അട്ടപ്പാടി സ്വദേശിനി ഒരു ദിവസം ആശുപത്രി വരാന്തയില്‍: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
കോഴിക്കോട്: അട്ടപ്പാടിയില്‍ നിന്നുള്ള പട്ടികവര്‍ഗ വിഭാഗക്കാരിയായ കാന്‍സര്‍ രോഗി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശനം ലഭിക്കാതെ രാത്രി മുഴുവന്‍ ആശുപത്രി വരാന്തയില്‍ കഴിച്ചുകൂട്ടിയെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കോഴിക്കോട് പട്ടികവര്‍ഗ്ഗ വികസന ഓഫിസര്‍ വിഷയം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. മേയ് 25 ന് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
കോട്ടത്തറ കല്‍ക്കണ്ടി ഊരില്‍ നിന്നെത്തിയ മല്ലികാരംഗനാണ് (68) ചികിത്സ നിഷേധിച്ചത്. വായില്‍ രോഗം ബാധിച്ച വയോധിക തുടര്‍ ചികിത്സക്കു വേണ്ടിയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയത്.
കോട്ടത്തറ ട്രൈബല്‍ ആശുപത്രി ഏര്‍പ്പാട് ചെയ്ത ആംബുലന്‍സിലാണ് ഇവര്‍ മെഡിക്കല്‍ കോളജിലെത്തിയത്. രോഗിയെ വിട്ട ശേഷം ഡ്രൈവര്‍ മടങ്ങി. തുടര്‍ന്ന് ആശുപത്രി വരാന്തയില്‍ ഇവര്‍ കഴിച്ചു കൂട്ടി. പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ളവരെ ചികിത്സക്ക് അയക്കുമ്പോള്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കേണ്ടത് പട്ടികവര്‍ഗ്ഗ വകുപ്പിന്റെ ഉത്തരവാദിത്വമാണ്. ഒടുവില്‍ പട്ടികവര്‍ഗ്ഗ വകുപ്പ് ഇടപെട്ട് വെള്ളിയാഴ്ചയാണ് മല്ലികയും മകനും നാട്ടിലേക്ക് മടങ്ങിയത്.