'ജെഡിയുവില്‍ ചേരുന്നുവെന്ന വാര്‍ത്ത ശുദ്ധ അസംബന്ധം'; സംഘപരിവാറുമായി സന്ധിയില്ലെന്ന് കനയ്യ കുമാര്‍
ജനങ്ങളുമായി ബന്ധപ്പെട്ട പ്രാദേശിക വിഷയം ചര്‍ച്ചചെയ്യാനായിരുന്നു സന്ദര്‍ശനം. അത് സ്ഥാപിത താല്പര്യക്കാര്‍ ദുര്‍ വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്ന് കനയ്യ പറഞ്ഞു.
പറ്റ്‌ന: താന്‍ ജെഡിയു വില്‍ ചേരുന്നുവെന്ന വാര്‍ത്ത ശുദ്ധ അസംബന്ധവും കെട്ടിച്ചമച്ചതുമാണെന്ന് ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ മുന്‍ അധ്യക്ഷനും സിപിഐ നേതാവുമായ കനയ്യ കുമാര്‍. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തനും മന്ത്രിയുമായ അശോക് ചൗധരിയുമായി കൂടിക്കാഴ്ച നടത്തിയതാണ് വിവാദത്തിന് വഴിമരുന്നിട്ടത്. ചൗധരിയുടെ പറ്റ്‌നയിലെ വീട്ടില്‍ ഞായറാഴ്ചയായിരുന്നു കൂടിക്കാഴ്ച. ജനങ്ങളുമായി ബന്ധപ്പെട്ട പ്രാദേശിക വിഷയം ചര്‍ച്ചചെയ്യാനായിരുന്നു സന്ദര്‍ശനം. അത് സ്ഥാപിത താല്പര്യക്കാര്‍ ദുര്‍ വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്ന് കനയ്യ പറഞ്ഞു.
വാര്‍ത്തയറിഞ്ഞു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഫോണ്‍ വിളികള്‍ വന്നിരുന്നു. അതില്‍ ഏറ്റവും കൂടുതല്‍ കോളുകള്‍ കേരളത്തില്‍ നിന്നായിരുന്നുവെന്നും കനയ്യ പറഞ്ഞു. സംഘപരിവാറുമായി ഒരിക്കലും സന്ധി ചെയ്യില്ലെന്നും കനയ്യ വ്യക്തമാക്കി. നേരത്തെ മുഹമ്മദ് മുഹ് സിന്‍ എംഎല്‍എയും ഈ വാര്‍ത്ത നിഷേധിച്ചിരുന്നു. വ്യാജ വാര്‍ത്താക്കാരെ കുറിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു മുഹ് സിന്റെ പ്രതികരണം.