കൊവിഡ് മാനദണ്ഡങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് വിവാഹ നിശ്ചയം; ഗുജറാത്തിലെ ബിജെപി നേതാവ് അറസ്റ്റില്‍
മാസ്‌ക് ധരിക്കാതെ, സാമൂഹ്യ അകലം പാലിക്കാതെ നൂറുകണക്കിനാളുകള്‍ നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കൊവിഡ് മാനദണ്ഡം ലംഘിച്ച ഗുജറാത്ത് മുന്‍മന്ത്രിയും ബിജെപി നേതാവുമായ കാന്തി ഗാമിത്ത് അറസ്റ്റിലായി.
നവംബര്‍ 30ന് താപി ജില്ലയിലെ ദോസ്വാഡ ഗ്രാമത്തിലായിരുന്നു ചടങ്ങ്. കൊവിഡ് മാനദണ്ഡങ്ങള്‍ പരസ്യമായി ലംഘിച്ചായിരുന്നു വിവാഹ നിശ്ചയ ചടങ്ങ്. ഐ.പി.സി 308 പ്രകാരമാണ് ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തത്.
ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനാവാതെ വന്നത് തന്റെ പിഴവാണെന്ന് കാന്ത് ഗാമിത്ത് പറഞ്ഞു. താന്‍ ആരെയും ചടങ്ങിലേക്ക് വ്യക്തിപരമായി ക്ഷണിച്ചിരുന്നില്ലെന്നും സംഭവത്തില്‍ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.2000 പേര്‍ക്കുള്ള ഭക്ഷണം തയ്യാറാക്കിയിരുന്നു. ഇത് ആരോ വീഡിയോ എടുത്ത് വൈറലാക്കിയതാണെന്നും നേതാവ് പറഞ്ഞു.
ഗുജറാത്തില്‍ 2.11 ലക്ഷം പേര്‍ക്ക് ഇതുവരെ കൊവിഡ് ബാധിച്ചിട്ടുണ്ട്. 4000 പേര്‍ മരണപ്പെടുകയും ചെയ്തു.അഹമ്മദാബാദ്, വഡോദര,സൂറത്ത്, രാജ്‌കോട് തുടങ്ങിയ സ്ഥലങ്ങളില്‍ അനിശ്ചിതകാല കര്‍ഫ്യു തുടരുകയാണ്. അതിനിടെയാണ് സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാവ് തന്നെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചത്.കൊവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ഗുജറാത്ത് ഹൈക്കോടതി നേരത്തേ നിരീക്ഷിച്ചിരുന്നു.