ശെയ്ഖ് അലിയുടെ ഗുംതി മഖ്ബറ കൈയേറി റസിഡന്‍സ് അസോസിയേഷന്‍; രൂക്ഷ വിമര്‍ശനവുമായി സുപ്രിംകോടതി

പതിനാലാം നൂറ്റാണ്ടിന്റെ അവസാനത്തിലോ പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ നിര്‍മിച്ചെന്നു കരുതപ്പെടുന്ന പുരാവസ്തു പ്രാധാന്യമുള്ള മഖ്ബറയാണ് ഡിഫന്‍സ് കോളനി റസിഡന്‍സ് അസോസിയേഷന്‍ കൈയ്യേറിയത്.

Update: 2024-11-14 12:50 GMT
 

ന്യൂഡല്‍ഹി: ഡിഫന്‍സ് കോളനിക്ക് സമീപത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശെയ്ഖ് അലിയുടെ ഗുംതി മഖ്ബറ കൈയ്യേറിയ റസിഡന്‍സ് അസോസിയേഷന് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം. പതിനാലാം നൂറ്റാണ്ടിന്റെ അവസാനത്തിലോ പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ നിര്‍മിച്ചെന്നു കരുതപ്പെടുന്ന പുരാവസ്തു പ്രാധാന്യമുള്ള മഖ്ബറയാണ് ഡിഫന്‍സ് കോളനി റസിഡന്‍സ് അസോസിയേഷന്‍ കൈയ്യേറിയത്. തുടര്‍ന്ന് മഖ്ബറയെ അസോസിയേഷന്റെ ഓഫീസാക്കി മാറ്റി.

ഈ കൈയ്യേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയാണ് കഴിഞ്ഞ ദിവസം സുപ്രിംകോടതി പരിഗണിച്ചിച്ചത്. കൈയ്യേറ്റം നടത്തിയതിനും കൂട്ടുനിന്നതിനും റസിഡന്‍സ് അസോസിയേഷനെയും ആര്‍ക്കിയോളജിക്കല്‍ വകുപ്പിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. തുടര്‍ന്ന് കൈയേറ്റം മൂലം ഗുംതിക്കുണ്ടായ നാശം കണക്കാക്കാനും പുനര്‍നിര്‍മാണം പഠിക്കാനും വിദഗ്ദസമിതി രൂപീകരിച്ചു.

1990കളിലാണ് റസിഡന്‍സ് അസോസിയേഷന്‍ മഖ്ബറ കൈയ്യേറിയതെന്ന് ഹരജിക്കാരന്‍ കോടതിയെ അറിയിച്ചു. അതിന് ശേഷം അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തി കെട്ടിടത്തെ നശിപ്പിച്ചു. ഇത് ഗുരുതരമായ കുറ്റമാണെന്നും ഹരജിക്കാരന്‍ വാദിച്ചു. ഇത് ശരിയാണെന്നാണ് കോടതി കണ്ടെത്തിയത്. കേസ് വിദഗ്ദ സമിതിയുടെ റിപോര്‍ട്ടിന് ശേഷം വീണ്ടും പരിഗണിക്കും.

ലോധി ഭരണകാലത്തെ മഖ്ബറയായ ഗുംതിയില്‍ ഡിഫന്‍സ് കോളനി വെല്‍ഫെയര്‍ അസോസിയേഷന്‍ (ഡിസിഡബ്ല്യുഎ) അനധികൃത കൈയേറ്റം നടത്തിയതിനെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ പ്രതികരണം സ്വാഗതാര്‍ഹമാണെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് മുഹമ്മദ് തുംബെ പറഞ്ഞു. നിലവിലെ ഇന്ത്യന്‍ സാമൂഹിക-രാഷ്ട്രീയ ചുറ്റുപാടില്‍ അത്യന്തം അനിവാര്യമായ ഇടപെടലാണ് കോടതി നടത്തിയിരിക്കുന്നത്. മുസ്‌ലിംകളുടെ സ്വത്തുക്കള്‍ ഭരണാധികാരികളും അവരുടെ ചങ്ങാത്തക്കാരും കൈയേറുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ ജുഡീഷ്യറിയുടെ ഇത്തരം നിലപാട് രാജ്യത്ത് സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്തുന്നതിന് വളരെയധികം സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News