പി വി ശ്രീനിജനെതിരായ ജാതി അധിക്ഷേപം; സാബു എം ജേക്കബിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: പി വി ശ്രീനിജന്‍ എംഎല്‍എയെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസില്‍ കിറ്റെക്‌സ് ഗ്രൂപ്പ് തലവനും ട്വന്റി- 20 ചീഫ് കോഡിനേറ്ററുമായ സാബു എം ജേക്കബ് അടക്കമുള്ളവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കേസില്‍ വിശദമായ വാദം ബുധനാഴ്ച കേള്‍ക്കുമെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. പി വി ശ്രീനിജന്‍ എംഎല്‍എ തനിക്കെതിരേ നല്‍കിയ കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന സാബുവിന്റെ ആവശ്യം ബുധനാഴ്ച പരിഗണിക്കുമെന്നും കോടതി അറിയിച്ചു. നേരത്തെ സാബുവിന്റെ ഹരജി പരിഗണിക്കുന്നതില്‍ നിന്നും ഹൈക്കോടതി ജഡ്ജി പിന്‍മാറിയിരുന്നു.
ജസ്റ്റിസ് ബദറുദ്ദീനാണ് മറ്റൊരു ബെഞ്ച് പരിഗണിക്കട്ടെയെന്ന് നിര്‍ദേശിച്ചത്. ജാതി അധിക്ഷേപത്തില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ട്വന്റി- 20 ചീഫ് കോഡിനേറ്റര്‍ സാബു എം ജേക്കബ് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയെ സമീപിച്ചത്. പരാതിക്കാരനെ ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും സംഭവദിവസം താന്‍ സ്ഥലത്തുപോലുമുണ്ടായിട്ടില്ലെന്നും പി വി ശ്രീനിജന്‍ എംഎല്‍എയുമായുള്ളത് രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസമെന്നും പറഞ്ഞ സാബു ജേക്കബ് പട്ടികജാതി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം നിലനില്‍ക്കില്ലെന്നും ഹരജിയില്‍ പറയുന്നു.
ഐക്കരനാട് പഞ്ചായത്തില്‍ സംഘടിപ്പിച്ച കര്‍ഷകദിന പരിപാടിക്കിടെ പഞ്ചായത്ത് പ്രസിഡന്റും ട്വന്റി- 20 നേതാക്കളും തന്നെ ജാതീയമായി അധിക്ഷേപിച്ചെന്നാണ് എംഎല്‍എ നല്‍കിയ പരാതി. കേസില്‍ പോലിസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. സാബു ജേക്കബിനെതിരായ കേസില്‍ പി വി ശ്രീനിജന്‍ എംഎല്‍എയുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കോലഞ്ചേരിയില്‍ എംഎല്‍എ ഓഫിസിലായിരുന്നു മൊഴിയെടുപ്പ്. പുത്തന്‍കുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് മൊഴിയെടുപ്പ് നടന്നത്.