സിഖുകാര്‍ക്ക് പ്രത്യേക രാജ്യം വേണമെന്ന് പഞ്ചാബ് എംപി സിമ്രന്‍ജിത് സിങ് മാന്‍
ഛണ്ഡിഗഢ്: സിഖുകാര്‍ക്ക് പ്രത്യേക രാജ്യം വേണമെന്ന് ശിരോമണി അകാലിദള്‍ (അമൃത്‌സര്‍) പ്രസിഡന്റും പഞ്ചാബ് എംപിയുമായ സിമ്രന്‍ജിത് സിങ് മാന്‍. സ്വാതന്ത്ര്യസമര സേനാനി ഭഗത് സിങ്ങിനെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ച തന്റെ സമീപകാല പരാമര്‍ശങ്ങളെയും അദ്ദേഹം ന്യായീകരിച്ചു. പഞ്ചാബിലെ സംഗ്രൂരില്‍ നിന്ന് കഴിഞ്ഞ മാസം നടന്ന ഉപതിരഞ്ഞെടുപ്പില്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മാന്‍ തിങ്കളാഴ്ച ലോക്‌സഭാ സ്പീക്കറുടെ ചേംബറില്‍ സത്യപ്രതിജ്ഞ ചെയ്തു. മറ്റ് മൂന്ന് പുതിയ എംപിമാര്‍ സഭയില്‍ സത്യപ്രതിജ്ഞ ചെയ്തു.
സഭാതലത്തില്‍ അല്ലാതെ, തന്റെ ചേംബറിനുള്ളില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ സ്പീക്കര്‍ അനുവദിച്ചതിനെ കോണ്‍ഗ്രസ് അംഗങ്ങള്‍ വിമര്‍ശിച്ചു. ലുധിയാന എംപി രവ്‌നീത് സിങ് ബിട്ടു ഉള്‍പ്പെടെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെതിരേ സഭയ്ക്കുള്ളില്‍ പ്രതിഷേധിച്ചു. സഭയില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് ഭഗത് സിങ്ങിനെക്കുറിച്ചുള്ള തന്റെ പരാമര്‍ശത്തെ ന്യായീകരിച്ചത്. 'ഭഗത് സിങ് ഒരു യുവ ഇംഗ്ലീഷ് നാവിക ഉദ്യോഗസ്ഥനെ കൊന്നു. അമൃതധാരി സിഖ് കോണ്‍സ്റ്റബിളിനെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്.
പാര്‍ലമെന്റിന് നേരേ ബോംബെറിഞ്ഞയാളെ എന്ത് വിളിക്കും ? എന്നോട് പറയൂ അവനെ എന്ത് വിളിക്കും?- മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഖാലിസ്ഥാന്റെ ലക്ഷ്യത്തെ താന്‍ ഇപ്പോഴും പിന്തുണയ്ക്കുന്നു. 'സിഖുകാര്‍ക്ക് ഒരു പ്രത്യേക രാജ്യം വേണം. രണ്ട് ആണവ രാഷ്ട്രങ്ങളായ ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലുള്ള ഒരു ബഫര്‍ സ്‌റ്റേറ്റായി ഖാലിസ്ഥാന്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അകാലിദള്‍ പിളര്‍ന്നുണ്ടായ പാര്‍ട്ടിയാണ് അകാലിദള്‍ (അമൃത്‌സര്‍). കര്‍ണാലില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് എംപി ഭഗത് സിങിനെക്കുറിച്ച് വിവാദപരാമര്‍ശം നടത്തിയത്.