ഹൈദരാബാദ് കൂട്ട ബലാല്‍സംഗക്കേസ്;പ്രതികള്‍ ഉപയോഗിച്ചത് സര്‍ക്കാര്‍ വാഹനം

ഇന്നോവ സര്‍ക്കാര്‍ വാഹനമാണെന്ന് തിരിച്ചറിഞ്ഞതായും വഖഫ് ബോര്‍ഡിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഇത് ഉപയോഗിക്കുന്നതെന്നും കണ്ടെത്തിയതായും ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നു

Update: 2022-06-08 10:39 GMT

ഹൈദരാബാദ്: ഹൈദരാബാദ് കൂട്ടബലാല്‍സംഗ കേസില്‍ പ്രതികള്‍ കുറ്റകൃത്യം നടത്താന്‍ ഉപയോഗിച്ച ടൊയോട്ട ഇന്നോവ സര്‍ക്കാര്‍ വാഹനമാണെന്ന് തെളിഞ്ഞതായി പുതിയ റിപോര്‍ട്ടുകള്‍.ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

പ്രതികള്‍ ഉന്നത നേതാക്കളുടെ മക്കളും ബന്ധുക്കളുമാണെന്നും അവരെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി പോലിസ് ശ്രമിക്കുന്നുവെന്നും ആരോപിച്ച് പ്രതിപക്ഷം തെലങ്കാനയില്‍ പ്രതിഷേധം ശക്തമാക്കി. തെലങ്കാന ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധ സമരമാണ് അരങ്ങേറുന്നത്.ബലാല്‍സംഗ കേസില്‍ അറസ്റ്റിലായ പ്രതികളുടെ വിവരങ്ങള്‍ മറച്ചുവച്ച് കേസ് അട്ടിമറിക്കാന്‍ പോലിസ് ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷ സംഘടനകള്‍ ആരോപിക്കുന്നത്. എന്നാല്‍ പ്രതികള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ വിശദാംശങ്ങള്‍ പുറത്തുവിടാനാകില്ലെന്ന നിലപാടാണ് പോലിസ് ആവര്‍ത്തിക്കുന്നത്. സംഭവത്തില്‍ ഇതുവരെ പ്രായപൂര്‍ത്തിയാകാത്ത നാല് പേര്‍ ഉള്‍പ്പടെ ആറ് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

മേയ് 28നാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയും സുഹൃത്തും ചേര്‍ന്ന് പബ്ബില്‍ പോവുകയും,കുറച്ച് കഴിഞ്ഞ് സുഹൃത്ത് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.പിന്നീട് അവിടെതന്നെ തങ്ങിയ പെണ്‍കുട്ടി അതിനിടയില്‍ പ്രതികളിലൊരാളുമായി സൗഹൃദത്തിലായി. മടങ്ങുമ്പോള്‍ അവളെ വീട്ടില്‍ വിടാമെന്ന് വാഗ്ദാനം ചെയ്തതിന് ശേഷം ആണ്‍കുട്ടിയും സുഹൃത്തുക്കളും ഒരു മെഴ്‌സിഡസില്‍ പെണ്‍കുട്ടിയെയും കയറ്റി ക്ലബ് വിടുകയും ചെയ്തു.ഉടന്‍ തന്നെ അടുത്തുള്ള ഒരു കഫേയില്‍ എത്തിയ അവര്‍ വൈകിട്ട് 6.30 ഓടെ ഒരു ഇന്നോവ ക്രിസ്റ്റയിലേക്ക് മാറി. തുടര്‍ന്ന് പെണ്‍കുട്ടിയെ റോഡ് നമ്പര്‍ 44ലെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി. ബഞ്ചാര ഹില്‍സില്‍ പ്രതികള്‍ ഇന്നോവ പാര്‍ക്ക് ചെയ്യുകയും പെണ്‍കുട്ടിയെ വാഹനത്തില്‍ വച്ച് ബലാല്‍സംഗം ചെയ്യുകയായിരുന്നു.

ഉയര്‍ന്ന രാഷ്ട്രീയക്കാരും ബിസിനസുകാരും സിനിമാ പ്രവര്‍ത്തകരും മറ്റ് ഉന്നത സ്വാധീനമുള്ള ആളുകളും താമസിക്കുന്ന ഹൈദരാബാദിലെ ഒരു ആഡംബര പ്രദേശമാണ് ഇവിടം. രാത്രി ഏഴരയോടെ പെണ്‍കുട്ടിയെ തിരികെ പബ്ബില്‍ ഇറക്കിവിട്ടു.

പിന്നീട് അന്വേഷണത്തിനിടേ ഒരു ഫാം ഹൗസില്‍ നിന്ന് കാര്‍ പോലിസ് പിടിച്ചെടുക്കുകയായിരുന്നു. ഒരു രാഷ്ട്രീയ കുടുംബവുമായി ബന്ധമുള്ള ഒരു സ്ത്രീയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഫാം ഹൗസ് എന്നും ഇന്ത്യാ ടു ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നോവ സര്‍ക്കാര്‍ വാഹനമാണെന്ന് തിരിച്ചറിഞ്ഞതായും വഖഫ് ബോര്‍ഡിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഇത് ഉപയോഗിക്കുന്നതെന്നും കണ്ടെത്തിയതായും ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നു. കുറ്റകൃത്യം നടക്കുമ്പോള്‍ മെഴ്‌സിഡസും ഇന്നോവയും ഓടിച്ചത് പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് വൃത്തങ്ങള്‍ പറഞ്ഞു.കൂട്ടബലാല്‍സംഗത്തിന് ഉപയോഗിച്ച മെഴ്‌സിഡസ് തെലങ്കാനയിലെ ഒരു എംഎല്‍എയുടേതാണെന്ന് വൃത്തങ്ങള്‍ അറിയിച്ചതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതിനിടെ, പെണ്‍കുട്ടിയുടെ വീഡിയോയും ചിത്രങ്ങളും പുറത്തുവിട്ടതിന് ബിജെപി എംഎല്‍എ എം രഘുനന്ദന്‍ റാവുവിനെതിരേ കേസെടുത്തിരുന്നു.'ഞാന്‍ നിയമം അനുസരിക്കുന്ന ഒരു പൗരനാണ്, ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, പോലിസ് ഇതിനകം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, ഞാന്‍ കോടതിയില്‍ പോരാടും. ഒരു തരത്തിലുള്ള നിയമ നടപടികളും ഒഴിവാക്കില്ല,' അദ്ദേഹം പറഞ്ഞു.ഐപിസി സെക്ഷന്‍ 228 എ വകുപ്പ് പ്രകാരമാണ് ഇയാള്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പോലിസ് പറഞ്ഞു.

Tags:    

Similar News