14 മണിക്കൂറിനിടെ 800 ഭൂകമ്പങ്ങള്‍; ഐസ്‌ലാന്‍ഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
റെയ്ക്ജാവിക്: 14 മണിക്കൂറിനുള്ളില്‍ 800 ഭൂകമ്പങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഐസ്‌ലാന്‍ഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ റെയ്ക്ജാനസ് ഉപദ്വീപിലാണ് ശക്തമായ ഭൂകമ്പങ്ങള്‍ ഉണ്ടായത്. അഗ്‌നിപര്‍വ്വത സ്‌ഫോടനത്തിന്റെ മുന്നോടിയായേക്കാം ഇതെന്ന സംശയത്താലാണ് വെള്ളിയാഴ്ച ഐസ്‌ലാന്‍ഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സുന്ദന്‍ജുകാഗിഗറില്‍ ഉണ്ടായ തീവ്രമായ ഭൂകമ്പത്തെത്തുടര്‍ന്ന് സിവില്‍ ഡിഫന്‍സ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സിവില്‍ പ്രൊട്ടക്ഷന്‍ ആന്റ് എമര്‍ജന്‍സി മാനേജ്‌മെന്റ് പ്രസ്താവനയില്‍ പറഞ്ഞു. 'ഭൂകമ്പങ്ങള്‍ സംഭവിച്ചതിനേക്കാള്‍ വലുതാവാം. ഈ സംഭവങ്ങളുടെ പരമ്പര ഒരു പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കാമെന്നും ഭരണകൂടം മുന്നറിയിപ്പ് നല്‍കി. 'കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍' ഒരു സ്‌ഫോടനം നടക്കുമെന്ന് ഐസ്‌ലാന്‍ഡിക് മെറ്റ് ഓഫീസ്(ഐഎംഒ) പറഞ്ഞു.
ഏകദേശം 4,000 ആളുകള്‍ വസിക്കുന്ന ഗ്രിന്ഡാവിക് ഗ്രാമം വെള്ളിയാഴ്ച ഭൂകമ്പം രേഖപ്പെടുത്തിയ പ്രദേശത്തിന് തെക്ക് പടിഞ്ഞാറായി മൂന്ന് കിലോമീറ്റര്‍ (1.86 മൈല്‍) അകലെയാണ് സ്ഥിതി ചെയ്യുന്നത്. പൊട്ടിത്തെറി ഉണ്ടായാല്‍ ഒഴിപ്പിക്കല്‍ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. ഏകദേശം 1730 ജിഎംടിയില്‍, തലസ്ഥാനമായ റെയ്ക്ജാവിക്കില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള രണ്ട് ശക്തമായ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടു. കൂടാതെ രാജ്യത്തിന്റെ തെക്കന്‍ തീരത്തിന്റെ ഭൂരിഭാഗത്തും വീടുകളുടെയും മറ്റും ജനാലകളും വീട്ടുപകരണങ്ങളും ഇളകിയിരുന്നു. പ്രാഥമിക ഐഎംഒ കണക്കുകള്‍ പ്രകാരം ഗ്രിന്ദാവിക്കിന് വടക്ക് 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനത്തെത്തുടര്‍ന്ന് ഗ്രിന്ദാവിക്കിലേക്കുള്ള വടക്ക്‌തെക്ക് വഴിയുള്ള റോഡ് പോലിസ് അടച്ചു. ഒക്‌ടോബര്‍ അവസാനം മുതല്‍ ഉപദ്വീപില്‍ ഏകദേശം 24,000 ഭൂചലനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച അര്‍ധരാത്രിക്കും 14 മണിക്കൂറിനിടയില്‍ 800 ഓളം ഭൂചലനങ്ങളുണ്ടായെന്നാണ് കണക്കുകള്‍.