20 രൂപയെ ചൊല്ലി തര്‍ക്കം; ഇഡ്‌ലി വില്‍പ്പനക്കാരനെ മൂന്നു പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തി

താനെ സ്വദേശി വീരേന്ദ്ര യാദവ് എന്ന ഇരുപത്തിയാറുകാരനാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്.

Update: 2021-02-06 12:04 GMT

മുംബൈ: 20 രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് താനെയില്‍ വഴിയോരത്തെ ഇഡ്ഡലി വില്‍പനക്കാരെ മൂന്നംഗ സംഘം കൊലപ്പെടുത്തി. താനെ സ്വദേശി വീരേന്ദ്ര യാദവ് എന്ന ഇരുപത്തിയാറുകാരനാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്.

മിര റോഡില്‍ ഇഡ്ഡലി വില്‍പന നടത്തുന്നയാളാണ് വീരേന്ദ്ര യാദവ്. കടയില്‍ ഭക്ഷണം കഴിക്കാനെത്തിയ മൂന്ന് പേര്‍ ഇരുപത് രൂപയുടെ പേരില്‍ വീരേന്ദ്ര യാദവുമായി തര്‍ക്കമുണ്ടാവുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്.തുടര്‍ന്ന് തര്‍ക്കം കയ്യേറ്റത്തിലേക്കെത്തുകയും മൂവര്‍ സംഘം വീരേന്ദ്ര യാദവിനെ മര്‍ദ്ദിച്ച് റോഡിലേക്ക് തള്ളിയിടുകയുമായിരുന്നു. ഇതിനിടെ തലയ്ക്ക് പരിക്കേറ്റ യുവാവ് ബോധരഹിതനായി. പ്രതികള്‍ ഉടന്‍ തന്നെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. രക്തം വാര്‍ന്നൊഴുകിയ നിലയില്‍ കണ്ടെത്തിയ വീരേന്ദ്ര യാദവിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

സംഭവത്തില്‍ പോലിസ് കേസെടുത്ത് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു. അടുത്ത് തന്നെയുള്ള തെരുവില്‍ താമസിക്കുന്നവരാണ് മൂവര്‍സംഘമെന്നാണ് നിലവില്‍ ലഭ്യമായ വിവരമെന്നും പോലിസ് വ്യക്തമാക്കുന്നു. മൃതദേഹം പോസ്റ്റമോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണെന്ന് പോലിസ് പറഞ്ഞു. മീറ റോഡിലെ നയാ നഗര്‍ പോലീസ് സ്‌റ്റേഷനില്‍ മൂന്ന് പ്രതികള്‍ക്കെതിരെ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തു.

Tags:    

Similar News