യെമനിലെ ഗസ അനുകൂല റാലിക്ക് സമീപം വ്യോമാക്രമണം നടത്തി യുഎസും ബ്രിട്ടനും; ചെങ്കടലില്‍ യുഎസ് വിമാനവാഹിനി കപ്പലിനെ ആക്രമിച്ച് തിരിച്ചടിച്ച് ഹൂത്തികള്‍ (video)

Update: 2025-01-10 16:34 GMT

സന്‍ആ: യെമനില്‍ വ്യോമാക്രമണം നടത്തി യുഎസും യുകെയും ഇസ്രായേലും. ഗസയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് എല്ലാ വെള്ളിയാഴ്ചയും സംഘടിപ്പിക്കുന്ന ദശലക്ഷം പേരുടെ റാലി നടക്കുന്ന അല്‍ സബീന്‍ സ്‌ക്വയറിന് സമീപമാണ് വ്യോമാക്രമണം നടന്നത്. ആളുകള്‍ എത്തി റാലി തുടങ്ങാനിരിക്കെയാണ് ചുറ്റുവട്ടത്തെ സ്ഥലങ്ങളില്‍ വ്യോമാക്രമണം നടന്നത്. 12 തവണയാണ് ഈ പ്രദേശത്ത് വ്യോമാക്രമണം നടന്നിരിക്കുന്നത്.

ഹൊദൈദയിലെ തുറമുഖത്തിന് നേരെ ആറുതവണ വ്യോമാക്രമണമുണ്ടായി. യുഎസുമായി ചേര്‍ന്ന് യെമനില്‍ ആക്രമണം നടത്തിയെന്ന് ഇസ്രായേലി സര്‍ക്കാര്‍ മാധ്യമമായ കാന്‍ റിപോര്‍ട്ട് ചെയ്തു.

വ്യോമാക്രമണം നടന്നിട്ടും യെമനികള്‍ റാലി തുടര്‍ന്നു. '' അല്ലാഹു അക്ബര്‍, അമേരിക്കയ്ക്ക് മരണം, ഇസ്രായേലിന് മരണം, യഹൂദന് ശാപം, ഇസ്‌ലാമിന് വിജയം'' എന്ന് വിളിച്ചാണ് റാലിയില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ മുന്നോട്ടുപോയത്. ഇതിന് ശേഷം യെമനിലെ 14 പ്രവിശ്യകളിലെ 780 പ്രദേശങ്ങളിലും റാലി നടന്നു. ഗസയ്ക്ക് പിന്തുണയുമായി റാലി നടത്തിയവര്‍ക്ക് സമീപം നടത്തിയ ആക്രമണത്തെ പ്രധാനമന്ത്രി അഹമദ് ഗാലിബ് അല്‍ രോഹി അപലപിച്ചു. പൈശാചികശക്തികള്‍ എത്ര ശ്രമിച്ചാലും ഗസയ്ക്കുള്ള പിന്തുണയില്‍ മാറ്റമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.


അതേസമയം, ചെങ്കടലില്‍ യുഎസിന്റെ വിമാനവാഹിനിക്കപ്പലിനെയും പടക്കപ്പലുകളെയും മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമിച്ചതായി ഹൂത്തികളുടെ സൈനിക വക്താവായ യഹ്‌യാ സാരി പറഞ്ഞു. ഇസ്രായേല്‍ തലസ്ഥാനമായ തെല്‍അവീവും മൂന്നു ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമിച്ചിട്ടുണ്ട്.

യെമന്റെ നിലപാടുകള്‍ സത്യത്തില്‍ ഊന്നിയതാണ് എന്നതിന്റെ തെളിവാണ് സാമ്രാജ്യത്വ ശക്തികളുടെ വ്യോമാക്രമണമെന്ന് ഹൂത്തികളുടെ പരമോന്നത നേതാവായ അബ്ദുല്‍ മാലിക് അല്‍ ഹൂത്തി വീഡിയോസന്ദേശത്തില്‍ പറഞ്ഞു. വെസ്റ്റ് ബാങ്കിലും ലബ്‌നാനിലും സിറിയയിലും ഇസ്രായേല്‍ നടത്തുന്ന ഭൂമി കൈയ്യേറ്റങ്ങളെ റാലിയുടെ സംഘാടകരും അപലപിച്ചു. വിശാല ഇസ്രായേല്‍ രൂപീകരിക്കാനുള്ള ഇസ്രായേലിന്റെ ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. വെസ്റ്റ്ബാങ്കിലെ പ്രതിരോധ പ്രസ്ഥാനങ്ങളെ ആക്രമിക്കുന്ന നടപടിയില്‍ നിന്ന് ഫലസ്തീന്‍ അതോറിറ്റി പിന്‍മാറണമെന്നും സംഘാടകര്‍ ആവശ്യപ്പെട്ടു.

Tags:    

Similar News