'എല്ലാ ദിവസവും ഹിന്ദു, മുസ്‌ലിം എന്ന് മാത്രം പറയുന്ന മോദിക്കെതിരേ എത്ര കേസെടുത്തു'; തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടിസ് അയച്ചതിനെതിരേ മമത

Update: 2021-04-09 10:09 GMT

ന്യൂഡല്‍ഹി: എല്ലാ ദിവസവും ഹിന്ദു, മുസ്‌ലിം എന്ന് മാത്രം സംസാരിക്കുന്ന മോദിക്കെതിരെ ഇതുവരെ എത്ര കേസുകള്‍ എടുത്തെന്ന് മമത ബാനര്‍ജി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയതിന് മമതക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഏപ്രില്‍ മൂന്നിന് നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പരാമര്‍ശങ്ങള്‍ക്കാണ് മമത ബാനര്‍ജിക്ക് നോട്ടിസ് ലഭിച്ചത്. ബിജെപിയെ തോല്‍പ്പിക്കാന്‍ മുസ്‌ലിം വോട്ടര്‍മാര്‍ ഒന്നിച്ച് നിന്ന് വോട്ട് ചെയ്യണമെന്ന് മമത പറഞ്ഞെന്നാണ് ആരോപണം. എന്നാല്‍ താന്‍ ഹിന്ദു മുസ്‌ലിം ഐക്യത്തിനാണ് ആഹ്വാനം ചെയ്തതെന്നായിരുന്നു മമതയുടെ പ്രതികരണം.

എല്ലാ ദിവസവും മോദിക്ക് ഹിന്ദു മുസ്‌ലിം എന്ന കാര്യം മാത്രമേ സംസാരിക്കാനുള്ളു. ഹിന്ദുവും മുസ്‌ലിമും ഒന്നിച്ച് നിന്ന് വോട്ട് ചെയ്യണം എന്നാണ് താന്‍ ആവശ്യപ്പെട്ടത്. ഇനി പത്ത് കാരണം കാണിക്കല്‍ നോട്ടിസ് ലഭിച്ചാലും ഒന്നിച്ച് നിന്ന് വോട്ട് ചെയ്യണമെന്ന കാര്യം പറയുമെന്നും മമത ബാനര്‍ജി പറഞ്ഞു.

നന്ദിഗ്രാമില്‍ തൃണമൂലിന് വോട്ട് ചെയ്യുന്നത് മിനി പാകിസ്താന് വേണ്ടി വോട്ട് ചെയ്യുന്നതിന് തുല്യമാണ് എന്ന് പ്രസംഗിച്ചവരുണ്ട്. ഇതിലൊന്നും ആര്‍ക്കും ലജ്ജയില്ലേ എന്നും മമത ചോദിച്ചു.

Tags:    

Similar News