പ്രകോപനം ശക്തമാക്കി റഷ്യ; അതിര്‍ത്തിയിലെ സ്ഥിതി സങ്കീര്‍ണം, ഉക്രെയ്‌നില്‍ അടിയന്തരാവസ്ഥയ്ക്ക് ശുപാര്‍ശ

Update: 2022-02-23 18:06 GMT

മോസ്‌കോ: അതിര്‍ത്തിയില്‍ അധിനിവേശ ഭീതി വിതച്ച് റഷ്യന്‍ പ്രകോപനം ശക്തമായതോടെ പ്രതിരോധ നടപടികളിമായി ഉക്രെയ്ന്‍ രംഗത്ത്. രാജ്യത്ത് ഒരുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഉക്രെയ്ന്‍ ദേശീയ സുരക്ഷാ സമിതി നിര്‍ദേശിച്ചു. രാജ്യത്തെ ശാന്തമാക്കാനും സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാനും പ്രത്യേക നിയന്ത്രണങ്ങള്‍ ബാധകമാവുമെന്നാണ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സുരക്ഷാ സമിതിയുടെ നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിക്കുന്നതോടെ അടിയന്തരാവസ്ഥ നിലവില്‍ വരും.

റഷ്യ സ്വതന്ത്രമായി പ്രഖ്യാപിച്ച ഡൊണട്‌സ്‌കി, ലുഹാന്‍സ്‌കി പ്രവശ്യകള്‍ ഒഴികെയുള്ള ഇടങ്ങളിലാണ് നിര്‍ദേശം നടപ്പാാവുന്നതോടെ അടിയന്തരാവസ്ഥ നിലവില്‍ വരുക. ഈ മേഖലയില്‍ 2014 മുതല്‍ തന്നെ അടിയന്തരാവസ്ഥ നിലനില്‍ക്കുന്നുണ്ട്. തുടക്കത്തില്‍ 30 ദിവസത്തേക്ക് നടപ്പില്‍ വരുന്ന അടിയന്തരാവസ്ഥ പിന്നീട് സാഹചര്യം പരിഗണിച്ച് നീട്ടണോ വേണ്ടയോ എന്ന് തീരുമാനിക്കും. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെങ്കിലും ഏതൊക്കെ മേഖലകളില്‍ ഏത് നിയന്ത്രണം വേണമെന്ന കാര്യം അതാത് മേഖലയിലെ ഭരണകൂടങ്ങള്‍ക്ക് തീരുമാനിക്കാം.

ഗതാഗത നിയന്ത്രണവും യാത്രക്കാരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കലും ഉള്‍പ്പെടെയുള്ള നടപടികളാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതോടെ നടപ്പാവുക. പാര്‍ലമെന്റ് ഔപചാരികമായി അംഗീകരിക്കേണ്ട നടപടിക്ക് മറ്റ് നടപടികള്‍ക്കൊപ്പം സ്‌റ്റെപ്പ്അപ്പ് രേഖയും വാഹന പരിശോധനയും ആവശ്യമാണെന്ന് കൗണ്‍സില്‍ സെക്രട്ടറി ഒലെക്‌സി ഡാനിലോവ് പറഞ്ഞു. ഈ ആഴ്ച കൂടുതല്‍ സുരക്ഷാ നടപടികള്‍ക്ക് അംഗീകാരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ഇതുസംബന്ധിച്ച് ഉക്രെയ്ന്‍ പാര്‍ലമെന്റില്‍ ഒരു റിപോര്‍ട്ട് നല്‍കുമെന്ന് ഡാനിലോവ് പറഞ്ഞു.

രണ്ടുലക്ഷത്തോളം റിസര്‍വ് സൈനികരോട് ജോലിയില്‍ പ്രവേശിക്കാന്‍ തയ്യാറായിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അതിനിടെ, റഷ്യയിലുള്ള തങ്ങളുടെ പൗരന്‍മാരോട് അടിയന്തരമായി മടങ്ങിവരാന്‍ ഉക്രെയ്ന്‍ ആവശ്യപ്പെട്ടു. സൈനിക നടപടികളുമായി മുന്നോട്ടുപോവുമെന്ന് റഷ്യയും വ്യക്തമാക്കി.

Tags:    

Similar News