ജമ്മു കശ്മീരില്‍ പ്രവേശിക്കുന്നതിന് പഞ്ചാബ് എംപിക്ക് വിലക്ക്

Update: 2022-10-18 01:12 GMT

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പ്രവേശിക്കുന്നതിന് പഞ്ചാബ് എംപിക്ക് വിലക്കേര്‍പ്പെടുത്തി. പഞ്ചാബിലെ സംഗ്രൂരില്‍ നിന്നുള്ള ശിരോമണി അകാലിദള്‍ എംപി സിമ്രന്‍ജിത് സിങ് മന്നിനാണ് കത്‌വയില്‍ പ്രവേശിക്കുന്നതിന് വിലക്കേല്‍പ്പെടുത്തിയത്. കത്‌വ ജില്ലാ മജിസ്‌ട്രേറ്റ് കോടതി നോട്ടീസ് നല്‍കിയെന്നും സിമ്രന്‍ജിത്തിനെ ജമ്മു കശ്മീരില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്നും പോലിസ് അറിയിച്ചു. ഖാലിസ്ഥാന്‍ അനുകൂല രാഷ്ട്രീയ സംഘടനയെന്ന് ആരോപണം നേരിടുന്ന ശിരോമണി അകാലിദളിന്റെ അമൃത്സറിലെ അധ്യക്ഷനുമാണ് സിമ്രന്‍ജിത് സിങ് മന്‍. സിമ്രന്‍ജിത്തും സഹപ്രവര്‍ത്തകരും ലഖന്‍പൂരിലെ അതിര്‍ത്തിയില്‍ നിന്നും കശ്മീരിലേക്ക് പ്രവേശിക്കുന്നതിനിടെ നോട്ടീസിലെ ഉത്തരവ് പ്രകാരം പോലിസ് ഇവരെ തടയുകയായിരുന്നു.

സിമ്രന്‍ജിത്ത് ജമ്മു കശ്മീരില്‍ പ്രവേശിക്കുന്നത് തടയാന്‍ തിങ്കളാഴ്ച വൈകുന്നേരം ലഖന്‍പൂര്‍ അതിര്‍ത്തിയില്‍ കനത്ത പോലിസ് സേനയെ വിന്യസിച്ചിരുന്നു. എന്നാല്‍, പ്രവേശനം നിഷേധിച്ചതിനെ സിമ്രന്‍ജിത് സിങ് മന്‍ ചോദ്യം ചെയ്തു. ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെങ്കില്‍ എന്തിനാണ് തടയുന്നതെന്നും ഒരു എംപിയെ സ്വന്തം രാജ്യത്ത് തടഞ്ഞുനിര്‍ത്തുന്നതിന് പിന്നിലെ കാരണമെന്താണെന്നും മന്‍ ചോദിച്ചു. സിമ്രന്‍ജിത് സിഹ് ജമ്മു കശ്മീരില്‍ പ്രവേശിക്കുമ്പോള്‍ ഭയപ്പെടുന്നത് എന്തുകൊണ്ടാണെന്ന് താന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയോട് ചോദിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സംഗ്രൂര്‍ എംപി സിമ്രന്‍ജീത് സിങ് മന്‍ ലഖന്‍പൂരില്‍ നിന്ന് ജമ്മു കശ്മീരിലേക്ക് കടക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹത്തിന്റെ സന്ദര്‍ശനം പൊതുസമാധാനത്തിന് വിഘാതം സൃഷ്ടിക്കുമെന്നും കത്‌വ മജിസ്‌ട്രേറ്റ് നല്‍കിയ നോട്ടീസില്‍ പറയുന്നു. അതിനാല്‍, സെക്ഷന്‍ 144 പ്രകാരം തന്നില്‍ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് കത്‌വയിലെ ജില്ലാ മജിസ്‌ട്രേറ്റ് ആയ രാഹുല്‍ പാണ്ഡെ, സംഗ്രൂര്‍ എംപി സിമ്രന്‍ജീത് സിങ് മന്‍ കത്വ ജില്ലയുടെ അധികാരപരിധിയില്‍ പ്രവേശിക്കുന്നത് വിലക്കുന്നു- നോട്ടിസില്‍ പറയുന്നു.

Tags:    

Similar News