'മോദി സിഖ് ജനതയെ വിലമതിക്കുന്നുണ്ടെങ്കില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയാണ് വേണ്ടത്'; അമിത് ഷാക്ക് മറുപടിയുമായി കര്‍ഷകര്‍

Update: 2021-11-17 10:32 GMT

ന്യൂഡല്‍ഹി: കര്‍താര്‍പൂര്‍ ഇടനാഴി വീണ്ടും തുറന്ന് കൊടുക്കാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനം സിഖ് ജനതയോടുള്ള ആദരവാണെന്ന അമിത് ഷായുടെ പ്രതികരണത്തിന് മറുപടിയുമായി കര്‍ഷക സംഘടനാ നേതാക്കള്‍. മോദി സിഖ് ജനതയെ യഥാര്‍ത്ഥത്തില്‍ വിലമതിക്കുന്നുണ്ടെങ്കില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയാണ് വേണ്ടതെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ പറഞ്ഞു.

കര്‍ത്താര്‍പൂര്‍ ഇടനാഴി വീണ്ടും തുറക്കുന്നത് പ്രഖ്യാപിച്ചുള്ള ട്വീറ്റിലാണ് ആഭ്യന്തര മന്ത്രി അമിത് ഷാ സിഖ് സമുദായത്തോടുള്ള ആദരവ് ചൂണ്ടിക്കാട്ടിയത്. സിഖ് മതസ്ഥാപകനായ ഗുരുനാനാക്ക് 18 വര്‍ഷത്തോളം ജീവിച്ച സ്ഥലമാണ് സാഹിബ് ഗുരുദ്വാര. 'സുപ്രധാന തീരുമാനം, വലിയൊരു വിഭാഗം സിഖ് തീര്‍ഥാടകര്‍ക്ക് ഇത് പ്രയോജനം ചെയ്യും, പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാര്‍ നവംബര്‍ 17 മുതല്‍ കര്‍താര്‍പൂര്‍ സാഹിബ് ഇടനാഴി വീണ്ടും തുറക്കാന്‍ തീരുമാനിച്ചു. ശ്രീ ഗുരുനാനാക്ക് ദേവ് ജിയോടും സിഖ് സമൂഹത്തോടും ഉള്ള മോദി സര്‍ക്കാരിന്റെ അപാരമായ ആദരവ് ഈ തീരുമാനം പ്രതിഫലിപ്പിക്കുന്നു' അമിത് ഷാ ട്വീറ്റ് ചെയ്തു. ഇതിന് മറുപടിയായാണ് സിഖ് സംഘനടകളും കര്‍ഷക നേതാക്കളും രംഗത്തെത്തിയത്.

അമിത് ഷായുടെ ട്വീറ്റിനോട് പ്രതികരിക്കവേയാണ് പുതിയ നീക്കത്തിലെ രാഷ്ട്രീയത്തെ ബികെയു ദോബ പ്രസിഡന്റ് മഞ്ജിത്ത് സിങ് വിമര്‍ശിച്ചത്.

'നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിഖ് സമുദായത്തില്‍ സ്വാധീനം ചെലുത്താനായി അവര്‍ ആദ്യം കര്‍താര്‍പൂര്‍ സാഹിബ് ഇടനാഴി അടച്ചു, പിന്നീട് വീണ്ടും തുറന്നു. എന്നാല്‍ ഒരു വര്‍ഷത്തിനിടെ കര്‍ഷകരുടെ സമരത്തില്‍ 700 കര്‍ഷകര്‍ മരിച്ചതായി അവര്‍ കാണുന്നില്ലേ? പ്രതിഷേധത്തിനിടെ മരിച്ചവരില്‍ 90 ശതമാനവും സിഖുകാരായിരുന്നു. മോദി സര്‍ക്കാര്‍ ഗുരുനാനാക്ക് ദേവിനേയും സിഖ് സമുദായത്തേയും ശരിക്കും ബഹുമാനിക്കുന്നുണ്ടെങ്കില്‍, ഗുരുനാനാക്ക് ദേവിന്റെ ഗുരുപുരാബിന്റെ വേളയില്‍ അവര്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയും കര്‍ഷകരെ വീട്ടിലേക്ക് അയയ്ക്കുകയും ചെയ്യുമായിരുന്നു,' അദ്ദേഹം പറഞ്ഞു. ബിജെപിക്ക് ശ്രമിക്കാമെന്നും എന്നാല്‍ പഞ്ചാബില്‍ നിലയുറപ്പിക്കാന്‍ കഴിയില്ലെന്നും റായ് പറഞ്ഞു. 'മൂന്ന് കറുത്ത കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാത്ത ദിവസം വരെ ഞങ്ങള്‍ ബഹിഷ്‌കരിക്കുന്നത് തുടരും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുരു നാനാക് ദേവ് ഒരു കര്‍ഷകനായിരുന്നുവെന്ന് മുതിര്‍ന്ന സംയുക്ത കിസാന്‍ മോര്‍ച്ച (എസ്‌കെഎം) നേതാവ് ഡോ ദര്‍ശന്‍ പാല്‍ പറഞ്ഞു.

'കിരാത് കരോ, നാം ജപ്പോ, വന്ദ് ഷാക്കോ' ('കഠിനാധ്വാനം ചെയ്യുക, പ്രാര്‍ത്ഥിക്കുക, ദരിദ്രരോടൊപ്പം പങ്കുവയ്ക്കുക') എന്നതായിരുന്നു ഗുരു നാനാക്ക് ദേവിന്റെ അധ്യാപനം. സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയാല്‍ സിഖുകാര്‍ സന്തോഷിക്കും. പഞ്ചാബിന് എന്തെങ്കിലും നല്‍കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുകയും കര്‍ഷകരെ വീട്ടിലേക്ക് അയയ്ക്കുകയും വേണം. ജനങ്ങള്‍ മിടുക്കരാണ്, സര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്ന് മനസിലാക്കാന്‍ കഴിയും. പഞ്ചാബ്, പ്രത്യേകിച്ച് കര്‍ഷകരും അതും സിഖുകാരും ഈ കെണിയില്‍ വീഴാന്‍ പോകുന്നില്ല, 'പാല്‍ പറഞ്ഞു

Tags:    

Similar News