ഉത്സവങ്ങളും ഈസ്റ്റര്‍ ആഘോഷവും ; കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കരുതെന്ന് നിര്‍ദ്ദേശം
കൊവിഡ് രോഗ വ്യാപനത്തില്‍ വായു സഞ്ചാരം കുറഞ്ഞ അടഞ്ഞ സ്ഥലങ്ങളും തിരക്കുള്ള സ്ഥലങ്ങളും മുഖാമുഖം അടുപ്പത്തിലുള്ള ഇടപെടലുകളും പ്രധാന കാരണങ്ങളാണ്. അതുകൊണ്ട് ഉല്‍സവങ്ങള്‍, റാലികള്‍, പ്രദര്‍ശന പരിപാടികള്‍, ജാഥകള്‍, അനുബന്ധമായുള്ള കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കുമ്പോള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണം
ആലപ്പുഴ:ഈസ്റ്റര്‍, മറ്റ് ഉല്‍വങ്ങള്‍ എന്നിവയ്ക്ക് കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതിരുക്കുന്നതും ആളുകള്‍ ഒത്തുകൂടാനിടയുള്ള അവസരങ്ങള്‍ കൂടുന്നതും കൊവിഡ് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ആലപ്പുഴ ജില്ല കലക്ടര്‍.കൊവിഡ് രോഗ വ്യാപനത്തില്‍ വായു സഞ്ചാരം കുറഞ്ഞ അടഞ്ഞ സ്ഥലങ്ങളും തിരക്കുള്ള സ്ഥലങ്ങളും മുഖാമുഖം അടുപ്പത്തിലുള്ള ഇടപെടലുകളും പ്രധാന കാരണങ്ങളാണ്. അതുകൊണ്ട് ഉല്‍സവങ്ങള്‍, റാലികള്‍, പ്രദര്‍ശന പരിപാടികള്‍, ജാഥകള്‍, അനുബന്ധമായുള്ള കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കുമ്പോള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണം.
പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തുകയും രോഗ വ്യാപനം തടയാനാവശ്യമായ സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ചുള്ള പ്രതിരോധ സജ്ജീകരണങ്ങള്‍ ഉറപ്പാക്കുകയും വേണം. കൂടാതെ വിവരങ്ങള്‍ അതാത് പ്രദേശത്തെ ആരോഗ്യകേന്ദ്രങ്ങളില്‍ അറിയിച്ച് അനുമതി വാങ്ങിയിരിക്കണം. കണ്ടയ്ന്‍മെന്റ് സോണുകളില്‍ ഉല്‍സവം പോലെയുള്ള പരിപാടികള്‍ നടത്തരുത്. 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, ഗുരുതരരോഗമുള്ളവര്‍, ഗര്‍ഭിണികള്‍, 10 വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ എന്നിവര്‍ ആളുകള്‍ കൂടുന്ന ചടങ്ങുകളില്‍ പങ്കെടുക്കാതിരിക്കണം. ചടങ്ങുകളില്‍ സംബന്ധിക്കുന്ന എല്ലാവരും മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കുകയും അകലം പാലിക്കുകയും കൈകളുടെ ശുചിത്വം ഉറപ്പാക്കുകയും വേണം.
ഉത്സവപ്പറമ്പിലും പള്ളികളിലും ആള്‍ക്കൂട്ടം ഉണ്ടാകാതിരിക്കാന്‍ സംഘാടകര്‍ കരുതലെടുക്കണം. സമുഹസദ്യ ഒഴിവാക്കുക. അനുഷ്ഠാനവുമായി ബന്ധപ്പെട്ട ഒഴിവാക്കാനാവാത്ത സദ്യ നടത്തേണ്ടതുണ്ടെങ്കില്‍ ശാരീരിക അകലം ഉറപ്പിക്കുന്ന ഇരിപ്പിട ക്രമീകരണവും സമയക്രമീകരണവും ഉറപ്പാക്കുക. ആരാധനാലയങ്ങളിലെ പരികര്‍മ്മികളും സന്ദര്‍ശകരും ഉള്ളില്‍ പ്രവേശിക്കുന്നതിനു മുന്‍പ് ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് പരിശോധിച്ചിരിക്കണം. ലക്ഷണങ്ങള്‍ ഉള്ളവര്‍ അകത്ത് പ്രവേശിക്കരുത്.വിവിധ പ്രതലങ്ങളില്‍ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക. കൈകള്‍ സോപ്പോ സാനിട്ടറൈസറോ ഉപയോഗിച്ച് ഇടയ്ക്കിടെ അണുവിമുക്തമാക്കുക. പ്രതിഷ്ഠകള്‍, വിശുദ്ധ ഗ്രന്ഥങ്ങള്‍ തുടങ്ങിയവയില്‍ സ്പര്‍ശിക്കരുതെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു
ഈസ്റ്റര്‍, പള്ളിപ്പെരുന്നാള്‍, ഉത്സവങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും കൊവിഡ് വാക്‌സിനേഷന്‍ എടുക്കുന്നതിന് പി എച്ച് സി കളില്‍ അധിക സൗകര്യം ഏര്‍പ്പെടുത്താനും ജില്ലാകലക്ടര്‍ എ അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കടക്കരപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിലും ചെട്ടിക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തിലും വാക്‌സിനേഷന് കൂടുതല്‍ സൗകര്യങ്ങള്‍ തയ്യാറാക്കി. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവുരം 45 വയസ്സിനു മുകളില്‍ രോഗങ്ങള്‍ ഉള്ളവരും ഇവിടുത്തെ വാക്‌സിനേഷന്‍ സൗകര്യം ഉപയോഗിക്കണം. ഏപ്രില്‍ ഒന്നുമുതല്‍ 45 വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിനേഷനുള്ള സൗകര്യം ഉണ്ടാകും.
സര്‍ക്കാര്‍ ആശുപത്രികളിലും പി.എച്ച്.സികളിലും വാക്‌സിനേഷന്‍ സൗജന്യമാണ്. ജനങ്ങള്‍ കൂടുതല്‍ വാക്‌സിനേഷനുകള്‍ സ്വീകരിച്ചു കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളോട് സഹകരിക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. കരുതാം ആലപ്പുഴയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പും മാസ് മീഡിയയും ചേര്‍ന്ന് കുട്ടികള്‍ക്കിടയില്‍ കോവിഡ് പ്രതിരോധത്തിനായി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി കുട്ടികള്‍ തങ്ങളുടെ വീട്ടില്‍ ഉള്ള 60 വയസ്സിന് മുകളിലുള്ള എല്ലാവരെയും വാക്‌സിനേഷന് വിധേയമാക്കും എന്ന പ്രതിജ്ഞയെടുക്കും. ഉത്സവങ്ങള്‍, പള്ളിപ്പെരുന്നാള്‍, ഈസ്റ്റര്‍ തുടങ്ങിയ ആഘോഷ പരിപാടികള്‍ നടക്കുന്ന ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് കോവിഡ് നിബന്ധനകള്‍ ഉറപ്പാക്കുന്നതിനും നടപടികള്‍ നിയന്ത്രിക്കുന്നതിനും കൂടുതല്‍ സെക്ടറല്‍ മജിസ്‌ട്രേട്ടുമാരെ അവിടേക്ക് നിയോഗിക്കാനും യോഗം തീരുമാനിച്ചു.