ജാത്യാഭിമാനക്കൊല: 23കാരനെ ഭാര്യയുടെ സഹോദരന്‍മാര്‍ കുത്തിക്കൊന്നു
ജാതി മാറി വിവാഹം ചെയ്തതാണ് കൊലപാതകത്തിന് കാരണം. 23കാരനായ നീരജാണ് കൊല്ലപ്പെട്ടത്.
ചണ്ഡീഗഢ്: ഹരിയാനയില്‍ ദുരഭിമാനക്കൊല. പാനിപത്തില്‍ യുവാവിനെ ഭാര്യയുടെ സഹോദരന്‍മാര്‍ കുത്തിക്കൊലപ്പെടുത്തി. ജാതി മാറി വിവാഹം ചെയ്തതാണ് കൊലപാതകത്തിന് കാരണം. 23കാരനായ നീരജാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി പാനിപത്തിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ വെച്ചായിരുന്നു കൊലപാതകം. പ്രതികള്‍ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. നീരജിന്റെ സഹോദരന്‍ ജഗദീഷാണ് പരാതി നല്‍കിയത്.
കൊലപാതകത്തിന് തൊട്ടുമുമ്പ് നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നീരജിനെ ഫോണ്‍ ചെയ്‌തെന്നും നീരജിന്റെ ഭാര്യയെ വിളിച്ച് നീ ഉടന്‍ കരയുമെന്ന് പറഞ്ഞതായും ജഗദീഷ് പറഞ്ഞു. നേരത്തെയും വധ ഭീഷണിയുണ്ടായിരുന്നെന്നും പോലിസില്‍ പരാതിപ്പെട്ടിട്ട് നടപടിയെടുത്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇവരുടെ പ്രണയം പ്രശ്‌നമായപ്പോള്‍ ഗ്രാമത്തിലെ പ്രമുഖരുടെ നേതൃത്വത്തില്‍ ഒത്തുതീര്‍പ്പ് നടന്നിരുന്നു. വിവാഹത്തിന് ഇരു കുടുംബങ്ങളും സമ്മതിച്ചെങ്കിലും സഹോദരന്മാര്‍ എതിര്‍ത്തുവെന്ന് ഡെപ്യൂട്ടി എസ്പി സതീഷ് കുമാര്‍ പറഞ്ഞു. ഒന്നര മാസം മുമ്പാണ് ഇരുവരും വിവാഹിതരാകുന്നത്. മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ ദുരഭിമാനക്കൊലയാണ് ഹരിയാനയില്‍ നടക്കുന്നത്.