ആറ് ദിവസം നിയമ വിരുദ്ധ തടങ്കല്‍; പരാതിക്കാര്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ 50,000 രൂപ വീതം നല്‍കണമെന്ന് ബോംബെ ഹൈക്കോടതി
നിയമവിരുദ്ധമായി തടങ്കലില്‍ പാര്‍പ്പിച്ചതിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അരുണ്‍ തഗാദ്, ഷൈലേന്ദ്ര തഗാദ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
മുംബൈ: നിയമ വിരുദ്ധമായി ആറ് ദിവസം തടവില്‍ പാര്‍പ്പിച്ചു എന്ന പരാതിയില്‍ രണ്ട് പേര്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ 50,000 രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് ബോംബെ ഹൈക്കോടതി. നിയമവിരുദ്ധമായി തടങ്കലില്‍ പാര്‍പ്പിച്ചതിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അരുണ്‍ തഗാദ്, ഷൈലേന്ദ്ര തഗാദ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ജഡ്ജിമാരായ തനാജി വി നലവാടെ, മുകുന്ദ് ജി സെവില്‍കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
2013ല്‍ ബീഡ് ജില്ലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 35 വയസ്സുകാരിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബീഡ് റൂറല്‍ പോലിസാണ് ഇരുവര്‍ക്കുമെതിരേ കേസെടുത്തത്. 2013 ജനുവരി 28നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഒരു തര്‍ക്കത്തിനിടെ തന്നെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് യുവതി യുവാക്കള്‍ക്കെതിരേ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി 323, 324, 504, 506 വകുപ്പുകള്‍ ചുമത്തി 2013 ജനുവരി 30ന് യുവാക്കളെ അറസ്റ്റ് ചെയ്തു. ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ യുവാക്കളെ കോടതി ജാമ്യത്തില്‍ വിട്ടു. എന്നാല്‍, കോടതിയില്‍ നിന്ന് പുറത്തിറങ്ങിയ ഉടനെ പോലിസ് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ യുവാക്കള്‍ക്ക് 25000 രൂപയുടെ ബോണ്ടില്‍ ഇടക്കാല ജാമ്യം അനുവദിച്ചു. നടപടിക്രമങ്ങള്‍ വൈകിയതോടെ ഫെബ്രുവരി അഞ്ച് വരെ യുവാക്കളെ തടവില്‍ വയ്ക്കുകയായിരുന്നു. ഇതിനെതിരേയാണ് യുവാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്. യുവാക്കള്‍ക്ക് 50,000 രൂപവീതം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു.