ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ചെന്ന റിപോര്‍ട്ട്: മരുന്ന് നിര്‍മാണ യൂനിറ്റ് അടച്ചിടാന്‍ നിര്‍ദേശം
ന്യൂഡല്‍ഹി: ഉസ്‌ബെക്കിസ്താനില്‍ ഇന്ത്യന്‍ നിര്‍മിത മരുന്ന് കഴിച്ച് 18 കുട്ടികള്‍ മരിക്കാനിടയായെന്ന ആരോപണത്തിന് പിന്നാലെ മരുന്ന് നിര്‍മാണ യൂനിറ്റ് അടച്ചിടാന്‍ നിര്‍ദേശം. നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാരിയോണ്‍ ബയോടെക്കിലെ നിര്‍മാണ യൂനിറ്റാണ് അടച്ചിടാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. മാരിയോണ്‍ ബയോടെക്കില്‍ നിന്ന് ശേഖരിച്ച സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഈ പരിശോധനയുടെ ഫലം കിട്ടും വരെ യൂനിറ്റ് അടച്ചിടാനാണ് കേന്ദ്രം നിര്‍ദേശം നല്‍കിയത്. വിദേശകാര്യ മന്ത്രാലയം ഉസ്‌ബെക്കിസ്താന്‍ ആരോഗ്യമന്ത്രാലയത്തില്‍ നിന്ന് റിപോര്‍ട്ടിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്.
മാരിയോണ്‍ ബയോടെക്കിനോട് നോയിഡ പ്ലാന്റിലെ മരുന്ന് ഉല്‍പ്പാദനം പൂര്‍ണമായും നിര്‍ത്തിവയ്ക്കാന്‍ ഉത്തര്‍പ്രദേശ് ഡ്രഗ് കണ്‍ട്രോളും സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും ആവശ്യപ്പെട്ടിരുന്നു. മരുന്ന് കഴിച്ച കുട്ടികള്‍ മരിച്ചെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ പ്ലാന്റില്‍ അധികൃതര്‍ പരിശോധന നടത്തിയിരുന്നു. ഇതോടെയാണ് മരുന്ന് ഉല്‍പ്പാദനം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്. പരിശോധനാ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ വ്യാഴാഴ്ച പറഞ്ഞിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 27 മുതല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഉസ്‌ബെക്കിസ്താനുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നാണ് സൂചന. മരുന്ന് നിര്‍മാണ കമ്പനിയുടെ ഉസ്‌ബെക്കിസ്താനിലെ പ്രതിനിധികള്‍ക്കെതിരേ കേസെടുക്കാനും സാധ്യതയുണ്ട്. ഇവര്‍ക്കാവശ്യമായ നിയമസഹായം സര്‍ക്കാര്‍ നല്‍കും. ഡിജിസിഐ നടത്തുന്ന അന്വേഷണങ്ങളുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാവും തുടര്‍നടപടികള്‍. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിച്ച ഡോക് വണ്‍ മാക്‌സ് സിറപ്പിനെതിരെയാണ് പരാതി ഉയര്‍ന്നത്. ഈ മരുന്ന് കഴിച്ച 18 കുട്ടികള്‍ പാര്‍ശ്വഫലങ്ങളെത്തുടര്‍ന്ന് മരിച്ചെന്നാണ് റിപോര്‍ട്ട്. എഥിലിന്‍ ഗ്ലൈസോള്‍ എന്ന അപകടകരമായ രാസപദാര്‍ഥം മരുന്നില്‍ കണ്ടെത്തിയതായും ഉസ്‌ബെക്കിസ്താന്‍ ആരോഗ്യമന്ത്രാലയം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തില്‍ ലോകാരോഗ്യ സംഘടനയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.