കൊവിഡ് നിരീക്ഷണത്തിലുള്ള പെണ്‍കുട്ടിയുടെ വീടാക്രമണം: സിപിഎം നടപടി അപമാനകരമെന്ന് എസ് ഡിപിഐ

Update: 2020-04-09 16:01 GMT

പത്തനംതിട്ട: കൊവിഡ് നിരീക്ഷണത്തിലിരിക്കുന്ന പെണ്‍കുട്ടിയുടെ വീടാക്രമിച്ച സംഭവത്തില്‍ സിപിഎം നടപടി നാടിന് അപമാനകരമാണന്നും എസ് ഡിപിഐ ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത് പറഞ്ഞു. സിപിഎം പോലിസ് അവിശുദ്ധ കൂട്ടുകെട്ടിന്റെ ഒടുവിലത്തെ ഇരയാണ് അപമാനവും പീഢനവും അനുഭവിക്കേണ്ടി വന്ന പെണ്‍കുട്ടി. കൊവിഡ് പരത്തുന്നുവെന്ന് ആരോപിച്ച് ഡല്‍ഹിയില്‍ മുസ് ലിം യുവാവിനെ തല്ലിക്കൊന്നവരെ പോലെ നികൃഷ്ട മനസ്സുള്ളവര്‍ക്കേ വീട് ആക്രമണത്തിലും പങ്കാളിയാവാന്‍ കഴിയൂ. ഡല്‍ഹിയില്‍ നേതൃത്വം നല്‍കുന്നത് ഹിന്ദുത്വ തീവവാദികളാണങ്കില്‍ കേരളത്തില്‍ ഇത്തരം ഹീന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സിപിഎമ്മാണ് എന്നത് പ്രബുദ്ധ കേരളത്തെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

    കോയമ്പത്തൂരില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ പിതാവ് പുറത്തിറങ്ങി നടക്കുന്നുവെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. കൂടാതെ പിതാവിനെ അപായപ്പെടുത്തണം എന്ന സന്ദേശം അയച്ചെന്നും കാണിച്ച് പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പരാതി നല്‍കിയത് കൊണ്ടാണ് സിപിഎമ്മുകാര്‍ വീട് ആക്രമണം നടത്തിയതെന്ന് മുഖ്യമന്ത്രി തന്നെ വാര്‍ത്താസമ്മേളനത്തില്‍ തുറന്നു പറഞ്ഞിട്ടും പ്രതികള്‍ക്കെതിരേ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിടുന്ന നിസ്സാര കുറ്റമാണ് പോലിസ് ചുമത്തിയത്. പ്രതികള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്നും മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അന്‍സാരി ഏനാത്ത് ആവശ്യപ്പെട്ടു.


Tags:    

Similar News