കശ്മീരി നേതാക്കളുടെ വീട്ടുതടങ്കല്‍: ജനാധിപത്യത്തിന്റെ ശവപ്പെട്ടിയിലെ മറ്റൊരു ആണിയെന്ന് എം കെ ഫൈസി
ഹിന്ദുത്വ ഫാസിസ്റ്റുകളുടെ ഭീരുത്വത്തിന്റെ പ്രതിഫലനമാണ് ഈ നടപടിയെന്നും രാജ്യത്തെ ജനാധിപത്യത്തിന്റെ ശവപ്പെട്ടിയിലെ മറ്റൊരു ആണിയാണിതെന്നും ഫൈസി കുറ്റപ്പെടുത്തി.
ന്യൂഡല്‍ഹി: കശ്മീരിലെ ഉന്നത രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കിയ നടപടിയെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് എം കെ ഫൈസി ശക്തമായി അപലപിച്ചു. ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ശിപാര്‍ശകള്‍ക്കെതിരേയുള്ള പ്രതിഷേധം തടയാന്‍ ഫാറൂഖ് അബ്ദുല്ല, ഉമര്‍ അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവരെയും മറ്റ് പ്രമുഖ പ്രതിപക്ഷ നേതാക്കളെയും ശനിയാഴ്ച മുതല്‍ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. ഹിന്ദുത്വ ഫാസിസ്റ്റുകളുടെ ഭീരുത്വത്തിന്റെ പ്രതിഫലനമാണ് ഈ നടപടിയെന്നും രാജ്യത്തെ ജനാധിപത്യത്തിന്റെ ശവപ്പെട്ടിയിലെ മറ്റൊരു ആണിയാണിതെന്നും ഫൈസി കുറ്റപ്പെടുത്തി.
ജമ്മു ഡിവിഷനില്‍ ആറ് സീറ്റുകളും കാശ്മീരില്‍ ഒരു സീറ്റും വര്‍ധിപ്പിക്കാനുള്ള ഡീലിമിറ്റേഷന്‍ കമ്മിഷന്റെ നിര്‍ദേശത്തിനെതിരെ ശനിയാഴ്ച ശ്രീനഗറില്‍ സമാധാനപരമായ പ്രതിഷേധിക്കാനാണ് പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍ പദ്ധതിയിട്ടിരുന്നത്. ജമ്മു കശ്മീരിലെ രണ്ട് പ്രവിശ്യകളിലെയും ജനസംഖ്യാ അനുപാതത്തിന് എതിരാണ് ഈ വര്‍ധനവെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ഫാസിസ്റ്റ് കേന്ദ്രസര്‍ക്കാര്‍ കശ്മീരികളെ ശത്രുക്കളായി കണക്കാക്കുകയും അവരുടെ മാനുഷിക, മൗലിക, പൗരാവകാശങ്ങള്‍ നിരന്തരം ലംഘിക്കുകയും നിഷേധിക്കുകയും ചെയ്യുകയാണ്.
പ്രതിപക്ഷ നേതാക്കളെ വീട്ടുതടങ്കലിലാക്കിയതിലൂടെ പൗരന്മാരുടെ അഭിപ്രായപ്രകടനത്തിനുള്ള ജനാധിപത്യപരവും ഭരണഘടനാപരവുമായ അവകാശത്തെ കേന്ദ്രസര്‍ക്കാര്‍ നഗ്‌നമായി ലംഘിക്കുകയാണെന്നും എം കെ ഫൈസി കുറ്റപ്പെടുത്തി.
കശ്മീരി രാഷ്ട്രീയ നേതാക്കളുടെ വീട്ടുതടങ്കല്‍ ഫാസിസ്റ്റുകള്‍ ജനങ്ങളെ ഭയപ്പെടുന്നുവെന്ന വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്. ജനങ്ങളോടുള്ള സര്‍ക്കാരിന്റെ ഈ ഭയം രാജ്യത്തെ ഫാസിസത്തെ ഒറ്റക്കെട്ടായി ചെറുക്കാനും പരാജയപ്പെടുത്താനും ജനങ്ങളെ പ്രേരിപ്പിക്കണമെന്നും ഫൈസി കൂട്ടിച്ചേര്‍ത്തു.