ഭീമാ കൊറേഗാവ് കേസ്: എന്‍ഐഎയ്ക്ക് തിരിച്ചടി; ഗൗതം നാവ്‌ലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റാന്‍ സുപ്രിംകോടതി ഉത്തരവ്

Update: 2022-11-10 08:42 GMT

ന്യൂഡല്‍ഹി: ഭീമാ കൊറേഗാവ് കേസില്‍ വിചാരണത്തടവിലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖയെ ഒരുമാസത്തേയ്ക്ക് വീട്ടുതടങ്കലിലേക്ക് മാറ്റാന്‍ സുപ്രിംകോടതി ഉത്തരവ്. 48 മണിക്കൂറിനകം മാറ്റനാണ് സുപ്രിംകോടതിയുടെ നിര്‍ദേശം. ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് കോടതിയുടെ തീരുമാനം. ഗൗതം നവ്‌ലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റുന്നതിനെ എന്‍ഐഎ ശക്തമായി എതിര്‍ത്തിരുന്നു. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് അദ്ദേഹത്തെ വീട്ടുതടങ്കലില്‍ ആക്കിക്കൂടെയെന്ന് സുപ്രിംകോടതി ചോദിച്ചെങ്കിലും എന്‍ഐഎ വഴങ്ങിയിരുന്നില്ല. ഇതോടെ പ്രായവും ആരോഗ്യാവസ്ഥയും കണക്കിലെടുത്ത് വീട്ടുതടങ്കല്‍ അനുവദിക്കാന്‍ സുപ്രിംകോടതി ഉത്തരവിടുകയായിരുന്നു.

കര്‍ശന വ്യവസ്ഥകളോടെയാണ് ഗൗതം നവ്‌ലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റുന്നത്. ഇടക്കാല ഉത്തരവാണ് പുറപ്പെടുവിച്ചത്. ഒരുമാസത്തിന് ശേഷം ഇത് അവലോകനം ചെയ്യും. 'നവ്‌ലാഖയെ നേരത്തെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. നേരത്തെ വീട്ടുതടങ്കല്‍ ദുരുപയോഗം ചെയ്തതായി പ്രഥമദൃഷ്ട്യാ പരാതിയില്ല. ഈ കേസിന് പുറമെ ക്രിമിനല്‍ കേസൊന്നും അദ്ദേഹത്തിനെതിരേ ഇല്ല. ഒരുമാസത്തേക്കെങ്കിലും വീട്ടുതടങ്കലില്‍ കഴിയാന്‍ അനുവദിക്കുകയാണ്'- സുപ്രിംകോടതി വ്യക്തമാക്കി. വീട് പോലിസ് നിരീക്ഷണത്തിലായിരിക്കും.

വീടിന് പുറത്ത് പോലിസ് ഉദ്യോഗസ്ഥരെയും നിയോഗിക്കും. താമസസ്ഥലത്ത് പ്രവേശിക്കുകയും പുറത്തുകടക്കുകയും ചെയ്യുന്നത് നിരീക്ഷിക്കാന്‍ മുറികള്‍ക്ക് പുറത്ത് സിസിടിവി കാമറകള്‍ സ്ഥാപിക്കും. വീടിന് പുറത്തിറങ്ങാന്‍ അനുവാദമില്ല. (പോലിസ് ഉദ്യോഗസ്ഥരുടെ കൂട്ടത്തിലുള്ള നടത്തം ഒഴികെ; അത്തരം നടത്തങ്ങളില്‍ ആരുമായും ഇടപഴകാന്‍ പാടില്ല). ഇന്റര്‍നെറ്റ്, ലാപ്‌ടോപ്പ് പോലെയുള്ള ആശയവിനിമയ ഉപകരണം ഉപയോഗിക്കരുത്. പോലിസ് ഉദ്യോാഗസ്ഥര്‍ നല്‍കുന്ന മൊബൈല്‍ ഫോണില്‍, പോലിസ് സാന്നിധ്യത്തില്‍ 10 മിനിറ്റ് നേരത്തേക്ക് ഒരുദിവസം ഒരുതവണ ഫോണ്‍ കോളുകള്‍ അനുവദിക്കും.

മുംബൈ വിടാന്‍ അനുവാദമില്ല. പരമാവധി രണ്ട് കുടുംബാംഗങ്ങള്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍, മൂന്ന് മണിക്കൂര്‍ വരെ അദ്ദേഹത്തെ സന്ദര്‍ശിക്കാം (കുടുംബാംഗങ്ങളുടെ ലിസ്റ്റ് 3 ദിവസത്തിനകം എന്‍ഐഎയ്ക്ക് നല്‍കണം).അത്തരം സന്ദര്‍ശകരെ അനുവദിക്കുമ്പോള്‍ പോലും ഇലക്ട്രോണിക് ഉപകരണങ്ങള്‍ അനുവദിക്കില്ല. കേബിള്‍ ടിവി ഉപയോഗിക്കാനും പത്രം വായിക്കാനും അനുവാദമുണ്ട്. കേസിലെ ഒരു സാക്ഷിയുമായും ബന്ധപ്പെടരുത്.

ജയില്‍ മാനുവല്‍ നിയമങ്ങള്‍ അനുസരിച്ച് അഭിഭാഷകനെ കാണാന്‍ അനുമതിയുണ്ട്. മെഡിക്കല്‍ അത്യാഹിത സാഹചര്യത്തില്‍ അടുത്ത ഉദ്യോഗസ്ഥര്‍ അനുയോജ്യമായ ആശുപത്രിയിലേക്ക് അദ്ദേഹത്തെ കൊണ്ടുപോവും. രണ്ട് ലക്ഷം രൂപയുടെ ലോക്കല്‍ ജാമ്യം സമര്‍പ്പിക്കണം. നിരീക്ഷണച്ചെലവായ ഏകദേശം 2.4 ലക്ഷം രൂപ നവ്‌ലാഖ തന്നെ വഹിക്കണം. സിസിടിവി സ്ഥാപിക്കുന്നതിനുള്ള ചെലവും അദ്ദേഹം വഹിക്കണം. കുറ്റവിമുക്തനായാല്‍ തുക തിരികെ നല്‍കുമെന്നും ബെഞ്ച് അറിയിച്ചു.

നവ്‌ലാഖ വീട്ടുതടങ്കല്‍ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ ആവശ്യമെങ്കില്‍ താമസസ്ഥലം പരിശോധിക്കാനും പോലിസിന് അനുമതി നല്‍കിയിട്ടുണ്ട്. അത്തരം തിരയലുകള്‍ ദുരുപയോഗം ചെയ്യരുത്. ഹരജിക്കാരനെ ഉപദ്രവിക്കാനുള്ള ഒരു തന്ത്രമാവരുത്- സുപ്രിംകോടതി എന്‍ഐഎയോട് പറഞ്ഞു. 73 കാരനായ നവ്‌ലാഖ 2018 ആഗസ്ത് മുതല്‍ ജയിലില്‍ കഴിയുകയാണ്. ത്വക്ക് അലര്‍ജി, ദന്തപ്രശ്‌നങ്ങള്‍ എന്നിവയടക്കം നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ തനിക്കുണ്ടെന്ന് നവ്‌ലാഖ കോടതിയെ അറിയിച്ചിരുന്നു.

ക്യാന്‍സര്‍ സംശയിക്കുന്നതിനാല്‍ കൊളോനോസ്‌കോപ്പിക്ക് വിധേയമാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു. 2018ലെ ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായത് മുതല്‍ നവ്‌ലാഖ ജയിലിലാണ്. മാവോവാദി ബന്ധമാരോപിച്ച് യുഎപിഎ ചുമത്തിയാണ് അദ്ദേഹത്തെ തടങ്കലിലാക്കിയത്. സഹോദരിയുടെ വീട്ടിലേക്ക് മാറ്റണമെന്ന അപേക്ഷ ബോംബെ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് അദ്ദേഹം സുപ്രിംകോടതിയെ സമീപിച്ചത്.

Tags:    

Similar News