പ്രതിഷേധത്തിനിടെ തേനീച്ചക്കൂടിന് കല്ലെറിഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; കൊടിയടക്കം വലിച്ചെറിഞ്ഞ് ഓടി, പോലിസുകാര്‍ അടക്കം നിരവധി പേര്‍ക്ക് കുത്തേറ്റു (വീഡിയോ)
ഭുവനേശ്വര്‍: പത്ത് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഐഎഎസ് ഉദ്യോഗസ്ഥനെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തേനീച്ചകള്‍ ആക്രമിച്ചു. തേനീച്ച ആക്രമണത്തെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഓടിരക്ഷപ്പെട്ടു. പ്രതിഷേധക്കാരെ നേരിടാന്‍ ഉദ്യോഗസ്ഥന്റെ വീടിന് സമീപം കാവല്‍ നിന്ന പോലിസുകാരെയും തേനീച്ചകള്‍ ആക്രമിച്ചു. ഓടിരക്ഷപ്പെടാന്‍ പാടില്ലാത്തതിനാല്‍ അവര്‍ നിലത്തുകിടന്നു. പ്രതിഷേധം റിപോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരേയും തേനീച്ചകള്‍ വെറുതെവിട്ടില്ല. പലര്‍ക്കും കുത്തേറ്റു.
പ്രതിഷേധത്തിനിടെ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തേനീച്ചക്കൂട്ടിലേക്ക് കല്ലെറിഞ്ഞതാണ് തേനീച്ചകളെ പ്രകോപിപ്പിച്ചത്. പ്രവര്‍ത്തകര്‍ കൊടിയും മറ്റും വലിച്ചെറിഞ്ഞ് ഓടുന്നതിന്റെയും വാഹനങ്ങളില്‍ കയറി രക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു.
തേനീച്ചകള്‍ ഒതുങ്ങിയെന്ന് മനസിലാക്കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിന്നീട് പ്രദേശത്ത് തിരിച്ചെത്തി പ്രതിഷേധം തുടര്‍ന്നു. പോലിസിന്റെ ബാരിക്കേഡുകള്‍ ചാടിക്കടന്ന ചില പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. പതിനഞ്ച് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ആറു പോലിസുകാര്‍ക്കും കുത്തേറ്റതായി കാപിറ്റല്‍ പോലിസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ ദയാനിധി നായക് പറഞ്ഞു.
പത്ത് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഒഡീഷ സാമൂഹിക സുരക്ഷാ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിഷ്ണുപത സേത്തിക്കെതിരെ കേസെടുക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം. പരാതിയില്‍ നേരത്തെ സിബിഐ ഇയാളെയും ഡ്രൈവര്‍ അടക്കമുള്ള സഹായികളെയും ചോദ്യം ചെയ്തിരുന്നു. പത്ത് ലക്ഷം രൂപയുമായി ഡിസംബര്‍ ഏഴിന് മൂന്നു പേരെ പോലിസ് ഭുവനേശ്വറില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പണത്തിന്റെ സ്രോതസിനെ കുറിച്ച് പോലിസിന് സൂചന ലഭിച്ചത്. സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ആരോപണ വിധേയനായതിനാലാണ് കേസിലെ അന്വേഷണം സര്‍ക്കാര്‍ സിബിഐക്ക് വിട്ടത്.