സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വന്ദേഭാരതില്‍ സഞ്ചരിക്കാന്‍ യാത്രാബത്ത; ഉത്തരവിറക്കി കേരള സര്‍ക്കാര്‍

Update: 2024-01-16 07:06 GMT

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനു കീഴിലെ അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കും ഗ്രേഡ് ഒന്ന് ഉദ്യോഗസ്ഥര്‍ക്കും വന്ദേഭാരത് ട്രെയിനില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് സഞ്ചരിക്കാന്‍ യാത്രാബത്ത അനുവദിച്ച് ഉത്തരവായി. ഇതിനായി കേരള സര്‍വീസ് റൂള്‍സ് ഭാഗം രണ്ടിലെ യാത്രാബത്ത ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചു. 77,200-1,40,500 ശമ്പള സ്‌കെയിലിലും അതിനു മുകളിലുമുള്ള ഉദ്യോഗസ്ഥര്‍ക്കും അഖിലേന്ത്യ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കും എക്‌സിക്യുട്ടീവ് ചെയര്‍കാറിലും ഇതിനു താഴെ ശമ്പള സ്‌കെയിലുള്ള ഗ്രേഡ് ഒന്ന് ഉദ്യോഗസ്ഥര്‍ക്ക് ചെയര്‍ കാറിലും യാത്ര ചെയ്യാം. യാത്രയുടെ ഭാഗമായുള്ള കണ്‍വെയ്ന്‍സ് ഫീസ്, ഏജന്റ്‌സ് സര്‍വീസ് ചാര്‍ജ് തുടങ്ങിയവ അനുവദിക്കും. എന്നാല്‍ യാത്രയുടെ ഭാഗമായുള്ള കാറ്ററിങ് ചാര്‍ജ്, ട്രാവല്‍ ഇന്‍ഷ്വറന്‍സ് പ്രീമിയം എന്നിവ അനുവദിക്കില്ല. യാത്രാബത്ത ക്ലെയിം ചെയ്യുമ്പോള്‍ യാത്രാ ടിക്കറ്റിന്റെ അസല്‍ ബില്ലും സമര്‍പ്പിക്കണമെന്നും ധനവകുപ്പ് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു. വന്ദേഭാരത് കേരളത്തില്‍ ഓടിത്തുടങ്ങി മാസങ്ങളായെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഔദ്യോഗികയാത്രയ്ക്ക് ബത്ത അനുവദിച്ചിരുന്നില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ യാത്രചെയ്യാനും ബത്ത വേണമെന്ന ആവശ്യം ഉദ്യോഗസ്ഥരില്‍ നിന്നുയര്‍ന്നതോടെയാണ് ധനകാര്യ മന്ത്രാലയം തീരുമാനമെടുത്തത്.

Tags:    

Similar News