ഇസ്രായേലി കപ്പലിലെ ജീവനക്കാരെ 14 മാസത്തിന് ശേഷം വിട്ടയച്ച് ഹൂത്തികള്‍; നടപടി ഹമാസിന്റെയും ഒമാന്റെയും അഭ്യര്‍ത്ഥന മാനിച്ചെന്ന് പ്രഖ്യാപനം

സന്‍ആ: ഗസയ്ക്ക് പിന്തുണപ്രഖ്യാപിച്ച് 2023 നവംബറില്‍ ചെങ്കടലില്‍ നിന്നു പിടികൂടിയ ഇസ്രായേലി കപ്പലിലെ ജീവനക്കാരെ വിട്ടയച്ച് യെമനിലെ ഹൂത്തികള്‍. ഇസ്രായേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് നടപടിയെന്ന് സുപ്രിം പൊളിറ്റിക്കല്‍ കൗണ്‍സില്‍ അറിയിച്ചു. ഒമാന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയും ഫലസ്തീനിലെ ഹമാസിന്റെ ആവശ്യവും തീരുമാനത്തിന് കാരണമായി. ഇതോടെ ഒമാന്‍ വായുസേനയുടെ വിമാനം സന്‍ആയിലെത്തി തടവുകാരെ കൊണ്ടുപോയി.
ഇസ്രായേലിലെ ഏറ്റവും സമ്പന്നനാണെന്ന് അറിയപ്പെടുന്ന എബ്രഹാം റാമി ഉന്‍ഗാറിന്റെ ഉടമസ്ഥതയിലുള്ള ഗ്യാലക്‌സി ലീഡര്‍ എന്ന കപ്പലാണ് 2023 നവംബറില്‍ ഹെലികോപ്റ്ററില്‍ എത്തിയ ഹൂത്തി സൈനികര്‍ പിടികൂടിയത്. ബഹാമാസ് എന്ന രാജ്യത്തിന്റെ പതാകയുമായിട്ടായിരുന്നു ഈ കപ്പല്‍ സഞ്ചരിച്ചിരുന്നത്. ഇതിലുണ്ടായിരുന്ന ഫിലിപ്പൈന്‍സ്, ബള്‍ഗേറിയ, റുമാനിയ, യുക്രൈയ്ന്‍, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 25 പേരെ യെമനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇവരെയാണ് ഇപ്പോള്‍ മോചിപ്പിച്ചിരിക്കുന്നത്. നിലവില്‍ ഈ കപ്പല്‍ ഹുദൈദ തുറമുഖത്താണ് നങ്കൂരമിട്ട് കിടക്കുന്നത്.
ഗസയില്‍ വെടിനിര്‍ത്തല്‍ വന്ന പശ്ചാത്തലത്തില്‍ ഇനിമുതല്‍ ചെങ്കടലിലൂടെ സഞ്ചരിക്കുന്ന യുഎസ്-യുകെ കപ്പലുകളെ ആക്രമിക്കില്ലെന്ന് ഹൂത്തികള്‍ പ്രഖ്യാപിച്ചിരുന്നു. ഇസ്രായേലി കപ്പലുകളെ മാത്രമേ നേരിടൂ. എന്നാല്‍, ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ടാല്‍ യുഎസ്-യുകെ കപ്പലുകള്‍ വീണ്ടും ആക്രമണപരിധിയില്‍ വരും.
ഇസ്രായേലിന്റെ അധിനിവേശത്തിനെതിരെ ഹൂത്തികള്‍ പ്രഖ്യാപിച്ച കടല്‍ ഉപരോധം ഏഷ്യയും യൂറോപ്പും തമ്മിലുള്ള ഊര്‍ജവ്യാപാരത്തെയും ബാധിച്ചിരുന്നു. ഇത് സൂയസ് കനാലില്‍ നിന്നുള്ള ഈജിപ്തിന്റെ വരുമാനവും പകുതിയാക്കി.