കുടുംബങ്ങളുടെ ആശീര്‍വാദത്തോടെ സ്വവര്‍ഗാനുരാഗികള്‍ വിവാഹിതരായി
2018ല്‍ സ്വവര്‍ഗാനുരാഗം കുറ്റകരമല്ലാതാക്കിയെങ്കിലും ഇന്ത്യന്‍ വിവാഹ നിയമപ്രകാരം സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാനാകില്ല. പഞ്ചാബി ബംഗാളി ആചാര പ്രകാരമാണ് വിവാഹം നടന്നത്
ഹൈദരാബാദ്: കുടുംബങ്ങളുടെ ആശീര്‍വാദത്തോടെ സ്വവര്‍ഗാനുരാഗികള്‍ വിവാഹിതരായി. ഹൈദരാബാദിലാണ് 34കാരനായ അഭയ് ഡാങ്കെയും 31 കാരനായ സുപ്രിയോ ചക്രബൊര്‍ത്തിയും തമ്മിലുള്ള സ്വര്‍ഗ്ഗ വിവാഹം നടന്നത്. എട്ടുവര്‍ഷം ഒരുമിച്ച് ജീവിച്ചതിന് ശേഷമാണ് ഇരുവരും ഡിസംബര്‍ 18ന് വിവാഹിതരായത്. ടൈംസ് ഓഫ് ഇന്ത്യയാണ് വിവാഹ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 2018ല്‍ സ്വവര്‍ഗാനുരാഗം കുറ്റകരമല്ലാതാക്കിയെങ്കിലും ഇന്ത്യന്‍ വിവാഹ നിയമപ്രകാരം സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാനാകില്ല. പഞ്ചാബി ബംഗാളി ആചാര പ്രകാരമാണ് വിവാഹം നടന്നത്. വിവാഹത്തിന് തൊട്ടുമുമ്പുള്ള മെഹന്തി, ഹല്‍ദി ചടങ്ങുകളും സംഗീത പരിപാടിയുമുണ്ടായിരുന്നു. ഡേറ്റിങ് ആപ്പിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. ഒരുമാസത്തിന് ശേഷം സുപ്രിയോ അഭയുമായുള്ള ബന്ധം അമ്മയെ അറിയിച്ചു. ആദ്യം അമ്പരന്നെങ്കിലും അമ്മ ഇരുവരുടെയും ബന്ധത്തെ പൂര്‍ണമനസ്സോടെ അംഗീകരിച്ചു.
തങ്ങളുടെ ബന്ധത്തിന് കുടുംബത്തിന്റെ പൂര്‍ണ പിന്തുണയുണ്ടായിരുന്നെന്ന് സുപ്രിയോ ചക്രബൊര്‍ത്തി പറഞ്ഞു. സ്വവര്‍ഗാനുരാഗികള്‍ എന്ന നിലയിലുള്ള ജീവിതം അത്ര ബുദ്ധിമുട്ടായിരുന്നില്ലെന്നും സമൂഹത്തിലേക്ക് ധൈര്യപൂര്‍വം ഇറങ്ങിച്ചെന്നാല്‍ അംഗീകരിക്കപ്പെടുമെന്നതാണ് തങ്ങളുടെ അനുഭവമെന്നും സുപ്രിയോ പറഞ്ഞു. ഇന്ന് കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നടുവില്‍ ദമ്പതികളെന്ന നിലയില്‍ ഇരിക്കാനാകുന്നത് വലിയ സന്തോഷമുള്ള കാര്യമാണ്. അഭയിയെ എന്റെ പങ്കാളിയാണെന്ന് പറയുന്നത് മനോഹരമായ കാര്യമാണ്. പ്രിയപ്പെട്ടവര്‍ അംഗീകരിക്കുകയും സ്‌നേഹിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നത് വലിയ കാര്യമാണെന്നും സുപ്രിയോ പറഞ്ഞു. 12ാം വയസില്‍ തന്നെ തന്റെ ലൈഗീംക അഭിരുചി തിരിച്ചറിഞ്ഞിരുന്നെന്നും കുടുംബത്തില്‍ നിന്ന പുറത്ത് കടക്കണമെന്നും ആഗ്രഹിച്ചിരുന്നുവെന്നും കുടുംബത്തെ വിചാരിച്ച് അവരോടൊപ്പം തന്നെ ചിലവഴിക്കുകയായിരുന്നുവെന്നും സുപ്രിയോ പറഞ്ഞു.