മുഹമ്മദ് ഫഹീം ടി സി
എഴുപത് വര്‍ഷത്തോളം സോവിയറ്റ് യൂനിയന്റെ കീഴിലും തുടര്‍ന്ന് പതിനഞ്ച് വര്‍ഷത്തോളം ഇസ്‌ലാം കരീമോവിന്റെ ഏകാധിപത്യ ഭരണത്തിനും ശേഷം അടുത്ത കാലത്താണ് ഉസ്‌ബെക്കിസ്ഥാന്‍ ടൂറിസത്തിന് വേണ്ടി രാജ്യത്തിന്റെ കവാടങ്ങള്‍ തുറന്ന് കൊടുക്കുന്നത്. ഉസ്‌ബെക്കിസ്താന്റെ തലസ്ഥാനമായ താഷ്‌ക്കന്റില്‍ ഇറങ്ങി അവിടെ നിന്നു ട്രെയിന്‍ മാര്‍ഗം സമര്‍ഖന്ദിലേക്കും ബുക്കാറയിലേക്കും ഖീവയിലേക്കും സഞ്ചരിക്കുകയാണ് എന്റെ ഉദ്ദേശ്യം. ഒരു കാലത്ത് ചൈന മുതല്‍ യൂറോപ്പ് വരെ നീണ്ടു നിന്നിരുന്ന പുരാതന സില്‍ക്ക് പാതയിലെ പ്രധാന ഇടങ്ങളാണ് എല്ലാം. ഇസ്‌ലാമിക വാസ്തുവിദ്യകളാല്‍ വശ്യ മനോഹരമായ ഓരോ പ്രദേശവും ചരിത്രപരമായ പല നിര്‍മിതികളാലും സമ്പന്നമാണ്. അത് പോലെ ഇസ്‌ലാമിക സുവര്‍ണ കാലഘട്ടത്തിലെ മഹദ് വ്യക്തികളായ ഇബ്ന്‍ സീനയും ഇമാം ബുഖാരിയും, മിര്‍സ ഉലുഗ്‌ബേഗും ബൈറൂനിയും ഖ്വാരസ്മിയുമൊക്കെ ഉസ്‌ബെക്കിസ്താന്റെ സംഭാവനകളായിരുന്നു. ഇങ്ങനെ ചരിത്രപരമായി ഒരുപാട് പ്രാധാന്യങ്ങളുള്ള രാജ്യമാണ് ഉസ്‌ബെക്കിസ്ഥാന്‍.
താഷ്‌കെന്റ്
താഷ്‌കെന്റിലെ ഹസ്രത്തി ഇമാം കോപ്ലെക്‌സിലുള്ള ഖലീഫ ഉസ്മാന്‍(റ) എഴുതിയതെന്ന് കരുതുന്ന ഖുര്‍ആന്‍ കാണാനാണ് ആദ്യം പോയത്. കൂഫി മാതൃകയിലുള്ള ഖുര്‍ആന്‍ പതിനാലാം നൂറ്റാണ്ടില്‍ ബാഗ്ദാദില്‍ നിന്നു അമീര്‍ തൈമൂര്‍ ചക്രവര്‍ത്തിയാണ് ഇവിടെ എത്തിച്ചതെന്ന് പറയപ്പെടുന്നു. അവിടെ നിന്നു ചോര്‍സു ബസാറിലേക്ക് പോയി. സെന്‍ട്രല്‍ ഏഷ്യയിലെ ഏറ്റവും വലിയ ബസാര്‍ ആണ് ചോര്‍സു ബസാര്‍. പഴം പച്ചക്കറി ഡ്രൈ ഫ്രൂട്‌സ്, പാല്‍ ഉല്‍പ്പന്നങ്ങള്‍, ഇറച്ചിക്കടകള്‍, തുണിക്കടകള്‍ അങ്ങനെ ഒരുവിധം എല്ലാം ഇവിടെ കച്ചവടം ചെയ്യുന്നുണ്ട്. ബസാറില്‍ കറങ്ങി നടന്ന ശേഷം മെട്രോ ട്രെയിനില്‍ കയറി ലോകത്തിലെ തന്നെ ഏറ്റവും വലിയ പുലാവ് സെന്റര്‍ ആയ 'ബേഷ് കൊസോണ്‍' സെന്‍ട്രല്‍ ഏഷ്യന്‍ പുലാവ് സെന്ററിലേക്ക് പോയി. ദിവസവും ഏകദേശം മൂവായിരത്തോളം ആളുകള്‍ക്കാണ് ഇവിടെ നിന്നു ഭക്ഷണം കൊടുക്കുന്നത്. വലിയ അടുപ്പുകളില്‍ ബിരിയാണി തയ്യാറാക്കുന്നത് സന്ദര്‍ശകര്‍ക്ക് നടന്നു കാണാനുള്ള സൗകര്യമുണ്ട്. അവിടെ നിന്നും ഒരു പുലാവ് കഴിച്ചു അടുത്തുള്ള ഒരു മ്യുസിയത്തില്‍ കയറി. സാറിസ്റ്റ് റഷ്യയുടെയും സോവിയറ്റ് റഷ്യയുടെയും കാലത്തെ പീഡനങ്ങളുടെയും അടിച്ചമര്‍ത്തലുകളുടെയും അഴിമതികളെയും കുറിച്ചുള്ള മ്യുസിയമാണ്. എന്നാല്‍ സോവിയറ്റില്‍ നിന്നു സ്വതന്ത്രമായ ശേഷം അധികാരത്തില്‍ വന്ന ഇസ്‌ലാം കരീമോവും ഒരര്‍ത്ഥത്തില്‍ ഏകാധിപതി ആയിരുന്നു. വളരെ പരിമിതമായ ജനാതിപത്യ മത സ്വാതന്ത്രമാണ് അദ്ദേഹത്തിന്റെ കാലത്തും ഉണ്ടായിരുന്നത്. 2005ല്‍ ഫര്‍ഗാന വാലിയില്‍ ഉണ്ടായ ഒരു പ്രതിഷേധ സമരത്തെ അടിച്ചൊതുക്കുകയും ആയിരത്തിലധികം ആളുകള്‍ പട്ടാളത്തിന്റെ വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തിരുന്നു. അവരെയൊക്കെ വെളിപ്പെടുത്താത്ത കൂട്ട കുഴിമാടങ്ങളില്‍ കൊണ്ട് പോയി കുഴിച്ചിടുകയാണുണ്ടായത്.
മ്യുസിയത്തില്‍ നിന്നിറങ്ങി അല്‍പ്പം അകലെയുള്ള മിനോര്‍ മസ്ജിദിലേക്ക് നടന്നു. 2014 ല്‍ പണികഴിപ്പിച്ച ഒരു പുതിയ പള്ളിയാണ് മിനോര്‍ മസ്ജിദ്. നമസ്‌കാരം ആരംഭിക്കുന്നതിന് മുന്നേ നിരവധി വിശ്വാസികള്‍ പള്ളിയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. എഴുപതു വര്‍ഷം സോവിയറ്റ് യൂനിയനും പതിനഞ്ചു വര്‍ഷം ഇസ് ലാം കരീമോവും മതാനുഷ്ഠാനങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ടെങ്കിലും ഇന്ന് ഉസ്‌ബെക്കിസ്ഥാനില്‍ ഇസ് ലാം തിരിച്ചു വരവിന്റെ പാതയിലാണ്. ആ കാലഘട്ടങ്ങളില്‍ ഹിജാബ് ധരിക്കുന്നതിനോ താടിവയ്ക്കുന്നതിനോ പോലും വിലക്കുണ്ടായിരുന്നു. എന്നാല്‍ ഇന്ന് നല്ലൊരു ശതമാനം ആളുകള്‍ താടിവയ്ക്കുകയും ഹിജാബ് ധരിക്കുകയും ചെയ്യുന്നുണ്ട്. ഞാന്‍ കയറിയ പള്ളികളിലെല്ലാം നിറയെ വിശ്വാസികള്‍ ഉണ്ടായിരുന്നു. അതില്‍ തന്നെ കൂടുതലും യുവാക്കളെയാണ് കാണാന്‍ സാധിച്ചത്. ഒരു നൂറ്റാണ്ടോളം ഒരു ജനതയുടെ ജീവിതത്തില്‍ നിന്നു അവരുടെ മത വിശ്വാസത്തെ അടര്‍ത്തിമാറ്റാന്‍ ശ്രമിച്ചതിന്റെ ഭാഗമായി മത കാര്യങ്ങളില്‍ അറിവില്ലാത്ത ഒരു വിഭാഗം ഉണ്ടെന്നുള്ളത് സത്യമാണ്. പക്ഷേ, അതോടൊപ്പം തന്നെ ആ കാലഘട്ടങ്ങളില്‍ തങ്ങളുടെ വിശ്വാസം മുറുകെ പിടിച്ചവരും ഉണ്ടായിരുന്നു. ഇന്ന് യുവ തലമുറയിലും നല്ലൊരു ശതമാനം ആളുകള്‍ ഇസ്‌ലാമിനെ കുറിച്ച് പഠിക്കുവാനും അത് ജീവിതത്തില്‍ തിരിച്ചുകൊണ്ട് വരാനും ശ്രമിക്കുന്ന കാഴ്ചകള്‍ എല്ലായിടത്തും കാണാം.
വൈകീട്ടോടെ താഷ്‌കെന്റിന്റെ ഹൃദയമായ അമീര്‍ തൈമൂര്‍ സ്‌ക്വയറിലെത്തി. ചെങ്കിസ് ഖാന് ശേഷം ലോകത്തെ വിറപ്പിച്ച അമീര്‍ തൈമൂര്‍ ചക്രവര്‍ത്തി കുതിരപ്പുറത്തേറി നില്‍ക്കുന്ന ഒരു പ്രതിമയുണ്ട് ഇവിടെ. മുമ്പ് ജോസഫ് സ്റ്റാലിന്റെയും കാറല്‍ മാര്‍ക്‌സിന്റേയും പ്രതിമ ഉണ്ടായിരുന്ന സ്ഥലമാണ്. സ്വാതന്ത്ര്യത്തിനു ശേഷം അതെല്ലാം എടുത്തുമാറ്റി അമീര്‍ തൈമൂറിന്റെ പ്രതിമ വയ്ക്കുകയായിരുന്നു. പിറകിലായി ചരിത്രപ്രസിദ്ധമായ 'ഹോട്ടല്‍ ഉസ്‌ബെക്കിസ്ഥാന്‍' കാണാം. സോവിയറ്റ് കാലത്ത് നിര്‍മിച്ച ഹോട്ടല്‍ ഒരുപാട് ചരിത്ര സംഭവങ്ങള്‍ക്കു സാക്ഷിയായ ഒരു സ്ഥലം കൂടിയാണ്. ഇവിടെ വച്ചാണ് ഇന്ത്യയുടെ രണ്ടാമത്തെ പ്രധാന മന്ത്രിയായ ലാല്‍ ബഹദൂര്‍ ശാസ്ത്രി മരണപ്പെടുന്നത്. ഇന്ത്യ-പാകിസ്ഥാന്‍ സമാധാനക്കരാറില്‍ ഒപ്പുവച്ച ശേഷം പിറ്റേന്ന് ഹോട്ടലില്‍ മരിച്ചുകിടക്കുന്നതാണ് കണ്ടത്. സ്വാഭാവിക മരണമാണെന്ന് പറയുന്നുണ്ടെങ്കിലും മരണത്തില്‍ ദുരൂഹതയുണ്ടെന്നു വിശ്വസിക്കുന്നവരും ഉണ്ട്. നേരം ഇരുട്ടിത്തുടങ്ങിയതോടെ റൂമിലേക്ക് മടങ്ങി. പിറ്റേന്ന് രാവിലെ ഉസ്‌ബെക്കിസ്ഥാനിലെ അതിവേഗ ട്രെയിനായ ആഫ്രോസിയാബ് ട്രെയിനില്‍ സമര്‍ഖന്തിലേക്ക് യാത്ര തിരിച്ചു.
സമര്‍ഖന്ത്
തൈമൂറിന്റെ നാടായ സമര്‍ഖന്തില്‍ തൈമൂറിന്റെ മൃതശരീരം അടക്കം ചെയ്ത 'ഗുര്‍ എ അമീര്‍' കോംപ്ലെക്‌സിലേക്കാണ് ആദ്യം പോയത്. പതിനാലാം നൂറ്റാണ്ടില്‍ പേര്‍ഷ്യയും തുര്‍ക്കിയും ഡല്‍ഹിയും സെന്‍ട്രല്‍ ഏഷ്യ മുഴുവനായും കാല്‍കീഴിലാക്കിയ ഒരു ഭരണാധികാരിയാണ് ഇവിടെ അന്തിയുറങ്ങുന്നത്. ചെങ്കിസ് ഖാന്റെ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് ആക്രമിച്ച പ്രദേശങ്ങളില്‍ തലയോട്ടികള്‍ കൊണ്ടുള്ള ടവറുകള്‍ തീര്‍ത്തിട്ടുണ്ട് അമീര്‍ തൈമൂറിന്റെ സൈന്യം. പക്ഷേ, അപ്പോഴും അവിടങ്ങളിലുള്ള വൈദഗ്ധ്യമുള്ള ആളുകളെ കൊന്നുകളയാതെ തന്റെ നാട്ടിലേക്ക് കൊണ്ടുവരാന്‍ അമീര്‍ തൈമൂര്‍ ശ്രദ്ധിച്ചിരുന്നു. അതുപോലെ പ്രതിരോധിക്കാന്‍ മുതിരാതെ കീഴടങ്ങുന്നവര്‍ക്കെതിരേ അക്രമണം അഴിച്ചുവിട്ടിരുന്നില്ല. എന്തിരുന്നാലും അമീര്‍ തൈമൂര്‍ ഇന്ന് ഉസ്‌ബെക്കിസ്താന്റെ നാഷനല്‍ ഹീറോയാണ്. കഴിഞ്ഞുപോയ സോവിയറ്റ് സാമ്രാജ്യത്തെയും പിടിച്ചുകുലുക്കിയ ഒരു കഥ പറയാനുണ്ട് അമീര്‍ തൈമൂറിന്.
1941 ജൂണില്‍ സോവിയറ്റ് ഗവേഷകര്‍ അമീര്‍ തൈമൂറിന്റെ കല്ലറ തുറക്കാനും ബൗദ്ധിക അവശിഷ്ടം പുറത്തെടുക്കാനും വേണ്ടി സമര്‍ഖന്തിലെത്തി. വിവരമറിഞ്ഞ പ്രദേശവാസികള്‍ കല്ലറ തുറക്കുന്നത് അപകടമാണെന്നും അമീര്‍ തൈമൂറിന്റെ ശാപം ഉണ്ടാവുമെന്ന് താക്കീത് ചെയ്‌തെങ്കിലും അതൊന്നും വകവയ്ക്കാതെ ജൂണ്‍ 19ന് സോവിയറ്റ് ഗവേഷകര്‍ കല്ലറ തുറന്നു. അതില്‍ ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു. 'ഞാന്‍ ഉയിര്‍ത്തെഴുന്നേറ്റാല്‍ ലോകം കിടുകിടാ വിറക്കും. ആരാണോ എന്റെ ശവക്കല്ലറ തുറക്കുന്നത് അവര്‍ എന്നേക്കാള്‍ വലിയ ആക്രമണകാരിയെ നേരിടേണ്ടി വരും.' സ്വാഭാവികമായും ഇതൊക്കെ അന്ധവിശ്വാസമാണെന്ന് പറഞ്ഞുകൊണ്ട് ഗവേഷകര്‍ അമീര്‍ തൈമൂറിന്റെ ബൗദ്ധികാവശിഷ്ടം പുറത്തെടുക്കുകയും പഠനത്തിനായി മോസ്‌കോയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. എന്നാല്‍ കൃത്യം രണ്ട് ദിവസത്തിന് ശേഷം ലോകത്തെ ഞെട്ടിച്ച് ഹിറ്റ്‌ലറും ജര്‍മനിയും സോവിയറ്റ് യൂനിയനെ ആക്രമിക്കുന്ന കാഴ്ചയാണ് കണ്ടത്. ആക്രമിച്ചു മുന്നേറിയ ജര്‍മന്‍ സൈന്യം മോസ്‌കോയുടെ അടുത്തുവരെ എത്തുകയുണ്ടായി. എന്നാല്‍ കാലാവസ്ഥ മോശമായതോടെ ജര്‍മനിക്കു മുന്നേറാന്‍ കഴിയാതെ വരികയും സോവിയറ്റ് സൈന്യം തിരിച്ചടിച്ച്, നഷ്ടപ്പെട്ട പ്രദേശങ്ങള്‍ തിരിച്ചു പിടിക്കുകയും ചെയ്തു. മൂന്ന് കോടിയോളം ആളുകളെയാണ് ഈ യുദ്ധത്തില്‍ റഷ്യയ്ക്ക് നഷ്ടപ്പെട്ടത്. യുദ്ധം തുടങ്ങി ഒരു വര്‍ഷത്തിന് ശേഷം സ്റ്റാലിന്റെ ഉത്തരവ് പ്രകാരം അമീര്‍ തൈമൂറിന്റെ ബൗദ്ധികാവശിഷ്ടം സമര്‍ഖന്തിലേക്ക് തന്നെ തിരിച്ചുകൊണ്ടു പോയി. അങ്ങനെ 1942 ഡിസംബര്‍ 20ന് ഗുര്‍ എ അമീറില്‍ തന്നെ വീണ്ടും അമീര്‍ തൈമൂറിന്റെ ബൗദ്ധികാവശിഷ്ടം അടക്കം ചെയ്തു. ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ സ്റ്റാലിന്‍ ഗ്രാഡില്‍ നടന്ന ഘോര യുദ്ധത്തില്‍ സോവിയറ്റ് സൈന്യം വിജയിക്കുകയും റഷ്യന്‍ മണ്ണില്‍ ജര്‍മന്‍ സൈന്യത്തിന്റെ തോല്‍വി പൂര്‍ണമായതും മറ്റൊരു ചരിത്രം. ഇതൊക്കെ യാദൃച്ഛികതയായി പറയാമെങ്കിലും അമീര്‍ തൈമൂറിന്റെ കല്ലറയില്‍ എഴുതിയ കാര്യങ്ങള്‍ എങ്ങനെ ഇത്ര കൃത്യമായി സംഭവിച്ചു എന്ന ചോദ്യം ഇന്നും ഉത്തരമില്ലാത്ത ചോദ്യമായി തുടരുന്നു.
ഗുര്‍ എ അമീറില്‍ നിന്നു സമര്‍ഖന്തിന്റെ മുഖമുദ്രയായ റെഗിസ്താന്‍ സ്‌ക്വയറിലേക്കാണ് പോയത്. നടുവില്‍ തില്ലിയ കോറി മദ്രസ്സയും ഇടതും വലതും മുഖാമുഖം നോക്കി നില്‍ക്കുന്ന ഉലുഗ്‌ബെഗ് മദ്രസ്സയും ഷേര്‍ദോര്‍ മദ്രസ്സയുമാണ് ഇവിടെയുള്ളത്. വിവിധ വിഷയങ്ങളില്‍ പഠനങ്ങള്‍ നടന്നിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് എല്ലാം. അക്കാലത്ത് വിദ്യാഭ്യാസ രംഗത്ത് എത്രമാത്രം പുരോഗതി കൈവരിച്ചിരുന്നു എന്നതിന്റെ ഉദാഹരണങ്ങള്‍. അവിടെ നിന്നു കുറച്ചകലെയുള്ള അമീര്‍ തൈമൂറിന്റെ ഭാര്യയായ ബീബി ഖാനത്തിന്റെ മഖ്ബറയും പള്ളിയും കണ്ട ശേഷം സമര്‍ഖന്തിലെ ആദ്യത്തെ പള്ളിയായ ഹസ്‌റത് കിസ്ര്‍ മസ്ജിദിലേക്ക് പോയി. എട്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ച പള്ളിയാണ്. സ്വതന്ത്ര ഉസ്‌ബെക്കിസ്താന്റെ ആദ്യ പ്രസിഡന്റ് ഇസ്‌ലാം കരീമോവിന്റെ മൃതശരീരം ഇവിടെയാണ് മറവു ചെയ്തിരിക്കുന്നത്. അതെല്ലാം കണ്ട ശേഷം ശാഹി സിന്താ കോംപ്ലക്‌സിലേക്ക് നടന്നു. അമീര്‍ തൈമൂറിന്റെ അടുത്ത ബന്ധുക്കളുടെയും പടത്തലവന്മാരുടെയും മഖ്ബറകളാണ് ഇവിടെയുള്ളത്. എന്നാല്‍ വളരെ പ്രധാനപ്പെട്ട മറ്റൊരാളുടെ ഖബര്‍ കൂടിയുണ്ട് ഇവിടെ. പ്രവാചകന്‍ മുഹമ്മദ്(സ)യുടെ ബന്ധുവായ ഖുസാം ഇബ്ന്‍ അബ്ബാസ്. ഏഴാം നൂറ്റാണ്ടില്‍ ഇസ്‌ലാമിന്റെ പ്രചാരണാര്‍ഥം സമര്‍ഖന്തിലെത്തിയതായിരുന്നു കുസാം. പിന്നീട് മരണശേഷം ഇവിടെയാണ് മറവു ചെയ്തതെന്ന് കരുതപ്പെടുന്നു. ശാഹി സിന്തായില്‍ നിന്നിറങ്ങി ഉലുഗ്‌ബെഗ് ഒബ്‌സര്‍വേറ്ററിയിലേക്ക് പോയി. പതിനഞ്ചാം നൂറ്റാണ്ടില്‍ അമീര്‍ തൈമൂറിന്റെ പേരമകനായ മിര്‍സ ഉലുഗ്‌ബെഗ് ആണ് വാനനിരീക്ഷണത്തിനു വേണ്ടി ഇവിടെ ഒരു ഒബ്‌സര്‍വേറ്ററി സ്ഥാപിക്കുന്നത്. പിതാമഹന്‍ രാജ്യങ്ങള്‍ കീഴടക്കിയ ഒരു കോണ്‍കറര്‍ ആണെങ്കില്‍ പേരമകന്‍ അസ്‌ട്രോണമിയിലും മാത്തമാറ്റിക്‌സിലുമൊക്കെ പാണ്ഡിത്യം നേടിയ ഒരു ശാസ്ത്രജ്ഞന്‍ ആയിരുന്നു. നിരവധി ശാസ്ത്രജ്ഞരാണ് ഉലുഗ്‌ബെഗ് ഒബ്‌സര്‍വേറ്ററിയില്‍ നിന്നു ഗവേഷണങ്ങള്‍ നടത്തിയിരുന്നത്. സൂര്യനെ കുറിച്ചും ചന്ദ്രനെ കുറിച്ചും ഗ്രഹങ്ങളെ കുറിച്ചും നക്ഷത്രങ്ങളെ കുറിച്ചുമെല്ലാം പഠനങ്ങള്‍ നടന്നിരുന്നു. കാലക്രമേണ നശിച്ചുപോയ ഒബ്‌സര്‍വേറ്ററി ഏകദേശം നൂറു വര്‍ഷം മുമ്പ് മാത്രമാണ് കണ്ടെത്തുന്നത്. അപ്പോഴേക്കും ഏറെക്കുറെ നശിച്ചു പോയ ഒബ്‌സര്‍വേറ്ററിയുടെ ഒരു ഭാഗം മാത്രമാണ് ഖനനം ചെയ്‌തെടുക്കാന്‍ കഴിഞ്ഞത്. ഇന്ന് അത് സമര്‍ഖന്തിന്റെ കഴിഞ്ഞുപോയ സുവര്‍ണ കാലഘട്ടത്തിന്റെ ശേഷിപ്പായി നിലനില്‍ക്കുന്നു.
ബുഖാറ
സമര്‍ഖന്ദില്‍ നിന്നു 250 ല്‍ അധികം കിലോമീറ്ററുണ്ട് ബുഖാറയിലേക്ക്. ട്രെയിന്‍ മാര്‍ഗം മൂന്ന് മണിക്കൂര്‍ കൊണ്ട് ബുഖാറയിലെത്തി. സമര്‍ഖന്ത് പോലെ തന്നെ വളരെ ചരിത്രപ്രാധാന്യമുള്ള സ്ഥലമാണ് ബുഖാറയും. പുരാതന സില്‍ക്ക് പാതയിലെ പ്രധാന നഗരം. അക്കാലത്തെ വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ചയുടെ അടയാളങ്ങളായ മദ്രസ്സകള്‍ ഇവിടെയും ധാരാളമായി കാണാം. വൈദ്യശാസ്ത്ര രംഗത്ത് ഒരുപാട് സംഭാവനകള്‍ ചെയ്ത ഇബ്ന്‍ സീനയും ഹദീസ് പണ്ഡിതന്‍ ഇമാം ബുഖാരിയും ബുഖാറയില്‍ നിന്നുള്ളവരായിരുന്നു. കൂകല്‍ദാശ് മദ്രസ്സ, മീര്‍ ഇ അറബ് മദ്രസ്സ, കലോന്‍ മസ്ജിദ്, കലോന്‍ മിനാരം, ആര്‍ക് ഓഫ് ബുഖാറ അങ്ങനെ ചരിത്രമുറങ്ങുന്ന ഒരുപാട് സ്ഥലങ്ങള്‍ ഇപ്പോഴും ബുഖാറയിലുണ്ട്. അതില്‍ എന്നെ ഇരുത്തി ചിന്തിപ്പിച്ച ഒരു സ്ഥലം ലിയാബി ഹൗള് എന്ന ഒരു കുളമാണ്. ചിന്തിപ്പിക്കാന്‍ കാരണമായി ഒരു ചരിത്രം പറയാനുണ്ട് ലിയാബി ഹൗളിന്.
പതിനേഴാം നൂറ്റാണ്ടില്‍ അന്നത്തെ ബുഖാറയുടെ വസീര്‍ ആയിരുന്ന നാദിര്‍ ദിവാന്‍ ബേഗിയാണ് ഇവിടെ ഒരു മദ്രസ്സയും സൂഫികള്‍ക്ക് വേണ്ടി ഒരു ആശ്രമവും പണിയുന്നത്. അതിന്റെ ഇടയിലുള്ള സ്ഥലത്ത് ഒരു കുളം നിര്‍മിക്കാന്‍ ഉദ്ദേശിച്ചെങ്കിലും ആ സ്ഥലം ഒരു ജൂത സ്ത്രീയുടെ ഉടമസ്ഥതയിലായിരുന്നു. വസീര്‍ ജൂത സ്ത്രീയെ സമീപിച്ച് കൊണ്ട് ആ സ്ഥലം വില്‍ക്കുമോ എന്ന് ചോദിച്ചെങ്കിലും ആദ്യം ജൂത സ്ത്രീ അതിന് തയ്യാറായില്ല. പക്ഷേ പിന്നീട് പകരമായി വീട് വയ്ക്കാന്‍ ഒരു സ്ഥലവും അവിടെ ജൂത സിനഗോഗ് പണിയാനുള്ള അനുവാദവും നല്‍കിയാല്‍ സ്ഥലം വിട്ടുതരാം എന്ന് ജൂത സ്ത്രീ പറഞ്ഞപ്പോള്‍ വസീര്‍ അത് സമ്മതിച്ചു. അങ്ങനെയാണ് ഇവിടെ ഒരു കുളം നിര്‍മിക്കുന്നത്. ആ കാലഘട്ടങ്ങളില്‍ ജൂതര്‍ക്ക് മുസ് ലിം നാടുകളില്‍ സുരക്ഷിതത്വവും നീതിയും ലഭിച്ചിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. താരിഖ് ബിന്‍ സിയാദും കൂട്ടരും മൊറോക്കോയില്‍ നിന്ന് സ്‌പെയിനിലേക്കു പ്രവേശിച്ചപ്പോള്‍ അവിടെയുള്ള ജൂതര്‍ അവരെ വിമോചകരായിട്ടാണല്ലോ കണ്ടത്. അന്ന് യൂറോപ്പില്‍ ജൂതര്‍ക്ക് കൊടിയ പീഡനങ്ങള്‍ നേരിടേണ്ടി വന്നപ്പോള്‍ മുസ് ലിം നാടുകളില്‍ അവര്‍ സമാധാനത്തോടെ ജീവിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് സയണിസ്റ്റുകളുടെയും ബ്രിട്ടന്റെയും ഗൂഢാലോചനയുടെ ഭാഗമായി ഫലസ്തീനില്‍ നിന്നു ഫലസ്തീനികളെ ആട്ടിയോടിക്കുകയും അവരുടെ ഭൂമി കൈയേറിക്കൊണ്ട് അവിടെ ഒരു ജൂത രാഷ്ട്രം സ്ഥാപിക്കുന്ന കാഴ്ചയുമാണ് നമ്മള്‍ കണ്ടത്. ഇന്ന് തങ്ങള്‍ക്ക് അഭയം നല്‍കിയ ഒരു വിഭാഗത്തെ തന്നെ നിരന്തരം ആക്രമിക്കുകയും അവരുടെ ഭൂമി കൈയേറുകയും അവരുടെ ആരാധനാലയങ്ങളെ നിന്ദിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ ബുഖാറയിലെ ജൂത സ്ത്രീയെ കുറിച്ച് ഓര്‍ത്തുപോവുന്നു. അന്ന് അവര്‍ പണിത ജൂത സിനഗോഗ് ഇന്നും ബുഖാറയിലെ തെരുവില്‍ കാണാം.
ബുഖാറയില്‍ നിന്നു രാത്രി ട്രെയ്‌നില്‍ ഖീവയിലേക്ക് യാത്ര തിരിച്ചു. ഏകദേശം 450 ഓളം കിലോമീറ്ററുണ്ട് ബുഖാറയില്‍ നിന്നു ഖീവയിലേക്ക്. രാത്രി ട്രെയിന്‍ കയറിയാല്‍ രാവിലെ ഖീവയില്‍ എത്താം. ഇടയില്‍ വിശാലമായ മരുഭൂമിയല്ലാതെ വേറെ കാഴ്ചകളൊന്നുമില്ല. രാവിലെ ഏകദേശം ഏഴു മണിയോടെ ട്രെയിന്‍ ഖീവയിലെത്തി.
ഖീവ
സമര്‍ഖന്ത് പോലെയോ ബുഖാറ പോലെയോ ഉള്ള ഒരു വലിയ നഗരമല്ല ഖീവയും 'ഇച്ഛന്‍ കാല' എന്ന പുരാതന നഗരവും. വളരെ ചെറിയ ചുറ്റളവിലുള്ള ഈ നഗരം പക്ഷേ, വേറിട്ട് നില്‍ക്കുന്നത് ഇവിടെയുള്ള പുരാതന നിര്‍മിതികളുടെയും അതിനെയെല്ലാം സംരക്ഷിച്ചു ഒരു പുരാതന നഗരമായിത്തന്നെ നിലനിര്‍ത്തിയിരിക്കുന്നത് കൊണ്ടുമാണ്. അല്‍ജിബ്രയുടെ പിതാവെന്ന് അറിയപ്പെടുന്ന അല്‍ ഖ്വാരസ്മിയുടെ നാടായ പഴയ ഖ്വാരസം പ്രദേശത്തിലാണ് ഖീവ സ്ഥിതി ചെയ്യുന്നത്.
ഒരുപാട് പഴയ കെട്ടിടങ്ങളും വീടുകളുമുള്ള ഖീവയിലെ പ്രധാന ആകര്‍ഷണം കല്‍ത്താ മിനാരമാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ പണി ആരംഭിച്ച മിനാരം യാഥാര്‍ത്ഥത്തില്‍ 70 മീറ്റര്‍ ഉയരമായിരുന്നു ഉദ്ദേശിച്ചിരുന്നത്. പക്ഷേ, 25 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന സമയം ഖീവയിലെ ഭരണാധികാരിയായിരുന്ന മുഹമ്മദ് അമീന്‍ ഖാന്‍ മരണപ്പെടുകയും മിനാരത്തിന്റെ പണി പാതി വഴിയില്‍ ഉപേക്ഷിക്കുകയുമായിരുന്നു. നീലയും പച്ചയും നിറത്തില്‍ മിനാരം കാണാന്‍ നല്ല ചന്തമാണ്. അതിനോട് ചേര്‍ന്ന് തന്നെ മുഹമ്മദ് അമീന്‍ ഖാന്‍ മദ്രസ്സയുമുണ്ട്. മറ്റൊരു പ്രധാനപ്പെട്ട സ്ഥലമാണ് പഹല്‍വാന്‍ മഹ്മൂദിന്റെ മഖ്ബറ. പേര് പോലെ തന്നെ മഹ്മൂദ് ഒരു പഹല്‍വാന്‍ ആയിരുന്നു. പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ച പഹല്‍വാന്‍ മഹ്മൂദ് ഒരു കവിയും സൂഫിയും കൂടിയാണ്. പേര്‍ഷ്യയും കടന്നു ഇന്ത്യ വരെ മഹ്മൂദിന്റെ മഹിമ പരന്നിരുന്നു എന്നാണ് പറയപ്പെടുന്നത്. ഉസ്‌ബെക്കുകള്‍ ഇത് പോലെയുള്ള മഹാന്മാരുടെ മഖ്ബറകള്‍ വളരെ ആദരവോടെയാണ് കാണുന്നത്. ഞാന്‍ സന്ദര്‍ശിച്ച എല്ലാ മഖ്ബറകളിലും ഉസ്‌ബെക്കുകള്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഓതുന്നതും പ്രാര്‍ത്ഥിക്കുന്നതും കണ്ടിരുന്നു. പ്രാര്‍ത്ഥനകള്‍ മഖ്ബറകളോട് ആവാതിരിക്കാന്‍ ചിലയിടങ്ങളില്‍ പുറത്ത് പ്രത്യേകം നിര്‍ദേശം എഴുതിവച്ചിട്ടുമുണ്ട്.
ഇച്ഛന്‍ കാലയിലെ പ്രധാനപ്പെട്ട മറ്റൊരു സ്ഥലമാണ് ജുമാ മസ്ജിദ്. പത്താം നൂറ്റാണ്ട് മുതലുള്ള പള്ളിയാണ്. അവസാനമായി പത്തൊന്‍പതാം നൂറ്റാണ്ടിലാണ് പുതുക്കിപ്പണിതത്. അതില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താതെ ഇന്നും നിലനിര്‍ത്തിയിട്ടുണ്ട്. പക്ഷേ, ഇവിടെ ഇപ്പോള്‍ നമസ്‌കാരങ്ങള്‍ നടക്കുന്നില്ല. മറ്റൊരു ആകര്‍ഷണം ഇസ് ലാം ഖോജാ മിനാരമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പണിത മിനാരത്തിന് അത്യാവശ്യം നല്ല ഉയരമുണ്ട്. അതിനോട് ചേര്‍ന്ന് തന്നെ ഇസ് ലാം ഖോജാ മദ്രസ്സയുമുണ്ട്. വെറും ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് ഇതെല്ലാം സ്ഥിതി ചെയ്യുന്നത്. ടൂറിസ്റ്റുകളെ കാത്ത് നിരവധി കടകളുണ്ട് വഴിയോരങ്ങളില്‍. അതെല്ലാം കണ്ടുകൊണ്ട് ഇച്ഛന്‍ കാലയിലെ തെരുവുകളിലൂടെ നടക്കാന്‍ നല്ല രസമാണ്. ഒരു ദിവസം ഖീവയില്‍ കറങ്ങിനടന്ന ശേഷം പിറ്റേന്ന് ട്രെയിന്‍ മാര്‍ഗം താഷ്‌കെന്റിലേക്ക് മടങ്ങി.
ഒരാഴ്ച കൊണ്ട് ഒരുപാട് ദൂരം സഞ്ചരിച്ചിരിക്കുന്നു. ആയിരം കിലോമീറ്ററും നാല് പ്രദേശങ്ങളും പിന്നിടുമ്പോള്‍ ഉസ്‌ബെക്കിസ്താന്റെ ചരിത്രങ്ങളിലൂടെയും വര്‍ത്തമാനങ്ങളിലും കൂടിയാണ് സഞ്ചരിച്ചത്. യാത്രകള്‍ നമുക്ക് പുതിയ അറിവുകളും പുതിയ കാഴ്ചപ്പാടുകളും സമ്മാനിക്കുന്നു. ജീവിതയാത്രയിലെ മുന്നോട്ടുള്ള സഞ്ചാരത്തില്‍ അതെല്ലാം നമ്മുടെ വഴികാട്ടിയായി മാറിയേക്കാം. ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. ചരിത്രം കടന്നു വന്ന വഴികളിലൂടെയെല്ലാം ഇനിയും നടക്കാനിറങ്ങണം.