ഇതര ജാതിയില്‍പെട്ട യുവതിയുമായി സൗഹൃദം: ദലിത് യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച് തല പാതി മുണ്ഡനം ചെയ്തു, ചെരുപ്പുമാല അണിയിച്ചു

യുവതിയുടെ പിതാവ് ഉള്‍പ്പെടെയുള്ളവരാണ് യുവാക്കളെ മര്‍ദിച്ചത്. സംഭവത്തില്‍ യുവതിയുടെ പിതാവ് ഉള്‍പ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു.

Update: 2021-06-02 01:12 GMT

ജബല്‍പുര്‍: മധ്യപ്രദേശിലെ ജബല്‍പുരില്‍ ഇതരസമുദായത്തിലെ യുവതിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ രണ്ട് ദലിത് യുവാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം. 19കാരനായ യുവാവും അദ്ദേഹത്തിന്റെ സുഹൃത്തുമാണ് ആക്രമണത്തിനിരയായത്.

യുവതിയുടെ പിതാവ് ഉള്‍പ്പെടെയുള്ളവരാണ് യുവാക്കളെ മര്‍ദിച്ചത്. സംഭവത്തില്‍ യുവതിയുടെ പിതാവ് ഉള്‍പ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. മേയ് 22നാണ് സംഭവം നടന്നത്. ഒബിസി സമുദായത്തിലെ സ്വാധീനമുള്ള കുടുംബത്തില്‍നിന്നുള്ള 19കാരിയുമായി മര്‍ദ്ദനമേറ്റ യുവാവ് സൗഹൃദത്തിലായിരുന്നു.

ഇത് പെണ്‍കുട്ടിയുടെ വീട്ടില്‍ അറിഞ്ഞതോടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പെണ്‍കുട്ടിയെ വീട്ടുകാര്‍ അനുവദിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയുമായി ഫോണില്‍ സംസാരിക്കാനായി സുഹൃത്തിന്റെ ഫോണ്‍ കടംവാങ്ങി യുവാവ് പെണ്‍കുട്ടിക്ക് എത്തിച്ചു നല്‍കി. ഇത് പെണ്‍കുട്ടിയുടെ അച്ഛന്‍ കണ്ടെത്തി.

തുടര്‍ന്ന് യുവാവിനെയും സുഹൃത്തിനേയും വീട്ടിലെത്തിച്ച് പെണ്‍കുട്ടിയുടെ പിതാവും ബന്ധുക്കളും ചേര്‍ന്ന് മര്‍ദ്ദിക്കുകയും തല പാതി മുണ്ഡനം ചെയ്യുകയും അര്‍ധനഗ്‌നരാക്കി ചെരുപ്പുമാല അണിയിക്കുകയുമായിരുന്നു. പോലിസിനെ അറിയിച്ചാല്‍ കൊല്ലുമെന്നും സംഘം ഭീഷണിപ്പെടുത്തിയതായി പരാതിയിലുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പോലിസ് ഇടപെടുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ ഉള്‍പ്പെടെ നാലു പേരെ അറസ്റ്റ് ചെയ്തതായും ഇവര്‍ക്കെതിരേ എസ്‌സി / എസ്ടി വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തി അറസ്റ്റ് ചെയ്തതായും പോലിസ് അറിയിച്ചു.

Tags:    

Similar News