്‍ശത്തിന് സുരക്ഷയൊരുക്കാന്‍ 10,000 സൈനികരെയാണ് സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ളത്.

നിങ്ങള്‍ എല്ലാവരും സഹോദരന്‍മാരാണ് എന്ന വാക്യമാണ് സന്ദര്‍ശനത്തിന്റെ പ്രമേയം. ഉച്ചയ്ക്ക് പ്രാദേശിക സമയം രണ്ടിന് ബാഗ്ദാദിലെത്തുന്ന മാര്‍പാപ്പ തുടര്‍ന്ന് ഇറാഖ് പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. പൂര്‍വപിതാവായ അബ്രഹാം ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന ഊര്‍ സന്ദര്‍ശിക്കുന്ന മാര്‍പാപ്പ, നജാഫിലെ ഷിയാ ആത്മീയാചാര്യനായ ആയത്തുല്ല അലി അല്‍ സിസ്താനിയുമായി കൂടിക്കാഴ്ച നടത്തും.

യുഎസ് നേതൃത്വത്തിലുള്ള അധിനിവേശ ശക്തികളും ഐഎസും തകര്‍ത്ത മൗസില്‍ അടക്കം ആറ് നഗരങ്ങള്‍ മാര്‍പാപ്പ സന്ദര്‍ശിക്കും. യുദ്ധവും അഭ്യന്തര കലാപങ്ങളും സായുധാക്രമണവും അതിജീവിക്കുന്ന ഇറാഖിലെ പുരാതന ക്രൈസ്തവ സമൂഹത്തിന് സാന്ത്വനം പകരുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന്റെ പ്രഥമലക്ഷ്യമെന്ന് വത്തിക്കാന്‍ വ്യക്തമാക്കി.

Tags:    

Similar News