പിന്നോട്ടില്ല, സംഘ്പരിവാറിനെ ചൊടിപ്പിച്ച് കര്‍ണാടകയില്‍ 'ഐ ലവ് ഹിജാബ്' കാംപയിന്‍
'ഐ ലവ് ഹിജാബ്' കാംപയിന് തുടക്കംകുറിച്ചാണ് ഹിജാബിനെതിരാ നീക്കങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ പ്രതിരോധമുയര്‍ത്തിയിരിക്കുന്നത്.
ബംഗളൂരു: കര്‍ണാടകയിലെ ശിവമോഗ, ഉഡുപ്പി ജില്ലകളിലെ ഹിജാബിനെതിരേ സംഘപരിവാര്‍ നീക്കങ്ങള്‍ ശക്തമാവുന്നതിനിടെ സംഘപരിവാരത്തെ ചൊടിപ്പിച്ച് തങ്ങളുടെ വിശ്വാസത്തില്‍നിന്ന് ഒരിഞ്ച് പിറകോട്ടില്ലെന്ന് പ്രഖ്യാപിച്ച് സംസ്ഥാനത്തെ മുസ്‌ലിം വിദ്യാര്‍ഥിനികള്‍. 'ഐ ലവ് ഹിജാബ്' കാംപയിന് തുടക്കംകുറിച്ചാണ് ഹിജാബിനെതിരാ നീക്കങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ പ്രതിരോധമുയര്‍ത്തിയിരിക്കുന്നത്.
മൈസൂര്‍ ജില്ലയില്‍ തുടക്കംകുറിച്ച 'ഐ ലവ് ഹിജാബ്' കാംപയിന്‍ അതിവേഗമാണ് സംസ്ഥാനത്തെ ഇതര ജില്ലകളിലേക്കും പടര്‍ന്നിരിക്കുന്നത്. ഭരണകക്ഷിയായ ബിജെപി താലിബാന്‍വല്‍ക്കരണം അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ഈ വിദ്യാര്‍ത്ഥിനികളോട് ക്ലാസുകളില്‍ പങ്കെടുക്കണമെങ്കില്‍ ഹിജാബ് ഒഴിവാക്കേണ്ടിവരുമെന്ന് പറയുകയും ചെയ്തതിനു പിന്നാലെയാണ് 'ഐ ലവ് ഹിജാബ്' കാംപയിനുമായി മുസ്‌ലിം വിദ്യാര്‍ഥിനികള്‍ മുന്നോട്ട് വന്നത്.
ഹിജാബ് ധരിച്ച് ക്ലാസുകളില്‍ പങ്കെടുക്കാനുള്ള ഉഡുപ്പി ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവും പിന്തുണയും പ്രഖ്യാപിച്ച് നിരവധി വിദ്യാര്‍ഥികളാണ് മൈസൂര്‍ നഗരത്തില്‍ 'ഐ ലവ് ഹിജാബ്' കാംപയിന്‍ നടത്തിയത്.
ചരിത്രപ്രസിദ്ധമായ ബന്നിമണ്ഡപത്തിന് സമീപം തടിച്ചുകൂടിയ വിദ്യാര്‍ത്ഥി സംഘം ഹിജാബ് തങ്ങളുടെ അവകാശമാണെന്നും ഹിജാബ് ധരിച്ച് പഠിക്കാന്‍ വിദ്യാര്‍ഥിനികളെ അനുവദിക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 'എനിക്ക് ഹിജാബ് ഇഷ്ടമാണ്' എന്നെഴുതിയ പ്ലക്കാര്‍ഡുകളുമേന്തി പ്രതിഷേധത്തില്‍ അണിനിരന്ന വിദ്യാര്‍ഥികള്‍ പിന്നീട് ഹിജാബ് ധരിച്ചാണ് ക്ലാസുകളില്‍ പങ്കെടുത്തത്.
അതിനിടെ, ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉടലെടുത്ത സംഘര്‍ഷ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ യോഗം ചേര്‍ന്നു. വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്, വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്ത് ബൊമ്മൈയെവിഷയം ധരിപ്പിച്ചു.
അതിനിടെ, ഹിജാബ് ധരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോവാനാണ് കാംപസ് ഫ്രണ്ട് ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകളുടെ തീരുമാനം.