കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക: എ മുഹമ്മദ് ഫാറൂഖ്

കേന്ദ്ര ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂനിയന്‍ (എസ്ഡിടിയു) ദേശീയ ജനറല്‍ സെക്രട്ടറി എ മുഹമ്മദ് ഫാറൂഖ്

Update: 2024-12-17 08:16 GMT

തിരുവനന്തപുരം: കേന്ദ്ര ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂനിയന്‍ (എസ്ഡിടിയു) ദേശീയ ജനറല്‍ സെക്രട്ടറി എ മുഹമ്മദ് ഫാറൂഖ്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരേ എസ്ഡിടിയു സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ തൊഴിലാളികള്‍ സമരം ചെയ്തു നേടിയ 44 തൊഴിലാളി നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കുകയും പകരം നാല് നിയമങ്ങള്‍ കൊണ്ടുവരികയും ചെയ്തിരിക്കുന്നു. ഇതോടെ തൊഴിലാളികളെ കോര്‍പ്പറേറ്റുകളുടെ അടിമകളാക്കിയിരിക്കുകയാണ്. എട്ടു മണിക്കൂര്‍ ജോലി എന്നുള്ളത് 12 മണിക്കൂര്‍ ആയി വര്‍ധിപ്പിക്കുകയും 50 മണിക്കൂര്‍ ഓവര്‍ടൈം എന്നത് 125 മണിക്കൂര്‍ വരെ ആയും മാറ്റിയിരിക്കുന്നു. ഇതുമൂലം തൊഴിലാളികള്‍ തുല്യതയില്ലാത്ത കഷ്ടപ്പാടുകളാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

ബിജെപി സര്‍ക്കാറിന്റെ പുതിയ നിയമം മൂലം തൊഴിലാളികള്‍ക്ക് മിനിമം ശമ്പളം പോലും ലഭിക്കുന്നില്ലെന്നു മാത്രമല്ല അവര്‍ക്ക് ലഭിക്കേണ്ട ബോണസ് പൂര്‍ണമായും നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു. സ്ഥിരം തൊഴിലാളിക്ക് പകരം കരാര്‍ തൊഴിലാളി എന്നുള്ള നിയമം പൂര്‍ണ്ണമായും മുതലാളിമാര്‍ക്ക് മാത്രമാണ് ഗുണം ചെയ്യുന്നത്. പ്രത്യേക സാമ്പത്തിക മേഖല (സെസ്) കളില്‍ തൊഴിലാളി യൂനിയനുകള്‍ക്ക് പ്രവര്‍ത്തന അനുമതി നല്‍കണമെന്നും അല്ലാത്ത പക്ഷം മേഖലയിലെ തൊഴിലാളികളെ പൂര്‍ണമായും അടിമവല്‍ക്കരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 'കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തുക, തൊഴില്‍ വിരുദ്ധ നിയമ ഭേദഗതികള്‍ അവസാനിപ്പിക്കുക, പ്രത്യേക സാമ്പത്തിക മേഖലകളില്‍ (സെസ്) ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുക' തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിച്ചത്.

മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സംസ്ഥാന പ്രസിഡന്റ്് എ വാസു, വൈസ് പ്രസിഡന്റ് ഇ എസ് കാജാ ഹുസൈന്‍, ജനറല്‍ സെക്രട്ടറിമാരായ നിസാമുദ്ദീന്‍ തച്ചോണം, ഫസലു റഹ്‌മാന്‍, സെക്രട്ടറി സലീം കാരാടി, ട്രഷറര്‍ അഡ്വ. എ എ റഹീം സംസാരിച്ചു. രാവിലെ 11ന് മ്യൂസിയം പരിസരത്തു നിന്നാരംഭിച്ച മാര്‍ച്ചിന് സംസ്ഥാന നേതാക്കളായ ഇസ്മായില്‍ കമ്മന, നാസര്‍ പുറക്കാട്, ജലീല്‍ കടയ്ക്കല്‍, ഹനീഫ വേങ്ങര, നിസാര്‍ സലിം പരുത്തിക്കുഴി, അബ്ദുല്‍ സലാം പറക്കാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    

Similar News