ഇന്ത്യന്‍ കഫ് സിറപ്പ് കഴിച്ച് 18 കുട്ടികള്‍ മരിച്ചെന്ന ആരോപണവുമായി ഉസ്‌ബെക്കിസ്താനും
ന്യൂഡല്‍ഹി: ഗാംബിയയ്ക്ക് പിന്നാലെ ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പിനെപ്പറ്റി പരാതിയുമായി ഉസ്‌ബെക്കിസ്താനും രംഗത്ത്. ഇന്ത്യയുടെ കഫ് സിറപ്പ് കഴിച്ച് 18 കുട്ടികള്‍ മരിച്ചെന്ന ഗുരുതര ആരോപണമാണ് ഉസ്‌ബെക്കിസ്താന്‍ ഉന്നയിച്ചിരിക്കുന്നത്. നോയിഡ ആസ്ഥാനമായുള്ള മരിയോണ്‍ ബയോടെക് നിര്‍മിച്ച ഡോക്- 1 മാക്‌സ് എന്ന കഫ് സിറപ്പ് ഉപയോഗിച്ച കുട്ടികളാണ് മരിച്ചതെന്ന് ഉസ്‌ബെക്കിസ്താന്‍ ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിച്ചു.
ജലദോഷം, പനി എന്നിവയ്ക്ക് നല്‍കുന്നതാണ് ഈ സിറപ്പ്. കുട്ടികളുടെ മരണത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എഥിലീന്‍ ഗ്ലൈക്കോള്‍ എന്ന വിഷ പദാര്‍ഥത്തിന്റെ സാന്നിധ്യം സിറപ്പില്‍ കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു. കുട്ടികളുടെ മരണത്തെത്തുടര്‍ന്ന് രാജ്യത്തെ എല്ലാ ഫാര്‍മസികളില്‍ നിന്നും ഡോക്-1 മാക്‌സ് ഗുളികകളും സിറപ്പുകളും ഉസ്‌ബെക്കിസ്താന്‍ പിന്‍വലിച്ചു. അതേസമയം, ഉസ്‌ബെക്കിസ്താന്‍ ഉന്നയിച്ച ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മരിയോണ്‍ ബയോടെക്കില്‍ പരിശോധന നടത്താന്‍ ഒരുങ്ങുകയാണ് ഇന്ത്യ.
കേന്ദ്ര ആരോഗ്യമന്ത്രാലയം ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന് (ഡിസിജിഐ) ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെയും (സിഡിഎസ്‌സിഒ- നോര്‍ത്ത് സോണ്‍) ഉത്തര്‍പ്രദേശ് ഡ്രഗ്‌സ് കണ്‍ട്രോളിങ് ആന്റ് ലൈസന്‍സിങ് അതോറിറ്റിയുടെയും സംഘമാണ് സംയുക്ത അന്വേഷണം നടത്തുക. ഈ വര്‍ഷം സംഭവിച്ച സമാനമായ രണ്ടാമത്തെ സംഭവമാണിത്. ഹരിയാന ആസ്ഥാനമായുള്ള മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മിച്ച ചുമ സിറപ്പ് കഴിച്ച 70 കുട്ടികള്‍ മരിച്ചതായി ഗാംബിയ ആരോപിച്ചിരുന്നു.